ആലപ്പുഴ-ബി.ജെ.പി നേതാവും അഭിഭാഷകനുമായിരുന്ന രൺജിത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി വി ജി ശ്രീദേവിയാണ് കേസിൽ വിധി പറഞ്ഞത്. പ്രതികളുടെ ഭാഗം കേട്ടശേഷം ശിക്ഷ തിങ്കളാഴ്ച വിധിക്കും. 15 പ്രതികളും
2021 ഡിസംബർ 19ന് രാവിലെ ആലപ്പുഴ വെള്ളക്കിണറിലെ കുന്നുംപുറത്ത് വീട്ടിൽ കയറിയ സംഘം അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് രൺജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ നന്ദു കൊല്ലപ്പെട്ടതിനെത്തുടർന്ന് തിരിച്ചടി ഉണ്ടാകുമ്പോൾ കൊല ചെയ്യപ്പെടേണ്ടവരുടെ പട്ടിക ഉണ്ടാക്കിയ സംഘം രൺജിത് ശ്രീനിവാസനെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്.
ഡിസംബർ 18ന് രാത്രി എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാനിനെ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് രൺജിത്തിനെ കൊന്നത്.
കോമളപുരം സ്വദേശി നൈസാമാണ് ഒന്നാം പ്രതി. മണ്ണഞ്ചേരി സ്വദേശി അജ്മൽ, വട്ടയാൽ സ്വദേശി അനൂപ്, ആര്യാട് തെക്ക് സ്വദേശി മുഹമ്മദ് അസ്‌ലം, പൊന്നാട് സ്വദേശി അബ്ദുൾകലാം, മണ്ണഞ്ചേരി സ്വദേശി അബ്ദുൾകലാം, മുല്ലാത്ത് സ്വദേശി സഫറുദ്ദീൻ സലീം, മണ്ണഞ്ചേരി സ്വദേശി മൻഷാദ്, ജസീം, കല്ലൂപ്പാല സ്വദേശി നവാസ്, ഷമീർ, ആര്യാട് വടക്ക് സ്വദേശി നസീർ എന്നിവരാണ് 15 പ്രതികൾ. അഡ്വ. ഷാൻ വധക്കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വൻ പോലിസ് സന്നാഹത്തെയാണ് കോടതിയിലും പരിസരത്തും വിന്യസിച്ചിരുന്നത്. വിധിക്കുശേഷം പ്രതികളെ ജയിലിലേക്ക് കൊണ്ടുപോയി.