ദമാം-കേന്ദ്ര അവഗണനയില്‍ കേരളത്തില്‍ യോജിച്ച സമരം അസാദ്ധ്യവും അപ്രസക്തവുമാണെന്നും മുഖ്യമന്ത്രിയുടെ നിഷേധാത്മക സമീപനവും കേന്ദ്രത്തോടുള്ള അദ്ദേഹത്തിനുള്ള വിനീത വിധേയത്വവുമാണെന്ന് കെ പി സി സി രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ. എം ലിജു ദമാമില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന എന്നത് വെറുതെ പറഞ്ഞു പോകാതെ ഏതെല്ലാം മേഖലയില്‍ കേരളത്തെ അവഗണിക്കുന്നു എന്നത് ഒരു ധവളപത്രം ഇറക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തെ ദ്രോഹിക്കുന്ന കാര്യങ്ങള്‍ അക്കമിട്ടു നിരത്താന്‍ എന്താണിത്ര മടിയെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കണം. ഇത്രയേറെ അവഗണന നേരിടുന്ന മുഖ്യമന്ത്രിയാണോ പ്രധാനമന്ത്രി കേരളത്തില്‍ വന്നപ്പോള്‍ വിനീത വിധേയനായി അദേഹത്തെ സ്വീകരിക്കുന്നത് നാം കണ്ടത്. ശരീരഭാഷയില്‍ പോലും ഒരെതിര്‍പ്പും കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിനെതിരെ ആത്മാര്‍ത്ഥതയുണ്ടങ്കില്‍ പ്രധാനമന്ത്രിയുടെ പരിപാടി ബഹിഷ്‌ക്കരിച്ചു കൊണ്ട് മാതൃക കാണിക്കാന്‍ മുഖ്യമന്ത്രി തയാറായോ എന്നും അഡ്വ. എം ലിജു ചോദിച്ചു.
ഇതില്‍ നിന്നെല്ലാം വെളിവാകുന്നത് ബി ജെ പിയും ഇടതുപക്ഷവും നടത്തുന്ന ഒത്തു കളിയാണ്. കേരളത്തില്‍ ജനാധിപത്യ രീതിയില്‍ പ്രതിഷേധം നടത്തുന്നവരെ തല്ലി കൊല്ലുന്നതിനെ ജീവന്‍ രക്ഷാ പ്രവര്‍ത്തനമാണെന്ന് ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുമായി എങ്ങിനെ യോചിച്ച പ്രക്ഷോഭം നടത്തുമെന്നും കുഴല്‍ പണം ഉള്‍പ്പടെ മുപ്പത്തിയേഴ് കേസ്സുള്ള ബി ജെ പി സംസ്ഥാന പ്രസിഡന്റിനു നേരെ ചെറു വിരല്‍ അനക്കാതെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കൊടും ക്രിമിനലിനെ കൊണ്ട് പോകും വിധം വെളുപ്പാന്‍ കാലത്ത് അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നതും കണ്ടതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത കേരളത്തിലെ ഈ ഭരണകൂടവുമായി യോചിച്ച പ്രതിഷേധം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒ ഐ സി സി ആലപ്പുഴ ജില്ല സംഘടിപ്പിക്കുന്ന വര്‍ണ്ണപ്പകിട്ട് 2024 ല്‍ മുഖ്യതിഥിയായി പങ്കെടുക്കാനാണ് ലിജു ദമാമിലെത്തിയത്.
പ്രവാസി സംഘടനകള്‍ക്ക് ഏറെ പ്രസക്തി കൂടിയ സന്ദർഭമാണിതെന്നും രാജ്യത്തിന്റെ വികസന കാര്യങ്ങളില്‍ പ്രവാസികളുടെ പങ്ക് തിളക്കമാര്‍ന്നതും ഒഴിച്ച് കൂടാന്‍ കഴിയാത്തതാണെന്നും അഡ്വ. എം ലിജു അഭിപ്രായപ്പെട്ടു. മണിപ്പൂരില്‍ നിന്ന് ആരംഭിച്ച രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്ര വരുന്ന ലോക സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തിനുള്ള തുടക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നരേന്ദ്ര മോഡി സര്‍ക്കാര്‍ വിഭാവനം ചെയ്ത വിഭജനത്തിന്റെ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഇരകളായിരുന്നു മണിപ്പൂര്‍ ജനത. നൂറു ദിവസത്തോളം കത്തിയെരിഞ്ഞ മണിപ്പൂരിനെ കുറിച്ച് ഒന്നുരിയാടാന്‍ പോലും മോഡി തയ്യാറായില്ല. മണിപ്പൂരില്‍ നടന്ന അതി കിരാതമായ നരഹത്യയും മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളും ലോകത്തിനു മുന്‍പില്‍ തല കുനിക്കേണ്ടി വന്ന ജാള്യതയില്‍ നിന്നും മോഡിക്ക് തലയൂരാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ നിന്നും തുടക്കമിട്ട രാഹുല്‍ ഗാന്ധിയുടെ ഈ ന്യായ് ജാഥക്ക് പ്രസക്തി ഏറെയാണന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മതേതര മനസ്സിനു മുറിവേല്‍പ്പിച്ചു കൊണ്ട് മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിക്കുന്ന ബി ജെ പി യുടെ രാഷ്ട്രീയ അജണ്ടക്കെതിരെയുള്ള പോരാട്ടമാണ് ന്യായ് യാത്ര എന്നും അദേഹം പറഞ്ഞു.
കേരളത്തില്‍ സുരേഷ് ഗോപിയെ മുന്‍നിർത്തി ന്യൂനപക്ഷങ്ങളെ തേടി നടത്തുന്ന മോഡിയുടെയും ബി ജെ പിയുടെയും പ്രവര്‍ത്തനങ്ങള്‍ കേരള ജനത തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു, ക്രിസ്തീയ മത വിഭാഗങ്ങളുടെ വീടുകളില്‍ ഭാവന സന്ദര്‍ശനം നടത്തിയും ക്ഷേമമന്വേഷിച്ചും നടത്തി കൊണ്ടിരിക്കുന്ന രംഗങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനുള്ള തന്ത്രം മെനയലാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പിണറായി സര്‍ക്കാരാവട്ടെ കേന്ദ്രത്തില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളുടെ സമാനമായാണ് മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രിയും സംശയത്തിന്റെ നിഴലിലാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പദവിയെ ദുരുപയോഗം ചെയ്തു അദ്ദേഹത്തിന്റെ കുടുംബം സമ്പത്ത് ആര്‍ജ്ജിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹജര്യത്തില്‍ പിണറായിയെ സംരക്ഷിക്കുന്ന നിലപാടാണ് അന്വേഷണമെന്ന പ്രഹസന നാടകത്തിലൂടെ കേന്ദ്ര സര്‍ക്കാരും നടത്തി കൊണ്ടിരിക്കുന്നത്.
കോണ്ഗ്രസ്സിനു ഒരു ആരാധനാലയങ്ങളോടും എതിര്‍പ്പില്ലെന്നും എല്ലാ മതങ്ങളോടും ആദരാവാണ് ഉള്ളതെന്നും അയോധ്യയിലെ രാമാക്ഷേത്രമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്ഗ്രസ് നിലപാട് സുവ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ ബി ജെ പി നടത്തുന്ന മുതലെടുപ്പിനെയാണ് എതിര്‍ക്കുന്നതെന്നും ആരാധനാലയത്തിനോടും മതവിശ്വാസത്തിനോടും ഒരു തരത്തിലുള്ള എതിര്‍പ്പുമില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ബി ജെ പി നടത്തുന്ന വിഭജനത്തിന്റെ രാഷ്ട്രീയത്തെ കോണ്ഗ്രസ് നേരിടുന്നത് യോചിപ്പിന്റെ രാഷ്ട്രീയമാണെന്നും ഇത് തന്നെയാണ് ഭാരത് ജോഡോ ന്യായ് യാത്രയിലൂടെ കോണ്ഗ്രസ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്ക് എതിരായി കോണ്‍ഗ്രസ് നടത്തി വരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. വരുന്ന ലോക സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണി ഭൂരിപക്ഷം നേടുമെന്നും ബി ജെ പി സര്‍ക്കാരിന് വിരാമാമിടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ രാഷ്ട്രീയപരമായ എതിര്‍പ്പ് സി പി എമ്മിനോടാണെന്നും അതെ സമയം ആശയപരമായി എതിര്‍പ്പുള്ളത് ബി ജെ പിയോടാണെനും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കോണ്ഗ്രസ്സും സി പി എമ്മുമാണ് ശക്തമായ മത്സരമെന്നും ബി ജെ പിയെ ഉയര്‍ത്തി കാണിക്കുന്നത് സി പി എമ്മിന്റെ തന്ത്രമാണെന്നും കോണ്ഗ്രസ്സിനെ അപ്രസക്തമാക്കാനുള്ള സി പി എമ്മിന്റെ തന്ത്രമാണിതെന്നും അത് കേരളത്തില്‍ വില പോവില്ലെനും അദ്ദേഹം അഭിപ്രായപ്പെട്ടു. ദമാമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഓ ഐ സി സി നേതാക്കളായ ബിജു കല്ലുമല, സിറാജ് പുറക്കാട്, ജോണി പുതിയറ, ജലീല്‍ പള്ളാത്തുരുത്തി എന്നിവര്‍ സംബന്ധിച്ചു.