കൊച്ചി - മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐയുടെ ഏകപക്ഷീയ ആക്രമണങ്ങൾക്ക് പിന്നാലെ പോലീസിന്റെ ആസൂത്രിതമായ വിദ്യാർത്ഥി വേട്ടയാണ് നടക്കുന്നത് എന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്രിൻ. ക്യാമ്പസുകളെ കൊലക്കളമാക്കുന്ന എസ്.എഫ്.ഐയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംഘടിപ്പിച്ച പ്രതിഷേധ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു മാസങ്ങളിലായി മഹാരാജാസ് കോളേജിൽ നടന്ന അക്രമങ്ങളിൽ യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന പോലീസ് ഇപ്പോൾ ഭരണകൂട സ്വാധീനത്തിനു വഴങ്ങി വിദ്യാർഥി വേട്ടയ്ക്ക് ശ്രമിക്കുന്നത് അപലപനീയമാണ്. പോലീസ് സഹായത്തോടെ ക്യാമ്പസുകളിൽ നിന്ന് ഫ്രറ്റേണിറ്റി യെ ഇല്ലാതാക്കാനാണ് എസ്.എഫ്.ഐ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നും ജനാധിപത്യ പ്രതിരോധ മാർഗങ്ങളിലൂടെ ഇത്തരം പ്രവർത്തനങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തശ്രീഫ് കെ പി, വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.എച്ച്. സദഖത്ത്, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ ബാസിത്, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് അസൂറ തുടങ്ങിയവർ പങ്കെടുത്തു.
ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാലിനെ ആശുപത്രിയിലും ആംബുലൻസിലും കയറി മർദ്ദിക്കുകയും ആശുപത്രി സാമഗ്രികൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് കമ്മീഷണർക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.