ന്യൂദല്‍ഹി- കേരളത്തിലുണ്ടായ പ്രളയ ദുരന്തം ഹൃദയം തകര്‍ക്കുന്നതാണെന്ന് വിശേഷിപ്പിച്ച ആഗോള ടെക്ക് ഭീമന്‍ ആപ്ള്‍ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏഴു കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ആഗോള ദുരിതാശ്വാസ സംഘടനയായ മേഴ്‌സി കോര്‍പ്‌സ് ഇന്ത്യയ്ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് ഐഫോണ്‍ നിര്‍മാതാക്കള്‍ ധനസഹായം നല്‍കുമെന്നറിയിച്ചത്. ഈ തുക ദുരന്തത്തിനിരയായവരുടെ വീടുകളും സ്‌കൂളുകളും പുനര്‍നിര്‍മ്മിക്കാനും വേണ്ടിയുള്ളതാണെന്നും കമ്പനി അറിയിച്ചു.
ഇതിനു പുറമെ ഐഫോണിലെ ആപ്പ് സ്റ്റോറിലും ഐട്യൂണ്‍സ് സ്റ്റോറിലും സംഭാവനകള്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ബാനറുകള്‍ പ്രദര്‍ശിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. മേഴ്‌സി കോര്‍പ്‌സിനു സംഭാവന നല്‍കാന്‍ ആവശ്യപ്പെടുന്നതായിരിക്കും ഈ ബാനര്‍ പരസ്യം. ആപ്പ് സ്റ്റോറിലും ഐട്യൂണ്‍സ് സ്റ്റോറിലും പ്രത്യേക ഡൊനേറ്റ് ബട്ടണുകള്‍ ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. ഇതു വഴി ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ മേഴ്‌സി കോര്‍പ്‌സിനു സംഭാവനകള്‍ നല്‍കാനാകുമെന്നും കമ്പനി അറിയിച്ചു. 5, 10, 25, 50, 100, 200 ഡോളറുകളായി സംഭവാന നല്‍കാം.