ന്യൂയോര്‍ക്ക്- ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂനെ അമേരിക്കയില്‍ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലെ ഇന്ത്യക്കാരനായ കുറ്റാരോപിതന്‍ നിഖില്‍ ഗുപ്തയെ അമേരിക്കയ്ക്ക് കൈമാറാന്‍ ചെക്ക് അപ്പീല്‍ കോടതിയുടെ അനുമതി. ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ വധ ഗൂഢാലോചനയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായി സഹകരിച്ചുവെന്നതാണ് നിഖില്‍ ഗുപ്തയ്ക്കെതിരായ യു. എസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരുടെ കണ്ടെത്തല്‍.
ഗുപ്തയെ കൈമാറുന്നത് സംബന്ധിച്ച അന്തിമ തീരുമാനം നീതിന്യായ മന്ത്രി പവല്‍ ബ്ലാസെക്കിന്റെ കൈയിലാണെന്ന് മന്ത്രാലയ വക്താവ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
യു. എസ് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം 52കാരനായ ഗുപ്തയെ 2023 ജൂണിലാണ് ചെക്ക് റിപ്പബ്ലിക്കില്‍ അറസ്റ്റ് ചെയ്തത്. നിലവില്‍ ചെക്ക് റിപ്പബ്ലിക്കിലെ ഏകാന്ത തടവറയിലാണ് ഗുപ്തയുള്ളത്. യു. എസ് അന്വേഷണം തെറ്റാണെന്നും അവര്‍ അന്വേഷിക്കുന്ന വ്യക്തി താനല്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിഖില്‍ ഗുപ്ത ആരോപിക്കുന്നു. കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് നവംബര്‍ 20നാണ് യു. എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഗുപ്തയ്‌ക്കെതിരെ കുറ്റം ചുമത്തിയത്. നിഖില്‍ ഗുപ്തയ്ക്ക് കോണ്‍സുലര്‍ പ്രവേശനവും നിയമസഹായവും ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി ഈ മാസം സുപ്രിം കോടതി തള്ളിയിരുന്നു.
കേസിനാസ്പദമായ വിഷയം സെന്‍സിറ്റീവ് ആണെന്നും അതില്‍ ഇടപെടാന്‍ കോടതിക്ക് പരിമിധികളുണ്ടെന്നും വിദേശ കോടതിയുടെ അധികാരപരിധി മാനിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രിം കോടതി ഹര്‍ജി തള്ളിയത്.
കുറ്റം തെളിയിക്കപ്പെട്ടാല്‍, കൊലപാതക ഗൂഢാലോചന നടത്തിയതിന് ഗുപ്തയ്ക്ക് 20 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റിന്റെ യു. എസ് അറ്റോര്‍ണി മാത്യു ജി. ഓള്‍സെന്‍ വ്യക്തമാക്കി.