ദോഹ- ഏഷ്യൻ കപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ കിർഗിസ്ഥാനെ തോൽപ്പിച്ച് സൗദി എ.എഫ്.സി കപ്പ് ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു. കിർഗിസ്ഥാനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്ക്കാണ് സൗദി തോൽപ്പിച്ചത്. മുപ്പത്തിയഞ്ചാമത്തെ മിനിറ്റിൽ മുഹമ്മദ് ഖാനോവാണ് സൗദിക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് ഖാനോ അടിച്ചു കയറ്റിയ പന്ത് സൗദിയെ പ്രീ ക്വാർട്ടറിൽ പ്രവേശിപ്പിച്ചു. മത്സരത്തിന്റെ തുടക്കം മുതൽ വൻ ആധിപത്യമാണ് സൗദി നടത്തിയത്. എന്നാൽ ആദ്യപകുതിക്ക് ശേഷം നിരവധി തവണ ഗോളിലേക്ക് തുറന്ന അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും മുതലാക്കാനായില്ല. പന്ത് പോസ്റ്റുകളിൽ തട്ടിത്തെറിച്ചു. അല്ലെങ്കിൽ സൗദി താരങ്ങൾക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. ലക്ഷ്യബോധമില്ലാത്ത രീതിയിലായിരുന്നു ഈ ഘട്ടങ്ങളിൽ സൗദി താരങ്ങളുടെ പ്രകടനം. ലീഡ് ലഭിക്കാനുള്ള നിരവധി അവസരങ്ങൾ സൗദി നഷ്ടപ്പെടുത്തുകയും ചെയ്തു. എന്നാല് 84-ാം മിനിറ്റിൽ ഫൈസല് അല് ഗാംദി വീണ്ടും സൗദിയെ മുന്നിലെത്തിച്ചു. വിജയത്തോടെ മാൻചീനിയും സംഘവും സൗദി പ്രതീക്ഷകളുമായി എ.എഫ്.സി കപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് അഭിമാനത്തോടെ പ്രവേശിച്ചു. ആദ്യ കളിയിലും സൗദിക്കായിരുന്നു ജയം.