Sorry, you need to enable JavaScript to visit this website.

മഹാരാജാസ് കോളേജ് സംഘര്‍ഷം;  കെ.എസ്.യു പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി-മഹാരാജാസ് കോളേജ് സംഘര്‍ഷത്തില്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ ഇജിലാല്‍ അറസ്റ്റില്‍. കേസിലെ എട്ടാം പ്രതിയാണ് കണ്ണൂര്‍ സ്വദേശിയായ ഇജിലാല്‍. എസ്.എഫ്.ഐയുടെ പരാതിയിലാണ് ഇജിലാലിനെ അറസ്റ്റ് ചെയ്തത്. അതേസമയം, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയകേസില്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കെ.എസ്.യു, ഫ്രട്ടേണിറ്റി പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. വധശ്രമം അടക്കം 9 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി അബ്ദുള്‍ മാലിക്കാണ് ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവര്‍ത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആര്‍.
അതേസമയം, ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളേജ് പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കോളേജ് അടച്ചിടാന്‍ തീരുമാനിച്ചത്. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവങ്ങളുടെ തുടക്കം. കുത്തേറ്റ നാസര്‍ അബ്ദുള്‍ റഹ്മാന്‍ നാടകോത്സവത്തിന്റെ ചുമതലക്കാരനാണ്. രാത്രി 11.30ന് നാടക പരിശീലനത്തിന് ശേഷം ഇറങ്ങുമ്പോഴാണ് സംഘര്‍ഷമുണ്ടായതും നാസറിന് കുത്തേല്‍ക്കുകയും ചെയ്തത്. വടി വാളും ബിയര്‍ കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം. 14 പേരടങ്ങുന്ന സംഘമാണ് നാസറിനെ ആക്രമിച്ചതെന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തമീം റഹ്മാന്‍ പറഞ്ഞു. കെഎസ്യു പ്രവര്‍ത്തകനായ അമല്‍ ടോമി, ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ബിലാല്‍ എന്നിവര്‍ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്നും എസ്എഫ്‌ഐ ആരോപിച്ചു.

Latest News