മക്ക - ടോംഗ എന്ന രാജ്യത്തെ (കിംഗ്ഡം ഓഫ് ടോംഗ) കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാകില്ല. പസഫിക് സമുദ്രത്തിന് തെക്ക് പരന്നുകിടക്കുന്ന 169 ദ്വീപുകൾ അടങ്ങിയതാണ് ഈ രാജ്യം. ഇതിൽ 36 ദ്വീപുകളിൽ മാത്രമാണ് ജനവാസമുള്ളത്. രാജ്യത്തിന്റെ ആകെ വിസ്തീർണം ഏഴു ലക്ഷം ചതുരശ്ര കിലോമീറ്ററാണ്. ഇതിൽ കര 750 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. ടോംഗയിൽ 300 പേർ മാത്രമാണ് മുസ്‌ലിംകൾ. ഇവിടുത്തെ ആകെ ജനസംഖ്യ 1,07,651 ആണ്. ഇതിൽ 70 ശതമാനവും പ്രധാന ദ്വീപായ ടൊംഗടപുവിലാണ് കഴിയുന്നത്. ടോംഗയിൽ നിന്ന് അബാകസി ലാൻഗി (50) ആണ് തന്റെ രാജ്യത്തെ ഈ വർഷത്തെ ഹജിന് പ്രതിനിധീകരിക്കുന്ന ഏക വ്യക്തി. ന്യൂസിലാന്റിൽ നിന്നുള്ള ഹജ് തീർഥാടകർക്കൊപ്പമാണ് അബാകസി പുണ്യഭൂമിയിൽ എത്തിയിരിക്കുന്നത്. നാലു വർഷം മുമ്പാണ് ഇദ്ദേഹം ഇസ്‌ലാം ആശ്ലേഷിച്ചത്. തലസ്ഥാന നഗരിയായ നുകുവാലോഫയിലാണ് രാജ്യത്തെ ഏക മസ്ജിദുള്ളത്. ഒരു ദിവസം രാത്രിയിൽ ഈ മസ്ജിദിനു സമീപത്തെ റോഡിലൂടെ നടന്നുപോകുന്നതിനിടെ എന്തോ ഒരു പ്രത്യേക ആകർഷണം തോന്നി പള്ളിക്കകത്ത് താൻ പ്രവേശിക്കുകയായിരുന്നെന്ന് അബാകസി പറഞ്ഞു. ഈ സമയത്ത് മസ്ജിദിൽ ആളുകൾ നമസ്‌കാരം നിർവഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ ആരാധന തന്നെ ഏറെ ആകർഷിച്ചു. ഇതേ കുറിച്ച് കൂടുതൽ അറിയുന്നതിന് താൻ ഇമാമിനെ സമീപിച്ചു. അദ്ദേഹമാണ് ഇസ്‌ലാമിനെ കുറിച്ച് വിവരിച്ചു തന്നത്. ഇസ്‌ലാം ആശ്ലേഷിക്കുന്നതിനുള്ള ഇമാമിന്റെ നിർദേശം താൻ പാലിച്ചു. തന്റെ ക്ഷണം സ്വീകരിച്ച് മാതാവ് ഒഴികെയുള്ള കുടുംബാംഗങ്ങളും പിന്നീട് ഇസ്‌ലാം ആശ്ലേഷിച്ചു. മാതാവിന്റെ കാര്യത്തിൽ തനിക്ക് പ്രത്യാശ നഷ്ടപ്പെടില്ല. മതം മാറുന്നതുവരെ അവരെ താൻ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നത് തുടരുമെന്ന് അബാകസി ലാൻഗി പറഞ്ഞു.
മുമ്പൊരിക്കലും ജീവിതത്തിൽ അനുഭവപ്പെട്ടിട്ടില്ലാത്ത മനസ്സമാധാനവും സന്തോഷവുമാണ് പുണ്യസ്ഥലങ്ങളിൽ തനിക്കുണ്ടായത്. വിശുദ്ധ ഖുർആൻ മുഴുവൻ മനഃപാഠമാക്കണമെന്നതാണ് തന്റെ ഇനിയുള്ള വലിയ ആഗ്രഹമെന്ന് മെക്കാനിക് ആയി ജോലി ചെയ്യുന്ന അബാകസി ലാൻഗി പറഞ്ഞു. യു.എ.ഇയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ടോംഗയിൽ നിന്നുള്ള ഒരാൾക്ക് ഹജ് നിർവഹിക്കുന്നതിന് അവസരമൊരുക്കാമെന്ന് വാഗ്ദാനം ചെയ്തത്. ടോംഗയിലെ മസ്ജിദ് ഇമാം വഴിയാണ് ഹജിന് പോകേണ്ടയാളെ തെരഞ്ഞെടുത്തത്. അബാകസിക്കാണ് ആ ഭാഗ്യം ലഭിച്ചത്. ആളെ തെരഞ്ഞെടുക്കുന്നതിനും രേഖകൾ പൂർത്തിയാക്കുന്നതിനും അൽപം കാലതാമസമുണ്ടായി. നാലു രാജ്യങ്ങൾ വഴി 23 മണിക്കൂർ യാത്ര ചെയ്താണ് അബാകസി സൗദിയിലെത്തിയത്.