റിയാദ്- ലോക ഇക്കണോമിക് ഫോറത്തിന്റെ അടുത്ത സമ്മേളനത്തിന് സൗദി അറേബ്യ ആതിഥ്യം വഹിക്കും.
2024 ഏപ്രിൽ 28, 29 തീയതികളിൽ റിയാദിലാണ് ഇക്കണോമിക് ഫോറത്തിന്റെ സമ്മേളനമെന്ന് സാമ്പത്തിക ആസൂത്രണ മന്ത്രി ഫൈസൽ അൽ ഇബ്രാഹിം പ്രഖ്യാപിച്ചു. രാജ്യത്ത് നടക്കാനിരിക്കുന്ന സെഷൻ ആഗോള സഹകരണം, വളർച്ച, ഊർജ്ജം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള തലസ്ഥാനമായി റിയാദ് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഈ പ്ലാറ്റ്‌ഫോം സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റിയാദ് ഈ ഫോറത്തിന് ആതിഥേയത്വം വഹിക്കുന്നതിനെക്കുറിച്ച് കിരീടാവകാശിയുമായും സൗദി അധികൃതരുമായും സംസാരിച്ചതായി ദാവോസ് ഫോറം മേധാവി സ്ഥിരീകരിച്ചു. കൊറോണക്ക് ശേഷം സ്വിസ് നഗരമായ ദാവോസിന് പുറത്ത് ആദ്യമായാണ് ഫോറം നടക്കുന്നത്.
റിയാദിലെ വളർച്ച, സുസ്ഥിര വികസനം, ഊർജ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ഫോറം ചർച്ച ചെയ്യുമെന്നും മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സൗദി പ്രതിനിധി സംഘത്തിന് നന്ദി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.