ഹാപ്പിനസ് ചലച്ചിത്രമേളക്ക് കൊടിയേറി
തളിപ്പറമ്പ്- വളരെ നല്ല സിനിമകൾ ചെയ്യുക എന്നത് അത്ഭുതമാണെന്ന് തെന്നിന്ത്യൻ നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നം പറഞ്ഞു. ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ ആരംഭിച്ച രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സിനിമ ചെയ്യാൻ എളുപ്പമാണ്. എന്നാൽ ഒരു നല്ല സിനിമ യുദ്ധവും വളരെ നല്ല സിനിമ ചെയ്യുക എന്നത് അത്ഭുതവുമാണ്. ആ അത്ഭുതം കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നാം നമ്മെ തന്നെ കാണുന്ന കണ്ണാടിയാണ് സിനിമ. യാഥാർഥ്യ ബോധമുള്ള കഥകൾ ജനിക്കുമ്പോഴാണ് അത് സാധ്യമാകുക. ഞങ്ങളുടെ ചെറുപ്പകാലത്ത് നല്ല സിനിമകൾ എവിടെ കാണുമെന്ന് പറഞ്ഞ് തരാൻ ആരുമുണ്ടായിരുന്നില്ല. ഇന്ന് അതിനുള്ള ഉത്തരമാണ് ചലച്ചിത്ര മേളകൾ. കലാകാരൻമാർ, നിരൂപകർ, വിമർശകർ, പ്രേക്ഷകർ എന്നിവർ ഒത്തുചേരുകയും കലയെ ആഘോഷമാക്കുകയും ചെയ്യുന്ന ഇടം കൂടിയാണിത്. ബുദ്ധന് ബോധി വൃക്ഷം ലഭിച്ചത് പോലെയാണ് കലാകാരൻമാർക്ക് ഇത്തരം മേളകൾ. അറിവ് സാംശീകരിച്ചു കൊണ്ടേയിരിക്കാം. വർഷങ്ങളായി ഈ മേഖലയിലുള്ള താൻ ഇന്നും ഒരു വിദ്യാർഥിയാണ്. ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ പഠിച്ചിട്ടുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. എന്നാൽ ഇതുവരെ കണ്ട സിനിമകളിൽ നിന്നും കൂടുതൽ കാര്യങ്ങൾ പഠിക്കാനായി. തെന്നിന്ത്യയിൽ മലയാള സിനിമ തികച്ചും വ്യത്യസ്തമാണ്. കഥയിലെ യാഥാർഥ്യ ബോധമാണ് മലയാളത്തിന്റെ സ്വീകാര്യത വർധിപ്പിക്കുന്നത്. ഹാപ്പിനസിനായി തളിപ്പറമ്പിൽ മേള സംഘടിപ്പിച്ചത് മാതൃകാപരമാണെന്നും സുഹാസിനി പറഞ്ഞു.
മൂന്ന് ദിവസങ്ങളിലായി ക്ലാസിക്, ക്ലാസിക് ക്രൗൺ, ആലിങ്കീൽ പാരഡൈസ് എന്നീ മൂന്നു തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 31 സിനിമകൾ പ്രദർശിപ്പിക്കും. ഉദ്ഘാടന ചിത്രമായി കെൻ ലോച്ചിന്റെ 'ദ ഓൾഡ് ഓക്ക്' പ്രേക്ഷകർക്ക് മുന്നിലെത്തി. 28ാമത് ഐ എഫ് എഫ് കെയിൽ പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളാണ് മേളയിലുള്ളത്. നവതി നിറവിലത്തെിയ എം ടിക്കും നടൻ മധുവിനും ആദരവായി ഇരുവരുടെയും ചലച്ചിത്ര ജീവിതത്തിൽ നിന്നുള്ള അനർഘ നിമിഷങ്ങൾ ഒപ്പിയെടുത്ത 'എം ടി,മധു @90' എന്ന എക്‌സിബിഷൻ തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ ആരംഭിച്ചിട്ടുണ്ട്.
ക്ലാസിക് തിയേറ്ററിൽ നടന്ന ചടങ്ങിൽ എം .വി ഗോവിന്ദൻ എം എൽ എ അധ്യക്ഷത വഹിച്ചു. ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഫെസ്റ്റിവെൽ ബുക്ക് നടൻ സന്തോഷ് കീഴാറ്റൂരിന് നൽകി പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ ഫെസ്റ്റിവെൽ ബുള്ളറ്റിൻ ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരന് നൽകി പ്രകാശനം ചെയ്തു.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടിയ തളിപ്പറമ്പ് മണ്ഡലത്തിലെ വിദ്യാർഥികൾക്ക് സുഹാസിനി ഉപഹാരങ്ങൾ കൈമാറി. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, വിസ്മയ പാർക്ക് വൈസ് ചെയർമാൻ കെ. സന്തോഷ്, സംവിധായകരും ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളുമായ മനോജ് കാന, പ്രദീപ് ചൊക്ലി, സംവിധായകനും സംഘാടക സമിതി കൺവീനറുമായ ഷെറി ഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.