Sorry, you need to enable JavaScript to visit this website.

മഹാപ്രളയം ദൈവത്തിന്റെ ശിക്ഷ തന്നെ- കാന്തപുരം

ജിദ്ദ- നിസ്സാര കാര്യത്തിനുപോലും പരസ്പരം വെട്ടിക്കൊല്ലുകയും മനുഷ്യത്വത്തിന് വിലകല്‍പിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് മാറി ചിന്തിക്കാനുള്ള അവസരമാണ് കേരളം അഭിമൂഖീകരിച്ച മഹാപ്രളയം നല്‍കിയിരിക്കുന്നതെന്ന് ഓള്‍ ഇന്ത്യ സുന്നി ജംഇയ്യത്തുല്‍  ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍ മലയാളം ന്യൂസിനോട് പറഞ്ഞു.


പ്രളയം വളരെ വലിയ ദുരന്തമാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തില്‍ ഇതുവരെ ഇത്തരമൊന്ന് ഉണ്ടായതായി അറിവില്ല. ഇത്രയും വിഷമകരമായ ഒരു ഘട്ടത്തിലും അവസ്ഥയിലും നാം എത്തിയിട്ടുമില്ല. ഇത് അല്ലാഹുവിന്റെ ശിക്ഷയാണെന്ന് ജനങ്ങള്‍ മനസ്സിലാക്കണം. ഇടക്കിടെ ശിക്ഷകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. പത്തു വര്‍ഷം മുമ്പ് സുനാമി ഉണ്ടായി ധാരാളം പേര്‍ മരിച്ചു. അതിനു ശേഷം കിണര്‍ താഴ്ന്നും ജനങ്ങള്‍ അടിയില്‍പെടുന്ന സംഭവങ്ങള്‍ ഉണ്ടായി. പിന്നീട് നിപ്പാ വൈറസിലൂടെ പകര്‍ച്ച വ്യാധിയായ അതീവ ഗൗരവമായ പനി വന്നു.

ഇതില്‍ നിന്നെല്ലാം ജനങ്ങള്‍ ചിന്തിക്കുകയും സൃഷ്ടാവായ അല്ലാഹു ഉണ്ടെന്നും അവന്റെ വിധി വിലക്കുകള്‍ അനുസരിച്ചാണ് ഇവയെല്ലാം നടക്കുന്നതെന്നും വിശ്വസിക്കണമെന്നാണ് ജനങ്ങളോട് പറയാനുള്ളത്.


കളവ്, ചൂഷണം, മദ്യപാനം, വ്യഭിചാരം, പൊതു സ്വത്ത് കൈവശപ്പെടുത്തല്‍, പരസ്പരം കലഹിക്കല്‍, കൊലപാതകങ്ങള്‍ തുടങ്ങി പേക്കൂത്തുകള്‍ വര്‍ധിച്ച് മനുഷ്യനെ മനുഷ്യനായി കാണാത്ത അവസ്ഥയിലേക്ക് എത്തിയതാണ് ശിക്ഷകള്‍ക്ക് കാരണം.  ഒരാളെ കൊന്നതിനു പകരം കൊല്ലാന്‍ ഭരണകൂടത്തിനും കോടതിക്കും മാത്രമേ അധികാരമുള്ളവെന്നിരിക്കെ പാര്‍ട്ടി നോക്കി നിരപരാധികളെ കൊല്ലുകയാണ്. ഈ അവസ്ഥില്‍നിന്നു മാറി ചിന്തിക്കാനുള്ള പാഠം കൂടിയാണ് പ്രളയം നല്‍കിയിരിക്കുന്നത്.


എന്തൊക്കെത്തന്നെ പ്രയാസങ്ങളുണ്ടായാലും അരളവോളം ഐക്യമുണ്ടായി എന്നതില്‍ നമുക്ക് സമാധാനിക്കാം. നമ്മുടെ സഹകരണം അത്ഭുതകരമാണ്. സേനാംഗങ്ങളും ജനങ്ങളുമെല്ലാം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ് അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിന്റെ ആഘാതം കുറക്കാന്‍ കഴിഞ്ഞത്.
ജാതിയോ, മതമോ നോക്കാതെ, വലിപ്പ ചെറുപ്പം നോക്കാതെ ഏതു നാട്ടുകാരനെന്നോ ഏതു കുടുംബത്തില്‍പെട്ടവനാണെന്നോ നോക്കാതെ പരസ്പരം സഹായിക്കാന്‍ സന്നദ്ധ ഭടന്‍മാര്‍ രംഗത്തിറങ്ങി കണ്ടതില്‍ അതിയായ സന്തോഷമുണ്ട്. ഈ അവസ്ഥ ഏതു കാലവും തുടരുകയാണ് വേണ്ടത്. ദുരന്തം വരുമ്പോള്‍ മാത്രമല്ല, എല്ലാ സമയത്തും സഹകരണവും സമാധാനവും തുടര്‍ന്നു കൊണ്ടിരിക്കണം.


സര്‍ക്കാര്‍ കഴിവിന്റെ പരമാവധി ചെയ്തിട്ടുണ്ട്. സര്‍ക്കാരിനോട് സഹകരിച്ചുകൊണ്ട് പ്രതിപക്ഷം ഉള്‍പ്പെടെ 90 ശതമാനം ആളുകളും പ്രവര്‍ത്തിച്ചിട്ടുമുണ്ട്. പക്ഷേ, ചെറിയൊരു ശതമാനം ഇപ്പോഴും നാടിനെ രക്ഷപ്പെടുത്തുന്നതിനു പകരം പരസ്പരം കുറ്റപ്പെടുത്താനും പഴിചാരാനും ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഖേദകരമാണ്. മഴയുണ്ടായതിന്റെയും അണക്കെട്ടുകള്‍ തുറന്നതിന്റെയുമെല്ലാം കണക്കുകള്‍ പിന്നീട് പരിശോധിച്ച് വിശകലനം ചെയ്യാം.  ഇപ്പോള്‍ ജനങ്ങളെ രക്ഷപ്പെടുത്തുന്നതില്‍  ഒറ്റക്കെട്ടായി നീങ്ങുകയാണ് വേണ്ടത്. കേന്ദ്ര സര്‍ക്കാരും നമ്മളോടൊത്താണ് നിന്നിട്ടുള്ളത്. പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരുമെല്ലാം കേരളം സന്ദര്‍ശിച്ചതും സഹായം പ്രഖ്യാപിച്ചതുമെല്ലാം അഭിനന്ദനീയമാണ്. ഇക്കാര്യം മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യമായി ഒരു സംഖ്യ നല്‍കിയത് മര്‍ക്കസാണ്. അഞ്ച് ലക്ഷം രൂപം ചാരിറ്റി ഫണ്ടില്‍നിന്ന് കൊടുത്തു. അതിനു ശേഷം മര്‍ക്കസിനു കീഴിലെ വിവിധ സംഘടനകളും കഴിവിന്റെ പരമാവധി സഹായം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനവും ശ്ലാഘനീയമാണ്. ഐ.സി.എഫ് 50 ലക്ഷം ഇതിനകം സ്വരൂപിച്ചു കഴിഞ്ഞു. ഒരു കോടിയോളം സമാഹരിക്കാനാവുമെന്നാണ് പ്രതീക്ഷ. വിഭവങ്ങള്‍ സമാഹരിച്ചുകൊണ്ടിരിക്കുന്നുണ്ട്.


ദുരിതാശ്വാസ സഹായമായി വിദേശ രാജ്യങ്ങളില്‍നിന്നു ലഭിക്കുന്ന സഹായം സ്വീകരിക്കാന്‍ പാടില്ലെന്ന നിയമം ഒരിക്കലും ശരിയല്ലെന്നും അങ്ങനെ ഒരു നിയമം ഉണ്ടെങ്കില്‍ അത് എത്രയും വേഗം റദ്ദ് ചെയ്യണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. ഇന്ത്യയുമായി സൗഹൃദം കാത്തു സൂക്ഷിക്കുന്ന ഏതു രാജ്യത്തുനിന്നു സഹായം കിട്ടിയാലും സ്വീകരിക്കണം. യു.എ.ഇയുമായി നല്ല സൗഹൃദത്തിലാണ് ഇന്ത്യ. യു.എ.ഇയില്‍നിന്ന് നല്ലൊരു സഹായം പ്രതീക്ഷിക്കുന്നുണ്ട്. 700 കോടി നല്‍കാമെന്ന് പറഞ്ഞിട്ടില്ലെന്ന് യു.എ.ഇ അംബാസഡര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ഔദ്യോഗിക റിപ്പോര്‍ട്ട് കൊടുത്തിട്ടില്ലെന്നായിരിക്കും ഉദ്ദേശിച്ചത്. കേരളത്തിന് സഹായം നല്‍കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം അവിടത്തെ പത്രങ്ങളിലെല്ലാം വന്നിട്ടുള്ളതാണ്. മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് കൊടുത്തതിനു പുറമെ യൂസഫലി അടക്കമുള്ള വ്യവസായികള്‍ യു.എ.ഇയുടെ സമാഹരണത്തിലേക്കും സഹായം നല്‍കിയിട്ടുണ്ട്. എന്തായാലും യു.എ.ഇയുടെ സഹായം പ്രഖ്യാപനം ഉണ്ടാവും. പ്രഖ്യാപിച്ചാല്‍ അതു വാങ്ങണം. അതു വാങ്ങി കേരളത്തിലെ ജനങ്ങളുടെ ദിരുതമകറ്റാന്‍ ഉപയോഗിക്കണമെന്ന് കാന്തപുരം പറഞ്ഞു. വിദേശത്തുനിന്ന് പണം സ്വീകരിക്കാന്‍ പാടില്ലെന്നത് മന്‍മോഹന്‍ സിംഗിന്റെ കാലത്ത് ഉണ്ടാക്കിയ നിയമമാണ്. അതിന്റെ കുരുക്കാണ് ഇപ്പോഴുണ്ടായിട്ടുള്ളത്.  ആ നിയമം അടിയന്തിരമായ ഭേദഗതി ചെയ്യണമെന്ന് കാന്തപുരം പറഞ്ഞു.

 

Latest News