Sorry, you need to enable JavaScript to visit this website.

കേരളത്തിലെ കത്തോലിക്കരില്‍ മുസ്‌ലിം വിരോധമുണ്ട്, അവര്‍ക്ക് മോഡിയെ ഭയം- ഡോ. ഫസല്‍ ഗഫൂര്‍

തിരുവനന്തപുരം- കേരളത്തിലെ കത്തോലിക്കരില്‍ ഒരു വിഭാഗത്തിന് മുസ്‌ലിം വിരോധമുണ്ടെന്ന് മുസ്‌ലിം എജ്യൂക്കേഷന്‍ സൊസൈറ്റി (എം.ഇ.എസ്) പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍.  കത്തോലിക്കാ സഭ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രീതിപ്പെടുത്താനുളള തിരക്കിലാണ്. ഒരുപക്ഷേ ഇവരുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് ഇ.ഡി അന്വേഷിക്കുമെന്ന ഭയമാകും മോഡി പ്രീണനത്തിന് പിന്നിലെന്നും ഫസല്‍ ഗഫൂര്‍ ആരോപിക്കുന്നു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന് നല്‍കിയ വിശദമായ അഭിമുഖത്തിലാണ് ഗൗരവമുള്ള ആരോപണം.

കുറെ നാളുകളായി കേരളത്തില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മില്‍ നല്ല ബന്ധത്തിലല്ല. യു.ഡി.എഫിന്റെ വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും ക്രിസ്ത്യാനികളും മുസ് ലിംകളുമാണ്. ഇവര്‍ തമ്മിലുള്ള ബന്ധത്തില്‍ ചില വിള്ളലുകളുണ്ട്.

മുസ്‌ലിംലീഗ് ഒരിക്കലും ഹിന്ദുവിരുദ്ധ പാര്‍ട്ടിയല്ല. എന്നാല്‍ ബി.ജെ.പി ഇസ്‌ലാം വിരുദ്ധ പാര്‍ട്ടിയാണ്. കേരളത്തില്‍ സമസ്തക്കും എന്‍.എസ്.എസിലെ സുകുമാരന്‍ നായര്‍ക്കും എസ്.എന്‍.ഡി.പി യോഗത്തിലെ വെള്ളാപ്പളളി നടേശനും സ്വന്തമായി വോട്ട് ബാങ്കില്ല. മുസ്‌ലിംകളില്‍ സമസ്തയ്ക്ക് പ്രത്യേക സ്വാധീനവുമില്ല. വിശ്വാസത്തിന്റെ കാര്യത്തില്‍ സമസ്തക്കും, മുജാഹിദുകള്‍ക്കും, ജമാഅത്തെ ഇസ്ലാമിക്കും പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അടിസ്ഥാനപരമായി ഇവരെല്ലാം ഒന്നാണ്. ചിലകാര്യങ്ങളില്‍ മാത്രം വിരുദ്ധ അഭിപ്രായമുണ്ട്.

മുസ്‌ലിംകള്‍ക്ക് ഒരു പ്രശ്നമുണ്ടാകുമ്പോള്‍ പ്രത്യേകിച്ച് സംഘപരിവാര്‍ സംഘടനകളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുയരുമ്പോള്‍ രക്ഷകരായി സി.പി.എം അവതരിക്കാറുണ്ടെന്ന ഒരു പൊതുബോധം സമുദായത്തിലുണ്ട്. ഇത്തരം സംഭവങ്ങളില്‍ പാര്‍ട്ടി കൃത്യമായ നിലപാട് പറയാറുമുണ്ട്. അയോധ്യ വിഷയത്തിലുള്‍പ്പെടെ ശക്തമായ നിലപാട് പറയാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പലപ്പോഴും നിലപാട് പറയാതെ ആടികളിക്കാറാണ് പതിവ്. മുസ്‌ലിംകള്‍ക്കിടയില്‍ നിന്ന് ഒരുവിഭാഗം സി.പി.എമ്മിലേക്ക് തിരിയുന്നുണ്ട് എന്നത് സത്യമാണ്. അതുകൊണ്ട് മുസ്‌ലിം ലീഗിന്റെ അടത്തറ ഇളകിയിട്ടില്ലെന്നും കോണ്‍ഗ്രസിനാണ് നഷ്ടമെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

പിണറായി മന്ത്രിസഭയിലും കോണ്‍ഗ്രസിന്റെ സംഘടനാ തലത്തിലും നായര്‍ സ്വാധീനം കൂടുതലാണ്. സംസ്ഥാന മന്ത്രിസഭയുടെ തലവന്‍ ഈഴവ സമുദായത്തില്‍ നിന്നാണെങ്കിലും ശരീരം മുഴുവന്‍ നായരാണെന്ന് ഗഫൂര്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന് ഉയര്‍ത്തി കാണിക്കാന്‍ തല്‍ക്കാലം ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥി കേരളത്തിലില്ല. കെ.സി. വേണുഗോപാല്‍ ഹൈക്കമാന്‍ഡ് പ്രതിനിധിയായി അവതരിക്കാന്‍ തയാറെടുക്കുന്നുണ്ട്. പക്ഷേ അത് ഫലവത്താകുമോയെന്ന് കണ്ടറിയണം. രമേശ് ചെന്നിത്തല മികച്ച രാഷ്ട്രീയക്കാരനാണ്. വി.ഡി. സതീശന്‍ മികച്ച നിയമസഭാ സമാജികനുമാണ്. ഇവരില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. ശശിതരൂരിനെ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കാണാന്‍ കഴിയില്ല. അദ്ദേഹം രാഷ്ട്രീയമായി പക്വതയില്ലാതെയാണ് മിക്കപ്പോഴും പെരുമാറുന്നത്. അടിസ്ഥാനപരമായി ശശി തരൂര്‍ ഒരു ചരിത്രകാരനും നയതന്ത്രവിദഗ്ധനുമാണ്. അതിലുപരി എഴുത്തുകാരനുമാണ്. ഈ റോളുകള്‍ തമ്മില്‍ ബാലന്‍സ് ചെയ്ത് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയാറുമില്ല. ചിലപ്പോഴൊക്കെ മോഡിയെ പ്രകീര്‍ത്തിക്കാന്‍ പോലും തരൂര്‍ തയാറായിട്ടുണ്ടെന്നും ഫസല്‍ ഗഫൂര്‍ ചൂണ്ടിക്കാട്ടി.

 

Latest News