Sorry, you need to enable JavaScript to visit this website.

'മന്ത്രി മാത്രമല്ലല്ലോ മന്ത്രിസഭയല്ലേ ഉള്ളത്; ജനങ്ങൾക്ക് ആശ്വാസകരമായ ഒന്നും നിർത്തില്ല' -മന്ത്രി ഗണേഷിനെ തള്ളി എം.വി ഗോവിന്ദൻ

തിരുവനന്തപുരം - ഇലക്ട്രിക് ബസ് നിർത്തുമെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രസ്താവനയെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. ഇലക്ട്രിക് ബസ് നിർത്തുന്നതിനെതിരെ ഉയർന്ന അഭിപ്രായങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ 'മന്ത്രി മാത്രമല്ലല്ലോ, മന്ത്രിസഭയല്ലേ കാര്യം നടത്തുന്നതെന്നായിരുന്നു' സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. 
 ഇടതുമുന്നണിയുടെ നയപരമായ തീരുമാനം നടപ്പാക്കും. ജനങ്ങൾക്ക് ആശ്വാസകരമായ ഒന്നും നിർത്തലാക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്താനായി കെഎസ്ആർടിസി സ്വിഫ്റ്റിനായി വാങ്ങിയ ഇലക്ട്രിക് ബസുകളാണ് നഷ്ടമെന്ന് പറഞ്ഞ് നിർത്തുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം തൊഴിലാളി സംഘടനാ നേതാക്കളുമായുള്ള ചർച്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറയുകയുണ്ടായി. എന്നാൽ, മുൻ ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജു ഇലക്ട്രിക് ബസുകൾ ലാഭകരമാണെന്ന് പറഞ്ഞിരുന്നു.
  തിരുവനന്തപുരം നഗരത്തിൽ 110 ഇലക്ട്രിക് ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. കോഴിക്കോട്, കൊച്ചി, കൊല്ലം, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലും ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കാനിരിക്കെയാണ് ഇതിനെതിരെ ഗണേഷ്‌കുമാർ രംഗത്തെത്തിയത്. ഒരു ഇലക്ട്രിക് ബസിന്റെ വിലയിൽ നാല് ചെറിയ ഇലക്ട്രിക് ബസുകൾ വാങ്ങാമെന്നാണ് ഗണേഷ് കുമാറിന്റെ വാദം. 
 എന്നാൽ, മന്ത്രിയുടെ വാദത്തോട് ഇടതു മുന്നണിയിലെതന്നെ എല്ലാവർക്കും യോജിപ്പില്ല. തിരുവനന്തപുരം മുൻ മേയറും വട്ടിയൂർക്കാവ് എം.എൽ.എയുമായ വി.കെ പ്രശാന്ത് അടക്കമുള്ളവർ മന്ത്രി ഗണേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ  രംഗത്തുവന്നിരുന്നു. പത്തുരൂപ മിനിമം നിരക്കിലോടുന്ന ഇലക്ട്രിക് ബസുകൾ നഷ്ടത്തിലെങ്കിൽ ആ കണക്ക് മന്ത്രി പുറത്തുവിടണമെന്നും ഇലക്ട്രിക് വാഹനങ്ങൾ ഇടതുമുന്നണിയുടെ നയപരമായ തീരുമാനമാണെന്നും ജനങ്ങൾക്കത് അനിവാര്യമാണെന്നുമാണ് എം.എൽ.എ പ്രതികരിച്ചത്. വായു മലിനീകരണം കുറഞ്ഞ നഗരമാണ് തിരുവനന്തപുരം. തിരുവനന്തപുരത്തെ ജനപ്രതിനിധി എന്ന നിലയിൽ ഇലക്ട്രിക് ബസുകൾ നിർത്തുന്നതിനോട് യോജിപ്പില്ല. പാരലൽ സർവീസുകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനില്ല. മലിനീകരണം കുറയ്ക്കാൻ ഇലക്ട്രിക്ക് ബസുകൾ സഹായിക്കുമെന്നും ഇനിയുള്ള കാലത്ത് ഇലക്ട്രിക്ക് ബസുകൾ ഒഴിവാക്കാനാവില്ലെന്നും ഗണേഷ് കുമാറിന്റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നില്ലെന്നുമായിരുന്നു വി.കെ പ്രശാന്ത് അഭിപ്രായപ്പെട്ടത്. വിഷയത്തിൽ മന്ത്രിയുടെ നിലപാടിനൊപ്പമല്ല, ഇടതു മുന്നണിയുടെ വികാരമെന്നാണ് സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററുടെ പറഞ്ഞതിന്റെ ചുരുക്കം.
 

Latest News