Sorry, you need to enable JavaScript to visit this website.

'പാണ്ടിക്കടവാണെങ്കിലും പുതിയകടവാണെങ്കിലും മുഈനലി തങ്ങളെ തൊടാനാവില്ല; ചാവാലികളെല്ലാം ഒരുപോലെയെന്ന് സമസ്ത സത്യസരണി ഗ്രൂപ്പ്

മലപ്പുറം - മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും ലീഗ് മുൻ അധ്യക്ഷൻ യശശരീരനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങൾക്കു നേരെയുണ്ടായ വധിഭീഷണയിൽ രൂക്ഷ പ്രതികരണവുമായി സമസ്ത സത്യസരണി ഗ്രൂപ്പ്.
 രാഷ്ട്രീയ ചാണകത്തിന്റെ ചാവാലിച്ചാവേറിനോടും അവന്റെ അധമത്തുടൽ നിയന്ത്രിക്കുന്ന തേഡ് റേറ്റ് പൊളിറ്റിക്കൽ പിമ്പുകളോടും പറയട്ടെ...എന്ന മുഖവുരയോടെയാണ് കുറിപ്പിന്റെ തുടക്കം.

വായിക്കുക...

മുഈനലി തങ്ങൾക്കെതിരായ വധഭീഷണി; പ്രതിഷേധ റാലിയുമായി എസ്.കെ.എസ്.എസ്.എഫ് രംഗത്ത്

ശുഹൈബിന് ആശംസകൾ; വിവാഹമോചനത്തിൽ പ്രതികരിച്ച് സാനിയ മിർസ

 പൂക്കോയ തങ്ങളുടെ പാരമ്പര്യത്തിൽ പാണക്കാട്ടെ ആത്മീയ ചൈതന്യത്തിന്റെ അവസാനത്തെ ആൾരൂപമായിരുന്ന ആറ്റപ്പൂ ഹൈദരലി ശിഹാബ് തങ്ങളുടെ തനിപ്പകർപ്പായ സയ്യിദ് മുഈനലി ശിഹാബ് തങ്ങളുടെ രോമം തൊടാൻ തനിക്കൊന്നുമാവില്ലെന്ന് തീർത്തു പറയാനാണ് തീരുമാനമെന്ന് സമസ്ത സത്യസരണി ഗ്രൂപ്പ് വ്യക്തമാക്കുന്നു.
 'പുതിയ കടവാണെങ്കിലും ശരി, പാണ്ടിക്കടവാണെങ്കിലും ശരി... പാണക്കാടിനെ സ്‌നേഹിക്കുന്ന സമസ്തയുടെ മക്കൾക്ക് ചാവാലികളെല്ലാം ഒരേ പോലെയാണ്. ചില്ലയും കൊമ്പും വെട്ടില്ലെന്ന് മൈക്കിന് മുന്നിൽ പറയുകയും തല വെട്ടാൻ തെറിപ്പാട്ടുകാർക്ക് മറക്കു പിന്നിലിരുന്ന് കൊട്ടേഷൻ നൽകുകയും ചെയ്യുന്ന രാഷ്ട്രീയ ചാണകത്തെയും പാർട്ടി ഹുങ്കിനെയും നേരിടേണ്ടതെങ്ങനെയെന്ന് ഞങ്ങൾക്കു നന്നായറിയാമെന്ന് സമസ്ത സത്യസരണി ഗ്രൂപ്പ് ഓർമിപ്പിച്ചു.
 യൂത്ത് ലീഗ് ദേശീയ നേതാവും പാണക്കാട് കുടുംബാംഗവുമായിട്ടും മുഈനലി തങ്ങൾ തനിക്കു നേരെ വധഭീഷണിയുണ്ടായെന്ന് പോലീസിൽ പരാതി നൽകിയിട്ടും ലീഗ് കേന്ദ്രങ്ങളിൽനിന്നോ അണികളിൽനിന്നോ ഇതുവരെയും കാര്യപ്രസക്തമായ ഒരു പ്രതികരണവും ഉയർന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സാധാരണ പാർട്ടിയുടെ ഒരു പ്രാദേശിക നേതാവിനെതിരെ പോലും ഇത്തരമൊരു വിഷയമുണ്ടായാൽ ഉണ്ടാകുന്ന പരസ്യ പ്രതികരണങ്ങൾ പോലും മുഈനലി തങ്ങളുടെ കാര്യത്തിൽ ഉണ്ടാകാത്തതും സമാഹമാധ്യമങ്ങളിൽ ചർച്ചയാണ്. പിതാവ് ഹൈദരലി തങ്ങൾ ജീവിച്ചിരിക്കെതന്നെ, അവസാന കാലത്ത് പാർട്ടിയെ സമ്മർദ്ദത്തിലാക്കുന്ന അപക്വമായ ചില ഇടപെടലുകൾ മുഈനലി തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും നേതൃത്വം അതെല്ലാം അവഗണിച്ച് കണ്ടില്ലെന്നു നടക്കുകയായിരുന്നു.
 എന്നാൽ, സമസ്തയിലെ ഒരു വിഭാഗം മുസ്‌ലിം ലീഗിനും പാണക്കാട് കുടുംബാഗംങ്ങൾക്കുമെതിരെ ബോധപൂർവ്വം നടത്തിവരുന്ന പ്രചാരണത്തിൽ മുഈനലി തങ്ങളെ പോലുള്ള ഒരാളെ കൂടെ നിർത്താനായതിൽ സമസ്തയിലെ ലീഗ്-സാദിഖലി-കുഞ്ഞാലിക്കുട്ടി വിരുദ്ധ ചേരി വളരെ ഹാപ്പിയാണ്. ഈയിടെ പട്ടിക്കാട് സമാപിച്ച സമസ്തയുടെ മുശാവറ നടത്തുന്ന ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ സമാപന സമ്മേളനത്തിൽ പാണക്കാട് കുടുംബത്തിനും ലീഗിനും തലവേദന സൃഷ്ടിക്കാറുള്ള സമസ്തയുടെ യുവജന-വിദ്യാർത്ഥി നേതൃനിരയിലെ അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ, റശീദ് ഫൈസി വെള്ളായിക്കോട് പോലുള്ള ചിലരെ പ്രോഗ്രാം കമ്മിറ്റി അവഗണിച്ചത് വിവാദമായിരുന്നു. അന്ന് 'ഇത്തവണ എല്ലാവരെയും സമ്മേളനത്തിൽ പങ്കെടുപ്പിക്കാനായില്ലെന്ന ഒരു ഒളിയമ്പ് എഴുതായിരുന്നു' മുഈനലി തങ്ങൾ സമ്മേളനത്തിൽ സംസാരിച്ചിരുന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ ചിലർ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. അതേപോലെ പാണക്കാട്ട് നടത്തിയ എം.എസ്.എഫിന്റെ പൈതൃകം പരിപാടിയിൽ മുസ്‌ലിം ലീഗ് ദേശീയ നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടിയും എം.പി അബ്ദുസ്സമദ് സമദാനിയും നടത്തിയ പ്രസംഗത്തിന്റെയും മർമ്മത്തിൽ കുത്തി പരോക്ഷ വിമർശത്തിനും മുഈനലി തങ്ങൾ സമസ്തയുടെ ഒരു ആദർശസമ്മേളനത്തെ വേദിയാക്കിയതും വാർത്തയായിരുന്നു. മുഈനലി തങ്ങളുടെ പരാമർശത്തെച്ചൊല്ലി സമസ്തയിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള രൂക്ഷമായ പ്രതികരണങ്ങൾ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിനെതിരെ വധഭീഷണി ഉയർന്നത്. ഇതിനെതിരേ മലപ്പുറത്ത് പ്രതിഷേധ റാലി നടത്താൻ എസ്.കെ.എസ്.എസ്.എഫ് ആലോചിച്ചുവരികയാണെന്നാണ് വിവരം.

Latest News