കൽപറ്റ-പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിൽ കടുവ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ജനം സമരച്ചൂടിൽ. കടുവ ഉൾപ്പെടെ വന്യമൃഗങ്ങളിൽനിന്നു സംരക്ഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം തീരുമാനിച്ചിരിക്കയാണ് പ്രദേശവാസികൾ. മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വണ്ടിക്കടവ് ഫോറസ്റ്റ് സെക്ഷൻ ഓഫീസ് മാർച്ചും ധർണയും നടത്തും. ഒരാഴ്ചയായി വണ്ടിക്കടവും സമീപ പ്രദേശങ്ങളും കടുവ ഭീഷണിയിലാണ്. വളർത്തുമൃഗങ്ങളെ കടുവ ആക്രമിക്കുന്നത് പതിവായി. വിവരം അറിയിക്കുമ്പോൾ സ്ഥലത്തെത്തുന്ന വനം ഉദ്യോഗസ്ഥർ പേരിന് തെരച്ചിൽ നടത്തി മടങ്ങുകയാണ്. കടുവയുടെ കാടിറക്കം തടയുന്നതിനും മുഴുവൻ സമയ പട്രോളിംഗിനും നടപടി ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് സമരമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിനോയി കടുപ്പിൽ പറഞ്ഞു.
ഇരുളം ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ 24ന് രാവിലെ 11ന് ധർണ നടത്താൻ പൂതാടി പഞ്ചായത്തിലെ മൂടക്കൊല്ലി ജനകീയ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ധർണയ്ക്കു മുന്നോടിയായി നാളെ വൈകുന്നേരം അഞ്ചിന് മൂടക്കൊല്ലിയിൽ വിവിധ രാഷ്ട്രീയ, സമൂഹിക, സാമുദായിക സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് പൊതുസമ്മേളനം നടത്തും. 'ഞങ്ങൾ മനുഷ്യരാണ്, ഞങ്ങൾക്ക് ജീവിക്കണം' എന്ന മുദ്രാവാക്യമുയർത്തിയാണ് ആക്ഷൻ കമ്മിറ്റി സമരത്തിന് ഇറങ്ങുന്നതെന്നു ചെയർമാൻ കെ.പി.മധു, കൺവീനർ കെ.ആർ.ബാബു, എൻ.സാബു, കെ.പി.അജീഷ് എന്നിവർ പറഞ്ഞു. കൽമതിലും ടൈഗർനെറ്റും സ്ഥാപിച്ച് ആനയും കടുവയും മറ്റു വന്യമൃഗങ്ങളും നാട്ടിലിറങ്ങുന്നത് തടയുക, വന്യമൃഗ ആക്രമണ ഇരകൾക്ക് അർഹമായ നഷ്ടപരിഹാരം സമയബന്ധിതമായി നൽകുക, വനം അധികാരികൾ കർഷകർക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കുക തുടങ്ങിയവ സമരാവശ്യങ്ങളാണ്.
കടുവ ശല്യം നിരന്തരം ഉണ്ടാകുന്ന പ്രദേശങ്ങൾ സന്ദർശിക്കാൻ വനം മന്ത്രി കൂട്ടാക്കാത്തതിൽ പ്രതിഷേധം വ്യാപകമാണ്. പൂതാടി പഞ്ചായത്തിലെ കൂടല്ലൂരിൽ കർഷകനെ കടുവ കൊന്നു. വിവിധ സ്ഥലങ്ങളിൽ പന്നിയും പശുവും ആടും അടക്കം നിരവധി വളർത്തുമൃഗങ്ങളെ ആക്രമിച്ചു. എന്നിട്ടും കടുവ ശല്യമുള്ള സ്ഥലങ്ങളിൽ എത്താനും ജനങ്ങളുടെ ആശങ്കയകറ്റാനും മന്ത്രി തയാറാകാത്തത് ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് മീനങ്ങാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വർഗീസ് മുരയിൻകാവിൽ പറഞ്ഞു. വന്യജീവി പ്രതിരോധ പ്രവർത്തനങ്ങളിൽ അടിയന്തര തീരുമാനമെടുക്കാൻ ജില്ലാതലത്തിൽ ജനപ്രതിനിധികളും വനം ഉദ്യോഗസ്ഥരും കർഷക പ്രതിനിധികളും ഉൾപ്പെടുന്ന സ്ഥിരം സമിതി രൂപീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
കേന്ദ്ര വനം-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം അങ്ങിങ്ങ് ഉയരുന്നുണ്ട്. കാലഹരണപ്പെട്ടതാണ് കേന്ദ്ര വനം-വന്യജീവി സംരക്ഷണ നിയമമെന്ന് കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എൽ.പൗലോസ് പറഞ്ഞു. ജനവാസകേന്ദ്രത്തിൽ ഭീതി പരത്തുന്ന കടുവയെ പിടിക്കാൻ കൂട് വെക്കുന്നതിന് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ അനുമതി നേടണമെന്ന നിയമ വ്യവസ്ഥ കുട്ടയിലിടേണ്ട കാലം കഴിഞ്ഞുവെന്നാണ് പൗലോസിന്റെ അഭിപ്രായം. കടുവയെ പിടിക്കുന്നതിനു ഉത്തവിടാനുള്ള അധികാരം ജില്ലാ കലക്ടർക്കോ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കോ നൽകണമെന്നു അദ്ദേഹം ആവശ്യപ്പെടുന്നു. വന്യമൃഗങ്ങൾക്ക് നിയമ സംരക്ഷണം നൽകേണ്ടത് വനത്തിനകത്താണെന്നും ജനവാസ കേന്ദ്രങ്ങളിൽ നിയമ സംരക്ഷണം മനുഷ്യന്റെ ജീവനും സ്വത്തിനുമാണ് ലഭിക്കേണ്ടതെന്നും പൗലോസ് പറയുന്നു. ചില വിദേശ രാജ്യങ്ങളിലേതുപോലെ വനത്തിന്റെ വാഹകശേഷിക്കു ഒത്തവിധം വന്യജീവികളുടെ എണ്ണം ക്രമീകരിക്കണമെന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ട്.
കടുവ ആക്രമണം ഉണ്ടാകുന്ന പ്രദേശങ്ങളിൽ ജനം വൈകാരികമായി പ്രതികരിക്കുന്നുണ്ട്. ആളുകൾ വനം ഉദ്യോഗസ്ഥരോട് കയർത്തും കുറ്റപ്പെടുത്തിയും സംസാരിക്കുന്നത് അപൂർവതയല്ല. ഈ പശ്ചാത്തലത്തിൽ അടുത്തിടെ കൽപറ്റയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ വനം ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുകുയം മോശമായി പെരുമാറുകയും ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടി ഉണ്ടാകുമെന്ന് ജില്ലാ കലക്ടർ ഡോ.രേണു രാജ് വ്യക്തമാക്കിയിരുന്നു. ഇതിനെ പരോക്ഷമായി വിമർശിച്ച് ചില സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. അധികാരികൾ ജനപക്ഷത്ത് നിൽക്കണമെന്നും ഭീഷണിയുടെ സ്വരം ഭൂഷണമല്ലെന്നുമാണ് കർഷകർക്കിടിയിൽ പ്രവർത്തിക്കുന്നതിൽ ചില സംഘടനകളുടെ നിലപാട്.