കോഴിക്കോട് - യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെ ടെലിഫോൺ വഴി ഭീഷണിപ്പെടുത്തിയത് അന്വേഷിച്ചു കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു ആവശ്യപ്പെട്ടു.
സമൂഹത്തിൽ കുഴപ്പമുണ്ടാക്കാൻ ആഗ്രഹിക്കുന്ന ഭീരുക്കളാണ് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത്. നേതാക്കൾക്കും പ്രവർത്തകർക്കും ഏത് തരത്തിലുള്ള സംരക്ഷണം നൽകാനും യൂത്ത് ലീഗിന് സാധിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
സമുദായ നേതാക്കളെയും പാർട്ടി നേതാക്കളെയും വെല്ലുവിളിച്ച് മുന്നോട്ടുപോകുകയാണെങ്കിൽ വീൽചെയറിൽ പോകേണ്ട ഗതി വരുമെന്നായിരുന്നു മുഈനലി തങ്ങൾക്ക് ലഭിച്ച ഭീഷണി സന്ദേശം. ഇതേ തുടർന്ന് മുഈനലി തങ്ങൾ പോലീസിൽ പരാതി നൽകി മണിക്കൂറുകൾ കഴിഞ്ഞിട്ടും അതിന് വേണ്ടവിധം പരിഗണന നൽകാനോ പ്രതികരിക്കാനോ ഉത്തരവാദപ്പെട്ടവർ രംഗത്തുവരാത്തത് സമൂഹമാധ്യമങ്ങളിൽ വിമർശന വിധേയമായിരുന്നു. സംഭവത്തിൽ എസ്.കെ.എസ്.എസ്.എഫ് മലപ്പുറത്ത് ഇന്ന് വൈകീട്ട് 5.30ന് പ്രതിഷേധറാലി നടത്തുമെന്ന് സമസ്ത സത്യസരണി ഗ്രൂപ്പ് അറിയിച്ചു.