മക്ക - ഈ വർഷത്തെ ഹജ് കാലത്ത് 39 ഹജ് തീർഥാടകർക്ക് എയർ ആംബുലൻസ് സേവനം ലഭിച്ചു. മസ്തിഷ്‌കാഘാതം ബാധിച്ചവരെയും ഹൃദയാഘാതം നേരിട്ടവരെയും സൂര്യാഘാതം നേരിട്ടവരെയും വാഹനാപകടങ്ങളിൽ പരിക്കേറ്റവരെയും എയർ ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് നീക്കി. ഈ വർഷം ആകെ അഞ്ചു എയർ ആംബുലൻസുകളാണ് തീർഥാടകരുടെ സേവനത്തിന് ഒരുക്കിയിരുന്നത്. ഇവയിലെ മുഴുവൻ ജീവനക്കാരും സൗദികളാണ്.
സൗദി റെഡ് ക്രസന്റ്, ദേശീയ സുരക്ഷാ ഏജൻസി, പ്രതിരോധ മന്ത്രാലയം എന്നിവക്കു കീഴിലെ എയർ ആംബുലൻസുകളാണ് ഹജ് തീർഥാടകരെ ആശുപത്രികളിലേക്ക് നീക്കം ചെയ്യുന്നതിന് ഉപയോഗിച്ചതെന്ന് സൗദി റെഡ് ക്രസന്റിൽ എയർ ആംബുലൻസ് വിഭാഗം സൂപ്പർവൈസർ ജനറൽ ഖാലിദ് അൽഈദ് പറഞ്ഞു. റോഡുകളിലെ കടുത്ത തിരക്ക് ഒഴിവാക്കി രോഗികളെ എത്രയും വേഗം ആശുപത്രികളിലെത്തിക്കുന്നതിനാണ് എയർ ആംബുലൻസുകൾ ഉപയോഗിക്കുന്നത്. കൺട്രോൾ റൂമുകളിൽ ബന്ധപ്പെട്ട് സഹായം തേടിയാൽ അഞ്ചു മുതൽ പത്തു മിനിറ്റിനകം എയർ ആംബുലൻസുകൾ സ്ഥലത്തെത്തും. ഗുരുതരമായ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേകം പരിശീലനം നൽകിയ വിദഗ്ധ ഡോക്ടർമാരെ എയർ ആംബുലൻസുകളിൽ റെഡ് ക്രസന്റ് നിയോഗിച്ചിരുന്നു. തീവ്രപരിചരണ യൂനിറ്റ് എന്നോണം പ്രവർത്തിക്കുന്നതിന് ഏറ്റവും മികച്ച നിലയിൽ സജ്ജീകരിച്ച ഹെലികോപ്റ്ററുകളാണ് എയർ ആംബുലൻസുകളായി ഉപയോഗിക്കുന്നതെന്നും ഖാലിദ് അൽഈദ് പറഞ്ഞു.