Sorry, you need to enable JavaScript to visit this website.

കൈപ്പത്തി വെട്ടിയ കേസ്; പ്രതി സവാദിനെ  പ്രൊഫ. ടി ജെ ജോസഫ് തിരിച്ചറിഞ്ഞു

കൊച്ചി- മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിമാറ്റിയ കേസിലെ മുഖ്യ ആസൂത്രകനും ഒന്നാം പ്രതിയുമായ സവാദിനെ പ്രൊ. ടി.ജെ ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് ഒന്നാം പ്രതി സവാദിനെ പ്രൊ. ടി.ജെ ജോസഫ് തിരിച്ചറിഞ്ഞത്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ സവാദിനെ കഴിഞ്ഞ ആഴ്ച കണ്ണൂരില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.
13 വര്‍ഷമായി ഒളിവിലായിരുന്ന സവാദിനെ കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. മട്ടന്നൂരില്‍ ഷാജഹാന്‍ എന്ന പേരില്‍ ഒളിവില്‍ താമസിച്ച് ആശാരിപ്പണി ചെയ്ത് വരുന്നതിനിടയിലാണ് സവാദ് പിടിയിലായത്. എന്‍ഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. കൊച്ചി എന്‍ഐഎ ആസ്ഥാനത്തെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 2010 ജൂലൈ 4 ന് തൊടുപുഴ ന്യുമാന്‍സ് കോളേജിലെ മലയാലം അധ്യാപകനായ പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിമാറ്റിയത്. സംഭവത്തിന് പിറകെ കൈവെട്ടാന്‍ ഉപയോഗിച്ച മഴു അടക്കമുള്ള ആയുധവുമായി സവാദ് ഒളിവില്‍ പോകുകയിരുന്നു.
2011 ലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. എന്നാല്‍ ഒന്നാം പ്രതിയെ കണ്ടെത്താന്‍ കഴിയാത്തത്ത് ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് തിരിച്ചടിയായിരുന്നു. വിവധ ഘട്ടങ്ങളിലായി സവാദിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇനാം 10 ലക്ഷമാക്കി ഉയര്‍ത്തി തെരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. കൈവെട്ട് കേസില്‍ 31 പ്രതികളെ ഉള്‍പ്പെടുത്തി 2015 എന്‍ഐഎ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 18 പേരെ വെറുതെവിടുകയും 13 പേരെ ശിക്ഷിക്കുകയുമായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ രണ്ടാം ഘട്ട വിചാരണ പൂര്‍ത്തിയാക്കി 6 പേരെ ശിക്ഷിക്കുകയും 5 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. സവാദിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്യലിനാണ് എന്‍ഐഎ തീരുമാനിച്ചിട്ടുള്ളത്. 13 വര്‍ഷം ഒളിവില്‍ കഴിയാന്‍ സഹായം ചെയതവര്‍ ആരൊക്കെ എന്നതടക്കമുള്ള വിവരങ്ങളാണ് എന്‍ഐഎ ഇനി അന്വേഷിക്കുന്നത്.

Latest News