Sorry, you need to enable JavaScript to visit this website.

കമ്പനിയുടെ പേരിലല്ലാതെ എങ്ങനെ  പണം വാങ്ങിയെന്ന് വീണയോട് ആര്‍ഒസി

തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ കമ്പനിയുടെ പേരിലല്ലാതെ, വ്യക്തിപരമായി സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയതിനെയും ചോദ്യം ചെയ്ത് രജിസ്ട്രാര്‍ ഓഫ് കമ്പനീസ്. 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വന്നതിനെ കുറിച്ചുള്ള വീണയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ബെംഗളൂരു ആര്‍ഒസിയുടെ കണ്ടെത്തല്‍. അതേസമയം, ആര്‍ഒസിയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തതയില്ലെന്നായിരുന്നു വീണയുടെ മറുപടി.
വീണയുടെ അക്കൗണ്ടിലേക്ക് എങ്ങനെ പണമെത്തി? കമ്പനിയുടെ പേരിലല്ലാതെ എങ്ങനെ പണം കൈപ്പറ്റിയെന്നാണ് ആര്‍ഒസിയുടെ ചോദ്യം.
55 ലക്ഷം രൂപ കിട്ടിയത് എങ്ങനെയാണ്. എന്നാല്‍ സ്വന്തം നിലയില്‍ നല്‍കിയ സോഫ്റ്റ്വെയര്‍ സേവനത്തിനാണെന്ന് വീണ മറുപടി പറയുന്നുണ്ട്. ഇതിനായി പ്രത്യേക കരാറില്ലെന്നും വീണയുടെ മറുപടിയിലുണ്ട്. വീണയുടെ മറുപടി തൃപ്തികരമല്ലെന്നാണ് നിലവിലെ അന്വേഷണ റിപ്പോര്‍ട്ട്. ചോദ്യങ്ങള്‍ക്ക് വ്യക്തതയില്ലെന്ന് പറഞ്ഞ വീണ ചോദ്യങ്ങള്‍ക്ക് ആധാരമായ രേഖകളുടെ വിവരം തന്നാല്‍ തുടര്‍മറുപടി നല്‍കാം എന്നാണ് പറയുന്നത്.
അതേസമയം, സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ മാത്രമല്ല ആര്‍ഒസി ക്രമക്കേട് ചൂണ്ടിക്കാടുന്നത്. എക്സാലോജിക്കിന് സോഫ്ട്വെയര്‍ സര്‍വീസിനെന്ന പേരില്‍ പ്രതിമാസം മൂന്ന് ലക്ഷം രൂപ കിട്ടിയതിന് പുറമേ, വീണയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതിലാണ്
ആര്‍ഒസി സംശയം ഉന്നയിച്ചത്. ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു ബെംഗളൂരു ആര്‍ഒസിയുടെ ചോദ്യം. സ്വന്തം നിലയില്‍ സോഫ്റ്റ്വെയര്‍ കണ്‍സല്‍ട്ടന്‍സി സേവനം നല്‍കാനാകുന്ന ഐടി പ്രൊഫഷണലാണ് താനെന്നായിരുന്നു വീണയുടെ മറുപടി. അത്തരം സേവനമാണ് സിഎംആര്‍എല്ലിന് നല്‍കിയത്. പക്ഷെ ഇതിനായി പ്രത്യേക കരാറില്ലെന്ന് വീണ സമ്മതിക്കുന്നുണ്ട്. ഇങ്ങനെ കൈപ്പറ്റിയ പണത്തിന് നികുതി അടച്ചിട്ടുണ്ടെന്നും മറുപടിയിലുണ്ട്. എന്നാല്‍ ആര്‍ഒസി ചോദ്യങ്ങളില്‍ അവ്യക്തതയുണ്ടെന്ന് വീണ പറയുന്നു. ചോദ്യങ്ങള്‍ക്ക് ആര്‍ഒസി ആധാരമാക്കിയ രേഖകളുടെ വിശദാംശങ്ങള്‍ നല്‍കിയാല്‍ തുടര്‍ മറുപടി നല്‍കാമെന്നും പറയുന്നു. വീണയാണോ, എക്സാലോജിക്കാണോ, സിഎംആര്‍എല്ലിന് സേവനം നല്‍കിയത്, എന്തൊക്കെ സേവനം നല്‍കി എന്നീ കാര്യങ്ങളിലെ മറുപടികളില്‍ തൃപ്തികരമല്ലെന്നാണ് ആര്‍ഒസി പറയുന്നത്. വീണയും കമ്പനിയും നല്‍കിയ മറുപടികള്‍ തള്ളിയാണ് കമ്പനി ഇടപാടുകളിലെ തട്ടിപ്പിനും രേഖകളില്‍ കൃത്രിമത്വം കാണിച്ചതിനും എതിരായ വകുപ്പുകള്‍ ചുമത്താമെന്ന് ആര്‍ഒസി കണ്ടെത്തിയത്.

Latest News