Sorry, you need to enable JavaScript to visit this website.

തിരുവല്ലയിൽ ആഗോള പ്രവാസി സംഗമം രണ്ടാം ദിനത്തിലേക്ക്

പത്തനംതിട്ട - പ്രവാസി സമൂഹത്തെ സംസ്ഥാനത്തിന്റെ വികസനത്തിന് ഉപയോഗിക്കുക ലക്ഷ്യത്തോടെയുള്ള ആഗോള പ്രവാസി സംഗമം തിരുവല്ലയിൽ വെള്ളിയാഴ്ച രണ്ടാം ദിവസത്തിലേക്ക്. 75 രാജ്യങ്ങളിൽ നിന്നുള്ള മൂവായിരത്തോളം പേരാണ് അഞ്ചു വേദികളിലായി നടക്കുന്ന സംഗമത്തിൽ പങ്കെടുക്കുന്നത്. മൈഗ്രേഷൻ കോൺക്ലേവ് 2024 എന്ന് പേരിട്ടിരിക്കുന്ന സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
പ്രവാസി സമൂഹത്തെ സംസ്ഥാനത്തിന്റെ ക്ഷേമത്തിനും വികസനത്തിനുമായി ഉപയോഗിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

വിജ്ഞാന സമൂഹത്തിലേക്കുള്ള ലോകമെമ്പാടുമുള്ള മലയാളികൾ മൈഗ്രേഷൻ കോൺക്ലേവ് 2024 നെ ശ്രദ്ധിക്കുന്നു. മലയാളിയുടെ പ്രവാസി ജീവിതം നൂറ്റാണ്ടിന് മുൻപ് ആരംഭിച്ചതാണ്. മലയാളികൾ ഇല്ലാത്ത ഒരിടവും ലോകത്തില്ല എന്ന സ്ഥിതി വന്നിരിക്കുന്നു. ഇതാണ് മലയാളിയുടെ ഇന്നത്തെ ഗ്ലോബൽ ഫൂട്പ്രിന്റ്. ഇതിനെ കേരളത്തിന്റെ വികസനത്തിനായി എങ്ങനെ ഉപയോഗിക്കാം എന്നാണ് സർക്കാർ ഉറ്റുനോക്കുന്നത്. നാലു ദിവസം നീളുന്ന ആഗോള പ്രവാസി മലയാളി സംഗമമായ മൈഗ്രേഷൻ കോൺക്ലേവ് 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ഉൾപ്പെടെ അരക്കോടിയിലധികം മലയാളികൾ കേരളത്തിന് പുറത്തുണ്ട്. നാടിന്റെ വികസനത്തിനായി വലിയ സംഭാവനകൾ നൽകാൻ കഴിയുന്നവരാണിവർ. വിശ്വകേരള കൂട്ടായ്മയാണിത്. ഈ കൂട്ടായ്മയുടെ കരുതൽ പലപ്പോഴായി നാം നേരിട്ട് അറിഞ്ഞതാണ്.
യോഗത്തിൽ അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് ചെയർമാൻ എസ് രാമചന്ദ്രൻ പിള്ള അധ്യക്ഷനായി. എ.കെ.ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ടി എം തോമസ് ഐസക് അമുഖ പ്രഭാഷണം നടത്തി. സി.പി.ഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രിമാരായ വീണാ ജോർജ്, പി പ്രസാദ്, സാഹിത്യകാരൻ ബെന്യാമിൻ, സി.പി.ഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം രാജു ഏബ്രഹാം,  നോർക്കാ റൂട്‌സ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ ഇന്ന് ക്ലാസ്സ് നടക്കും

Latest News