കൊല്ലം- മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയ ബൊഗൈന്‍ വില്ല ചെടി തിരികെ നല്‍കണമെന്ന് എസ്.ബി.ഐ മുന്‍ ചീഫ് മാനേജര്‍. ഭാര്യയും ഭര്‍ത്താവും മകനോടൊപ്പം സ്‌കൂട്ടറിലെത്തിയാണ് ബൊഗൈന്‍ വില്ല ചെടിച്ചട്ടിയോടെ മോഷ്ടിച്ച് കടന്നത്. മുണ്ടയ്യ്ക്കല്‍ അമൃതകുളം ഇന്ദിരാജി ജംഗ്ഷന് സമീപം എസ്.ബി.ഐ മുന്‍ ചീഫ് മാനേജര്‍ എച്ച്. നഹാസിന്റെ കടയ്ക്കാട്ട് വീട്ടില്‍ നിന്നാണ് ചെടി മോഷ്ടിച്ചത്.
16 ന് രാത്രി പത്തരയോടെയായിരുന്നു സംഭവം. ഇലക്ട്രിക് സ്‌കൂട്ടറിലെത്തിയ ദമ്പതികള്‍ മതിലിന് മുകളില്‍ ഇരുന്ന ചെടിച്ചട്ടി സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുപോകുന്ന ദൃശ്യം സമീപത്തെ വീട്ടിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. നഹാസ് ആറ് വര്‍ഷമായി വളര്‍ത്തിയെടുത്തതാണ് ബൊഗൈന്‍വില്ല. സസ്യസ്‌നേഹിയായ നഹാസിന്റെ വീട്ടുമുറ്റത്തും മതില്‍ക്കെട്ടിന് മുകളിലും നിറയെ ചെടികളാണ്.
മതിലിന് മുകളില്‍നിന്നു ചെടികള്‍ മോഷ്ടിക്കുന്നത് പതിവായതോടെയാണ് നഹാസ് നിരീക്ഷണ കാമറ സ്ഥാപിച്ചത്. ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. മക്കളെപ്പോലെ പരിപാലിച്ച് വളര്‍ത്തിയ ചെടി തിരികെ നല്‍കണമെന്ന അപേക്ഷ മാത്രമേയുള്ളൂ.