ഉണ്ണിയപ്പച്ചട്ടിക്കുള്ളില്‍ ഒന്നര കിലോ  സ്വര്‍ണം; യുവതി അറസ്റ്റില്‍

കോഴിക്കോട്- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. കോഴിക്കോട് പെരുവയല്‍ സ്വദേശി ബീന മുഹമ്മദ് ആസാദ് (43) ആണ് പിടിയിലായത്. 95 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
അപ്പച്ചട്ടിക്കുള്ളില്‍ ഡിസ്‌ക് രൂപത്തിലാക്കിയ നിലയിലായിരുന്നു സ്വര്‍ണം. 1.5 കിലോഗ്രാം തൂക്കം വരുന്നതായിരുന്നു സ്വര്‍ണം. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും ചേര്‍ന്നുനടത്തിയ പരിശോധനയിലാണ് പിടികൂടിയത്.ദുബായില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് ബീന കോഴിക്കോട് എത്തിയത്. നേരത്തേ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിക്കുള്ളില്‍ സംശയകരമായ രീതിയില്‍ ഡിസ്‌ക് കണ്ടെത്തുകയായിരുന്നു. ഉപകരണം അഴിച്ചു നടത്തിയ പരിശോധനയിലാണ് ഡിസ്‌ക് രൂപത്തിലാക്കിയ സ്വര്‍ണം കണ്ടെത്തിയത്.

Latest News