ആലപ്പുഴ-പ്രസവം നിര്‍ത്താനുള്ള ലാപ്രോസ്‌കോപിക് ശസ്ത്രക്രിയക്കിടെ യുവതിക്ക് ശാരീരികാസ്വാസ്ഥ്യമനുഭവപ്പെട്ട് വെന്റിലേറ്റിലായിരുന്ന യുവതി മരിച്ചു. ആലപ്പുഴ പഴവീട് ശരത് ഭവനില്‍ ശരത് ചന്ദ്രന്റെ ഭാര്യ ആശാ ശരത്താ(36)ണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വൈകിട്ട് 6.30ന് മരിച്ചത്. ആലപ്പുഴ കടപ്പുറം വനിതാ-ശിശു ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവാണ് അപകടകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
ആലപ്പുഴ കണിയാകുളം ജങ്ഷനിലെ സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറില്‍ ഫാര്‍മസിസ്റ്റായ ആശയെ വെള്ളിയാഴ്ച രാവിലെയാണ് ശസ്ത്രക്രിയയ്ക്കായി കടപ്പുറം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ തന്നെ ശസ്ത്രക്രിയ തുടങ്ങി. പെട്ടെന്നാണ് രോഗി അസ്വസ്ഥത കാണിച്ചത്. ആശുപത്രിയിലെതന്നെ ഡോക്ടര്‍മാരുടെ സംഘം ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഹൃദയാഘാതമുണ്ടായതായാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ബന്ധുക്കള്‍ പ്രതിഷേധിച്ചതോടെയാണ് 45 മിനിറ്റിനുശേഷം ആശയെ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചിടിത്സയിലിരിക്കെയാണ് മരണം.
ലാപ്രോസ്‌കോപിക് സര്‍ജറിക്ക് സാധാരണ സങ്കീര്‍ണതകളൊന്നുമുണ്ടാകാറില്ല. കടപ്പുറം ആശുപത്രി അധികൃതരുടെ വീഴ്ചയാണ് സംഭവത്തിനുപിന്നിലെന്നും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. ശസ്ത്രക്രിയക്കു മുന്‍പുള്ള പരിശോധനയില്‍ സങ്കീര്‍ണതയൊന്നുമുണ്ടായില്ലെന്നും പിന്നീടാണ് അപ്രതീക്ഷിതമായ സംഭവങ്ങളുണ്ടായതെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. സംഭവത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി കടപ്പുറം വനിതാ ശിശു ആശുപത്രി സൂപ്രണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.
മക്കൾ: അവന്തിക (7 വയസ് ), ആദവ് (4 വയസ്)