ജിദ്ദ- പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയെ വിവാഹമോചനം ചെയ്ത ശേഷം പാക് നടി സന ജാവേദിനെ വിവാഹം ചെയ്ത വാർത്തയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഷുഐബ് മാലിക് തന്നെയാണ് വിവാഹ വിവരം പുറത്തുവിട്ടത്. അൽഹംദുല്ലിലാഹ്. ഞങ്ങളെ ഇണകളായി സൃഷ്ടിച്ചുവെന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷുഐബ് മാലിക് പങ്കുവെച്ചത്. സന ജാവേദിനെ കെട്ടിപ്പിടിക്കുന്ന ചിത്രവും താരം പങ്കുവെച്ചിരുന്നു. വിവാഹമോചനത്തെക്കുറിച്ച് സാനിയ മിർസ അവ്യക്തമായ പോസ്റ്റ് പങ്കുവെച്ച് ദിവസങ്ങൾക്ക് ശേഷമാണ് വിവാഹിതനായ കാര്യം മാലിക് പുറത്തുവിട്ടത്. 2010-ൽ വിവാഹിതരായ സാനിയ-മാലിക് ദമ്പതികൾക്ക് ഇസാൻ എന്ന ഒരു മകനുണ്ട്.
ആരാണ് സന ജാവേദ്?
സന ജാവേദ്. 1993 മാർച്ച് 25ന് ജിദ്ദയിലാണ് സന ജനിച്ചത്. പാക് സ്വദേശികളായിരുന്നു മാതാപിതാക്കൾ. 2012ൽ ഷെഹർ ഇസാത്ത് എന്ന ചിത്രത്തിലൂടെ സന അരങ്ങേറ്റം കുറിച്ചു. ഖാനി എന്ന റൊമാന്റിക് സിനിമയിലെ അഭിനയത്തിന് സനക്ക് അംഗീകാരം ലഭിച്ചു. കൂടാതെ റസ്വായ്, ഡങ്ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഖാനിയിലെ അഭിനയത്തിന് സനയ്ക്ക് ലക്‌സ് സ്‌റ്റൈൽ അവാർഡ് നോമിനേഷൻ ലഭിച്ചു.
പാക് നടനും ഗായകനും ഗാനരചയിതാവും സംഗീത നിർമ്മാതാവുമായ ഉമർ ജസ്വാളിനെ 2020ൽ സന വിവാഹം കഴിച്ചിരുന്നു. ഇവർ കഴിഞ്ഞ വർഷം വിവാഹമോചനം നേടി. വേർപിരിയലിന് ശേഷം സനയും ഉമറും സോഷ്യൽ മീഡിയയിൽ നിന്ന് അവരുടെ എല്ലാ ചിത്രങ്ങളും നീക്കം ചെയ്തു.
ഷൊയ്ബ് മാലിക്കിനെ വിവാഹം കഴിച്ചതിന് ശേഷം സന ജാവേദ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ബയോയിൽ പേര് മാറ്റി. സന ഷുഐബ് മാലിക് എന്നാണ് പുതിയ ബയോ. സനയും ഷുഐബും തമ്മിലുള്ള ഡേറ്റിംഗ് സംബന്ധിച്ച് കഴിഞ്ഞ വർഷം തന്നെ ഊഹാപോഹങ്ങൾ പുറത്തുവന്നിരുന്നു. സന ജാവേദിന്റെ ജന്മദിനത്തിൽ 'ഹാപ്പി ബർത്ത്‌ഡേ ബഡ്ഡി' എന്ന അടിക്കുറിപ്പോടെ ഷുഐബ് മാലിക് സനക്കൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധങ്ങൾ പുറത്തറിഞ്ഞത്.