കൊച്ചി- കണ്ടല സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ ഇ. ഡി ആദ്യഘട്ട കുറ്റപത്രം നല്‍കി. സി. പി. ഐ മുന്‍ നേതാവും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ എന്‍. ഭാസുരാംഗന്‍, മകന്‍ അഖില്‍, രണ്ട് പെണ്‍മക്കള്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കെതിരെയാണ് ആദ്യഘട്ട കുറ്റപത്രം നല്‍കിയത്.
മൂന്നു കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാടാണ് കണ്ടല ബാങ്കില്‍ നടന്നതെന്നാണ് ഇ. ഡി കണ്ടെത്തിയിരിക്കുന്നത്. ഭാസുരാംഗന്‍ ബിനാമി പേരില്‍ 51 കോടി രൂപ വായ്പ തട്ടിയെന്നും ഇ. ഡി കണ്ടെത്തലിലുണ്ട്.
കൃത്യമായ ഈടുകളൊന്നുമില്ലാതെ ശ്രീജിത്ത്, അജിത്ത് എന്നീ പേരുകളിലുള്ള അക്കൗണ്ടുവഴി 51 കോടി രൂപയുടെ വായ്പ നല്‍കുകയും വര്‍ഷങ്ങളായി തിരിച്ചടവ് മുടങ്ങിയ ലോണിനെ കുറിച്ചുള്ള വിവരങ്ങള്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് കൈമാറരുതെന്ന് ഭാസുരാംഗന്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നുമാണ് ഇ. ഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.