Sorry, you need to enable JavaScript to visit this website.

എതിർക്കുന്നത് രാഷ്ട്രീയ രാമനെ -സാദിഖലി തങ്ങൾ; മോഡിക്ക് എണ്ണം തികയില്ലെന്ന പേടിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട് - വിയോജിപ്പിന്റെ ശബ്ദങ്ങളെ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ ഭയക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വിദ്വേഷത്തിനും ദുർഭരണത്തിനുമെതിരെ മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 വിദ്വേഷം പ്രചരിപ്പിക്കുകയാണ് രാജ്യം ഭരിക്കുന്ന കേന്ദ്ര സർക്കാറിന്റെ പ്രധാന അജണ്ട. അവരതിന് ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രത്തെയാണ് കൂട്ടുപിടിച്ചത്. ശ്രീരാമനെ ഞങ്ങളെല്ലാവരും അംഗീകരിക്കുന്നുണ്ട്. ശ്രീരാമൻ മനുഷ്യസ്‌നേഹിയായിരുന്നു. എന്നാൽ, ആ മഹാനെ രാഷ്ട്രീയ വിജയത്തിന് വേണ്ടി ദുരുപയോഗം ചെയ്യുകയാണ് ബിജെപി. ശ്രീരാമനെ മുസ്‌ലിംകൾ ഉൾപ്പെടെ എല്ലാ വിഭാഗവും അംഗീകരിക്കുന്നു. മാപ്പിള രാമായണം ഉണ്ടായ മണ്ണാണ് മലബാർ. തിരൂരിൽ ജനിച്ച തുഞ്ചത്തെഴുത്തച്ഛനിലൂടെ മനോഹരമായ മലയാള ഭാഷയിലാണ് അധ്യാത്മ രാമായണം എഴുതപ്പെട്ടത്. അതിൽ പരാമർശിച്ച രാമനെ നമ്മളെല്ലാം ബഹുമാനിക്കുന്നു. ശ്രീരാമനോടുള്ള സ്‌നേഹവും ഭക്തിയുമെല്ലാം നാം മനസ്സിലാക്കുമ്പോഴും രാമക്ഷേത്രത്തിന്റെ പേരിലുള്ള രാഷ്ട്രീയക്കളി നാം അംഗീകരിക്കില്ലെന്നും ബി.ജെ.പിയുടെ രാഷ്ട്രീയ രാമനെയാണ് ഞങ്ങളെതിർക്കുന്നതെന്നും തങ്ങൾ വ്യക്തമാക്കി.
 രാമക്ഷേത്രത്തിന് മുസ്‌ലിം സമൂഹം എതിരല്ല. അതേസമയം ബി.ജെ.പി ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുമ്പോൾ ആ കാപട്യം രാജ്യത്തിന് മുമ്പിൽ തുറന്ന് കാണിക്കേണ്ടത് മുസ്‌ലിം ലീഗിന്റെ കടമയാണ്. ഈ ക്ഷേത്ര വിശുദ്ധിയെ രാഷ്ട്രീയ ധ്വസനം നടത്താൻ വൈകാരികതയെ ചൂഷണം ചെയ്യുകയാണ്. ഇത് കാണാതിരിക്കാൻ മുസ്‌ലിം ലീഗിന് കഴിയില്ല. അതുകൊണ്ട് ജനാധിപത്യത്തെ നിലനിർത്താൻ ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തണം. 
 രാജ്യത്ത് കടുത്ത പട്ടിണിയും ദാരിദ്ര്യവുമുണ്ട്. ജനാധിപത്വ ധ്വംസനങ്ങൾ സ്ഥിരമായി അറങ്ങേറുന്നു. ഇവിടെ അതൊന്നും വിഷയമാവാതെ വൈകാരികതയെ മുതലെടുക്കാനാണ് ഭരണകൂടത്തിന്റെ ശ്രമമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
 ആസന്നമായ നാളുകളിൽ, ഒന്നാഞ്ഞുപിടിച്ചാൽ ഇന്ത്യാ മുന്നണിക്ക് ബി.ജെ.പിയെ തൂത്തെറിയാനാകുമെന്ന് കണക്കുകളും തെരഞ്ഞെടുപ്പ് അനുഭവങ്ങളും തെളിയിക്കുന്നു. വിദ്വേഷത്തിന്റെ ഭാഷയല്ല, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഭാഷയിലൂടെയാണ് നാം ജനങ്ങളോട് പെരുമാറേണ്ടത്. അതാണ് നമ്മുടെ ചരിത്രം. വെല്ലുവിളികളുണ്ടാവും. സ്വാഭാവികമാണത്. പൂർവീകരുടെ പാതയിൽ അതിന് മാതൃകയുണ്ടെന്നും ചരിത്രം ഉദ്ധരിച്ച് തങ്ങൾ വ്യക്തമാക്കി.
 വിദ്വേഷത്തെ സ്‌നേഹം കൊണ്ടും സാഹോദര്യം കൊണ്ടും നേരിടുകയെന്നതാണ് മുസ്‌ലിം ലീഗിന്റെ നയം. ഇബ്രാഹിം നബിയും മൂസാ നബിയും അതാണ് കാണിച്ചുതന്നത്. അതു തന്നെയാണ് മുസ്‌ലിംലീഗിന്റെ പൂർവ്വസൂരികളായ നേതാക്കളും കാണിച്ച് തന്നതെന്ന് തങ്ങൾ വിശദീകരിച്ചു.
 രാജ്യത്തുയരുന്ന പ്രതിഷേധങ്ങൾ കണ്ട് നരേന്ദ്ര മോഡിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ എണ്ണം തികയില്ലെന്ന പേടി വന്നുവെന്നും അതിനാലാണ് കേരളത്തിൽ അടക്കം അദ്ദേഹം വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നതെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Latest News