ജിദ്ദ-വല്ലപ്പോഴും ചീറിപ്പാഞ്ഞു പോയിരുന്ന മോട്ടോര്‍ ബൈക്കുകള്‍ കണ്ടിരുന്ന സൗദി അറേബ്യയിലെ റോഡുകളില്‍ ഇപ്പോള്‍ തലങ്ങും വിലങ്ങും ബൈക്കുകളാണ്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ചങ്കിടിപ്പ് നല്‍കിക്കൊണ്ടാണ് ബൈക്കുകളുടെ കുതിപ്പ്.
തിരക്കേറിയ റോഡുകളില്‍ ബൈക്കുകള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ മനസ്സിലാക്കിയാണ് ട്രാഫിക് പോലീസ് ബൈക്ക് യാത്രക്കാര്‍ക്ക് നേരത്തെ തന്നെ നിലവിലുള്ള വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങുന്നത്.
പുതിയ മോഡല്‍ കാറുകളും മറ്റു വാഹനങ്ങളും മാത്രം സ്ഥാനം പിടിച്ചിരുന്ന റോഡുകളില്‍ നേരത്തെ വല്ലപ്പോഴും മാത്രമാണ് മോട്ടോര്‍ ബൈക്കുകളുടെ ഇരമ്പലുകള്‍ കേട്ടിരുന്നത്. അങ്ങനെ മത്സരിച്ച് പോകുന്ന ബൈക്കുകള്‍ കൗതുകക്കാഴ്ചയുമായിരുന്നു.
കാറുകളിലും മറ്റും നടത്തിയിരുന്ന ഹോം ഡെലിവറികള്‍ ഭൂരിഭാഗവും ബൈക്കിലേക്ക് മാറിയതാണ് പൊടുന്നനെ സൗദി റോഡുകള്‍ മോട്ടോര്‍ സൈക്കിളുകള്‍ കീഴടക്കാന്‍ കാരണം. ഇവയില്‍ ഫുഡ് ഡെലിവറിക്കായി കുതിച്ചു പായുന്ന ബൈക്കുകളാണ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരു പോല ഭീഷണി ഉയര്‍ത്തുന്നത്. ഏറ്റവും വലിയ അപകടഭീഷണി അവ ഓടിക്കുന്നവര്‍ക്കു തന്നെയാണ്.
ഓര്‍ഡര്‍ ചെയ്ത ഫുഡ് എത്രയും വേഗം എത്തിക്കുന്നതിനാണ് ബൈക്കുകള്‍ ഇങ്ങനെ കുതിച്ചുപായുന്നത്. ചില ട്രാഫിക് സിഗ്നലുകളില്‍ കാത്തുകഴിയുന്ന അഞ്ചും ആറും ബൈക്കുകള്‍ മത്സരിച്ച് പായുന്നത് ശ്വാസമടക്കിയേ കാണാന്‍ കഴിയൂ.
ബൈക്കുകള്‍ക്ക് പ്രത്യേക ട്രാക്കുകള്‍ തന്നെ അനിവാര്യമാണെന്നാണ് നിരവധി കാറുടമകളും ഡ്രൈവര്‍മാരും അഭിപ്രായപ്പെടുന്നത്. സമീപ ഭാവിയില്‍തന്നെ ബൈക്കുകള്‍ക്ക് കടിഞ്ഞാണിടുമെന്നു തന്നെയാണ് പലരും പ്രതീക്ഷിക്കുന്നത്. ഇതിന്റെ തുടക്കമാണ് ബൈക്ക് യാത്രക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശം. ബൈക്കോടിക്കുന്നവരുടെ തന്നെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നിര്‍ദേശങ്ങള്‍.
സൗദി അറേബ്യയില്‍ ഇ-ബൈക്ക് വിപണി വളരെ വേഗമാണ് വളര്‍ച്ച കൈവരിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തിനകം ഈ മാര്‍ക്കറ്റ് 5.62 ശതമാനം കൂടി വളര്‍ച്ച കൈവരിക്കുമെന്നാണ് വിപണി നിരീക്ഷകര്‍ കണക്കാക്കുന്നത്. യാത്രാ ചെലവ് കുറക്കുന്നതിന് വിവിധ രാജ്യക്കാരായ ധാരാളം പ്രവാസികള്‍ ഇപ്പോള്‍ ഇ ബൈക്ക് ആശ്രയിക്കുന്നുണ്ട്. പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൗദി അധികൃതര്‍ ഈ മാറ്റത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പരിസ്ഥിതി സൗഹൃദ യാത്രാ മാര്‍ഗങ്ങളുടെ സ്വീകാര്യത ലോകത്തിന്റെ പലഭാഗത്തുമെന്നതു പോലെ സൗദിയിലും വര്‍ധിച്ചുവരികയാണ്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതടക്കമുള്ള പരിസ്ഥിതി സംരക്ഷണ ആവശ്യങ്ങള്‍ ഇ ബൈക്ക് വിപണിയെ ഇനിയും ശക്തിപ്പെടുത്തും.
ഇലക്ട്രിക്ക് മോട്ടോര്‍ ഘടിപ്പിച്ച ഇലക്ട്രിക്ക് സൈക്കിളുകളാണ് ഇ ബൈക്കുകള്‍. ഭാരക്കുറവും അത്യാധുനിക ബാറ്ററി സാങ്കേതിക വിദ്യയും ഇപ്പോള്‍ ഇത്തരം ബൈക്കുകളില്‍ ലഭ്യമാണ്. വിദേശി ജോലിക്കാര്‍ സ്ഥാപനങ്ങള്‍ക്കു മുന്നിലെത്തി ഇ ബൈക്കുകള്‍ മടക്കിക്കൂട്ടി എടുത്ത് അകത്തേക്ക് കൊണ്ടു പോകുന്നതു കാണാം. സുസ്ഥിരമായ ഹരിത ഗതാഗത സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സൗദി അറേബ്യ ഇ-ബൈക്കുകളുടെ ഇറക്കുമതിയും ഉദാരമാക്കിയിട്ടുണ്ട്.
മദീനയില്‍ മസ്ജിദുന്നബവിക്ക് ചുറ്റും സൈക്കിള്‍ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രത്യേക ട്രാക്കുപോലെ സമീപ ഭാവിയില്‍ മറ്റു നഗരങ്ങളിലും ബൈസിക്കിള്‍ പാത്തുകള്‍ ആരംഭിക്കുമെന്ന കാര്യത്തിലും സംശയമില്ല.
ബൈക്ക് യാത്രികര്‍ തങ്ങളുടെ തന്നെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് സൗദി ട്രാഫിക് വകുപ്പ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. ഹെല്‍മെറ്റ് ധരിച്ചിരിക്കണമെന്നതാണ് ഇതില്‍ പ്രധാനമെങ്കിലും റോഡുകളിലെ വേഗതാ നിയന്ത്രണം അനുസരിക്കണമെന്നും കാറുകളും ബൈക്കുകളും തമ്മില്‍ ആവശ്യമായ അകലം പാലിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. റോഡിലെ ട്രാക്കിലൂടെ തന്നെ പോകണമെന്നും മറ്റൊരു ട്രാക്കിലേക്ക് മാറരുതെന്നും ബൈക്ക് ഓടിക്കുന്നവര്‍ക്കുള്ള നിര്‍ദേശമാണ്. നമ്പര്‍ പ്ലേറ്റുകള്‍ യഥാസ്ഥലത്ത് സ്ഥാപിച്ചിരിക്കണമെന്ന കര്‍ശന നിര്‍ദേശവും ട്രാഫിക് വകുപ്പ് നല്‍കുന്നു.
നിരാശ വേണ്ട, പ്രവാസികള്‍ ഇനിയും സ്വര്‍ണം കൈവിടരുത്
സൗദിയില്‍ എത്ര എഞ്ചിനീയര്‍മാരുണ്ട്; എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെടും