കോഴിക്കോട് - കോഴിക്കോട് ചക്കോരത്തുകുളം ആസ്ഥാനമായുള്ള ടിഗ് നിധി പ്രൈവറ്റ് ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനം നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് ഭാര്യയെ പ്രതിചേർത്ത സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് നേതാവ് അഡ്വ. ടി സിദ്ദീഖ് എം.എൽ.എ പറഞ്ഞു.
കേസിന് ആസ്പദമായ സംഭവമുണ്ടായത് 2023-ലെ രണ്ടു തിയ്യതികളിലെ നിക്ഷേപത്തിലാണ്. ഈ കാലയളവിൽ തന്റെ ഭാര്യ അവിടെ പ്രവർത്തിച്ചിട്ടില്ലെന്നും ഇത് തെളിയിക്കാൻ കേസെടുത്ത നടക്കാവ് പോലീസിനെ വെല്ലുവിളിക്കുന്നുവെന്നും കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ബാക്കിപത്രമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭാര്യ പ്രസ്തുത സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുണ്ടെന്നത് ശരിയാണ്. എന്നാൽ, സ്ഥാപനത്തിന്റെ രീതി ശരിയല്ലെന്ന് കണ്ട് 2022 ഡിസംബർ എട്ടിന് രാജിവെക്കുകയായിരുന്നു. ശേഷം 2023ൽ നടത്തിയ നിക്ഷേപത്തിന് ഭാര്യയുടെ പേരിൽ വഞ്ചന കുറ്റം ചുമത്തിയത് ഗൂഢാലോചനയുടെ ഭാഗമാണ്. പരാതിക്കാരിയായ ആളെ നേരിട്ട് കണ്ടിട്ടില്ലെന്നും അവരെ അറിയില്ലെന്നും ഫോൺ വഴി പോലും സംസാരിച്ചിട്ടില്ലെന്നും പറഞ്ഞു. ഭാര്യ സിസി ബാങ്ക് ബ്രാഞ്ച് മാനേജർ മാത്രമായിരുന്നുവെന്നും ഇതേ തസ്തികയിൽനിന്നു തന്നെയാണ് രാജിവെച്ചതെന്നും ഡയറക്ടറോ എം.ഡിയോ ഒന്നുമായി പ്രവർത്തിച്ചിട്ടില്ലെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടി.
ഒരു ധനകാര്യ സ്ഥാപനത്തിന്റെ ജാഗ്രതയും സാമ്പത്തിക അച്ചടക്കവും ഇല്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് രാജിവെച്ചത്. കള്ള കേസെടുത്തും രാഷ്ട്രീയമായി തേജോവധം ചെയ്യാനും പോലീസ് ശ്രമിച്ചാൽ വിലപ്പോകില്ല. സ്ഥാപനത്തിലെ ഒരു ചെറിയ ഓഹരി പോലും ഭാര്യയുടെ പേരിൽ ഇല്ലെന്നും സിദ്ദീഖ് വ്യക്തമാക്കി.
വായിക്കുക....
13-കാരനുനേരെ ലൈംഗികാതിക്രമം; പാസ്റ്റർ അറസ്റ്റിൽ
മുണ്ട് മുറുക്കി ഉടുത്തു രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളാണ് താനെന്നും ഇപ്പോഴും ഒരുപാട് സാമ്പത്തിക ബാധ്യതയും ജപ്തി ഭീഷണിയും ഉണ്ടെന്നും പറഞ്ഞു. ഒരാളെ പറ്റിച്ചും മാസപ്പടി വാങ്ങിയും മുന്നോട്ട് പോകാനില്ല. തന്റെ രാഷ്ട്രീയ സ്വാധീനം പ്രതികൾ ഉപയോഗിച്ചോ എന്നറിയില്ല. താൻ പല സുഹൃത്തുക്കളോടും ആദ്യഘട്ടത്തിൽ പറഞ്ഞു നിക്ഷേപം സ്വരൂപിച്ചിട്ടുണ്ട്. അവർക്കൊക്കെ പണം തിരികെ വാങ്ങിക്കൊടുക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വിശദീകരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി തുടങ്ങിയ വിവിധ ശാഖകൾ വഴി 300-ത്തോളം പേരിൽനിന്നായി 20 കോടിയോളം രൂപ സമാഹരിച്ച് സ്ഥാപനം തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സ്ഥാപനത്തിലെ മുൻ ജീവനക്കാരിയും സിദ്ദീഖിന്റെ ഭാര്യയുമായ ഷറഫുന്നീസ, കമ്പനിയുടെ പ്രധാന ചുമതലക്കാരായ കടലുണ്ടി സ്വദേശി വസീം തൊണ്ടിക്കോടൻ, ഭാര്യ റാഹില ബാനു, ഫിറോസ് എന്നിവർ ഉൾപ്പെടെ അഞ്ചു പേർക്കെതിരേയാണ് വഞ്ചാനാകുറ്റത്തിന് നടക്കാവ് പോലീസ് കേസെടുത്തത്.