തിരുവനന്തപുരം- നാലാം തവണയും അങ്കം കുറിക്കാനൊരുങ്ങുന്ന ശശി തരൂരിനെതിരെ തിരുവനന്തപുരത്ത് സി.പി.എം മത്സരിക്കാനുള്ള സാധ്യതയേറുന്നു. സി.പി.ഐയില്‍നിന്ന് മണ്ഡലം ഏറ്റെടുത്ത് പകരം മറ്റൊന്ന് നല്‍കാനുള്ള ആലോചന സി.പി.എമ്മിലുണ്ട്. സി.പി.ഐക്കും ഇത് അരസമ്മതമാണ്. തരൂരിനെതിരെ നിര്‍ത്താന്‍ വ്യക്തിപ്രഭാവമുള്ള ആരും സി.പി.ഐയിലില്ല എന്നത് പാര്‍ട്ടിയെ കുഴക്കുന്നുണ്ട്.
സി.പി.ഐക്കു വേണ്ടി മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഇവിടെ ഇറങ്ങിയിട്ടുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ഇനിയൊരു അങ്കത്തിന് സാധ്യതയില്ല. സൗകര്യപ്രദമായ മറ്റൊരു സീറ്റ് ലഭിച്ചാല്‍ തിരുവനന്തപുരം സി.പി.എമ്മുമായി വച്ചുമാറാം എന്നൊരു ചിന്ത സി.പി.ഐ നേതൃത്വത്തിനുണ്ടാവാന്‍ കാരണമതാണ്. ഔദ്യോഗികമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. അതിന് സി.പി.എം നേതൃത്വവുമായി ചര്‍ച്ച ചെയ്യുകയും അവര്‍ സമ്മതം മൂളുകയും വേണം.
ബി.ജെ.പിയും തിരുവനന്തപുരത്തെ പ്രസ്റ്റീജ് മണ്ഡലമായാണ് കാണുന്നത്. കേന്ദ്ര മന്ത്രിമാരായ നിര്‍മ്മല സീതാരാമനും എസ്. ജയശങ്കറും സമീപകാലത്ത് തലസ്ഥാനത്ത് നിരവധി പരിപാടികളില്‍ പങ്കെടുത്തതാണ് സ്ഥാനാര്‍ത്ഥി സാധ്യതയിലേക്ക് ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ എത്തിക്കുന്നത്. ഓഖി ദുരിതകാലത്ത് ജില്ലയിലെ തീരമേഖലയില്‍ ആശ്വാസവുമായി എത്തിയ നിര്‍മ്മല സീതാരാമനു കിട്ടിയ വലിയ സ്വീകാര്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. തീരമേഖലക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ആശ്വാസപദ്ധതികളും അനുകൂല ഘടകമായി കാണുന്നു. എം.പി എന്ന നിലയ്ക്ക് ശശി തരൂരിന്റെ മണ്ഡലത്തിലെ അസാന്നിധ്യമാണ് മുഖ്യ പോരായ്മയായി ബി.ജെ.പിയും ഇടതുപക്ഷവും ചൂണ്ടിക്കാട്ടുന്നത്.
ഔദ്യോഗികമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും തിരുവനന്തപുരത്തിനു വേണ്ടി ആരും അവകാശവാദവുമായി എത്തിയിട്ടില്ല, മാത്രമല്ല, ശശി തരൂര്‍ കഴിഞ്ഞ കുറെ മാസങ്ങളായി പൊതുപരിപാടികളില്‍ സജീവവുമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിട്ടിയ 99,989 വോട്ടുകളുടെ ഭൂരിപക്ഷം അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. തുടര്‍ച്ചയായ നാലാം ജയത്തില്‍ കുറഞ്ഞൊന്നും തരൂര്‍ പ്രതീക്ഷിക്കുന്നില്ല.