തൃശൂര്‍- സ്വര്‍ണക്കടത്ത് കേസില്‍ പോലീസിനു പിടികൊടുക്കാതെ മുങ്ങിനടക്കുന്ന പ്രതി അബുലൈസ് തൃശൂരില്‍ പിടിയിലായി. 2013 മുതല്‍ ഒളിവില്‍ വിദേശത്തായിരുന്ന ഇദ്ദേഹത്തെ കേരളത്തിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഇതിനിടെ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ രഹസ്യമായി തൃശൂരിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററിലെത്തിയപ്പോഴാണ് പിടിയിലായത്. ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സിനു (ഡി.ആര്‍.ഐ) ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അബുലൈസ് വലയിലായത്. ഡി.ആര്‍.ഐ കോഴിക്കോട് യൂണിറ്റാണ് ഇയാളെ പിടികൂടിയത്. കൊടുവള്ളി സ്വദേശിയായ പ്രതി നേപ്പാള്‍ മാര്‍ഗം ഇതിനകം നിരവധി തവണ രാജ്യത്തെത്തിയിരുന്നതായി അന്വേഷണ സംഘത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. വിവിധ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയെന്നാണ് ഇയാള്‍ക്കെതിരായ കേസ്.