Sorry, you need to enable JavaScript to visit this website.

മഹാരാജാസ് അക്രമം: ഒരാൾ അറസ്റ്റിൽ, ഹോസ്റ്റൽ പൂട്ടി മുദ്രവെച്ച് പോലീസ്

കൊച്ചി- മഹാരാജാസ് കോേളജിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ ഒരു കെ.എസ്.യു പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ എട്ടാം പ്രതിയായ മൂന്നാം വർഷ എൻവിയോൺമെന്റ് കെമിസ്ട്രി വിദ്യാർത്ഥിയായ കണ്ണൂർ സ്വദേശി മുഹമ്മദ് ഇജ്‌ലാൽ (21) ആണ് റിമാൻഡിലായത്. 
എസ്.എഫ്.ഐ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തകനും എം.എ. ഫിലോസഫി വിദ്യാർഥിയുമായ അമൽ ടോമി, ഫ്രറ്റേണിറ്റി പ്രവർത്തകനും അറബിക് വിദ്യാർഥിയുമായ ബിലാൽ എന്നിവർ പോലീസ് നിരീക്ഷണത്തിൽ കഴിയുകയാണ്. ഇവർ ആശുപത്രി വിട്ടാലുടൻ അറസ്റ്റ് രേഖപ്പെടുത്തും. 
കെ.എസ്.യു -ഫ്രറ്റേണിറ്റി പ്രവർത്തകരായ 19 പേർക്കെതിരെയാണ് വധശ്രമം, നിയമവിരുദ്ധ കൂട്ടംകൂടൽ, കലാപശ്രമം, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ച് പരുക്കേൽപിക്കൽ തുടങ്ങി 9 വകുപ്പുകൾ ചുമത്തി എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരിക്കുന്നത്. മൂന്നാം വർഷ ബി.എ. ഇംഗ്ലീഷ് വിദ്യാർഥി അബ്ദുൽ മാലിക് ആണ് കേസിലെ ഒന്നാം പ്രതി.  ബി.എ അറബിക് വിദ്യാർഥിയും അറബിക് അധ്യാപകനെ ആക്രമിച്ച കേസിലെ പ്രതിയുമായ മുഹമ്മദ് റാഷിദ്, ബി.എ മ്യൂസിക് വിദ്യാർഥി ധനേഷ്, ബികോം വിദ്യാർഥി അഫ്ഹാൻ, രണ്ടാം വർഷ ബി.എ മലയാളം വിദ്യാർഥി അഭിനവ്, മൂന്നാം വർഷ ബി.കോം വിദ്യാർഥികളായ സഹദാൻ മുക്താർ, രണ്ടാം വർഷ ബി.എസ്‌സി ഫിസിക്‌സ് വിദ്യാർഥി ബേസിൽ, മൂന്നാം വർഷ ബി.എ പൊളിറ്റിക്‌സ് വിദ്യാർഥി റിറ്റ ഇസ്‌ലാം, രണ്ടാം വർഷ ബി.എ അറബിക് വിദ്യാർഥിനി ആയിഷ എന്നിവരും കണ്ടാലറിയുന്ന ഏതാനും പേരും കേസിൽ പ്രതികളാണ്. പ്രതി ചേർക്കപ്പെട്ടവർ ഒളിവിൽ പോയി. ഇവരിൽ പലരും മുൻകൂർ ജാമ്യത്തിനായി നിയമസഹായം തേടിയിട്ടുണ്ട്. 
മഹാരാജാസ് കോേളജ് എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയും മൂന്നാം വർഷ ചരിത്ര ബിരുദ വിദ്യാർഥിയുമായ കാസർകോട് മഞ്ചേശ്വരം സ്വദേശി പി.എ. അബ്ദുൽ നാസറിനാണു (21) വെട്ടേറ്റത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായ നാസർ സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. 
പരിക്കേറ്റ് ചികിത്സക്കെത്തിയ കെ.എസ്.യു, ഫ്രറ്റേണിറ്റി വിദ്യാർഥികൾക്കുനേരെ എറണാകുളം ജനറൽ ആശുപത്രിയിൽ അക്രമമഴിച്ചുവിട്ട 30 ഓളം എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രി ജീവനക്കാരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനടക്കം വിവിധ വകുപ്പുകൾ ചുമത്തിയാണ് വനിതാ പ്രവർത്തകരടക്കമുള്ളവർക്കെതിരെ കേസെടുത്തിരിക്കുന്നത്. എസ്.എഫ്.ഐ ആക്രമണത്തിൽ പരിക്കേറ്റ ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാൽ, കെ.എസ്.യു പ്രവർത്തകൻ അമൽ എന്നിവരെ ഇന്ദിരാഗാന്ധി ആശുപത്രിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  
മഹാരാജാസ് കോളേജിന് പുറമെ ഹോസ്റ്റലും ഇന്നലെ രാവിലെ പോലീസ് അടച്ചുപൂട്ടിച്ചു. മുഴുവൻ വിദ്യാർഥികളെയും ഒഴിപ്പിച്ച് ഹോസ്റ്റൽ പൂട്ടി മുദ്രവെച്ചതായി സെൻട്രൽ പോലീസ് വ്യക്തമാക്കി. ഹോസ്റ്റലിലെ കെ.എസ്.യു പ്രവർത്തകരുടെ മുറിയിൽ എസ്.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ചു കയറി ഫയലുകൾ കത്തിച്ചതായി കെ.എസ്.യു ആരോപിച്ചു. എന്നാൽ ഇത്തരമൊരു പരാതിയുമായി ആരും പോലീസിനെ സമീപിച്ചിട്ടില്ലെന്ന് സെൻട്രൽ പോലീസ് അറിയിച്ചു. 

Latest News