മലപ്പുറം- പാണക്കാട് കൊടപ്പനക്കല്‍ കുടുംബാംഗമായ സയ്യിദ് മുഈനലി തങ്ങള്‍ക്ക് വധഭീഷണി.മുഈനലി തങ്ങള്‍ വേങ്ങര പോലീസില്‍ പരാതി നല്‍കി. മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ടായ മുഈനലി തങ്ങള്‍ക്ക് ഫോണിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. റാഫി പുതിയ കടവ് എന്നയാളാണ് വധഭീഷണി മുഴക്കിയത് എന്ന് പരാതിയില്‍ പറയുന്നു.തന്നെ വീടിനു പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും പങ്കെടുക്കുന്ന പരിപാടികളില്‍ പ്രശ്‌നമുണ്ടാക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറഞ്ഞു. വേങ്ങര പോലീസ് അന്വേഷണം തുടങ്ങി. മുസ്ലിം ലീഗ് നേതാക്കളുടെ പ്രസ്താവനയെ വിമര്‍ശിച്ചതിന്റെ പേരില്‍ അടുത്തിടെ മുഈനലി തങ്ങള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു