കല്‍പ്പറ്റ - ആദിവാസി യുവാവ് വിശ്വനാഥന്റെ ദുരൂഹ മരണം ആത്മഹത്യയാണെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലിനെതിരെ വിശ്വനാഥന്റെ കുടുംബം. ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും വിശ്വനാഥന് ഇല്ലെന്ന് സഹോദരന്‍ എസ്.വിനോദ് പറഞ്ഞു. മരണത്തില്‍ അസ്വാഭാവികത നിലനില്‍ക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ തുടക്കത്തില്‍ തന്നെ അട്ടിമറിയുണ്ടായിരുന്നുവെന്നും എന്നും വിനോദ് പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ വിശദ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടിയെന്ന് ആക്ഷന്‍ കൗണ്‍സിലും വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ആദിവാസി യുവാവായ വിശ്വനാഥന്‍ ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് തെറ്റാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഭാര്യയുടെ പ്രസവത്തിനായാണ് വിശ്വനാഥന്‍ മെഡിക്കല്‍ കേളേജ് ആശുപത്രിയിലെത്തിയിരുന്നത്. കുഞ്ഞിനെ കാണാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്നുളള മനോവിഷമവും വ്യക്തിപരമായ മറ്റ് പ്രശ്‌നങ്ങളുമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍. കേസ് അവസാനിപ്പിച്ച് അന്വേഷണ സംഘം കോഴിക്കോട് ജില്ല കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.