ന്യൂദല്‍ഹി- പ്രളയക്കെടുതികളില്‍ വലയുന്ന കേരളത്തിന് വിദേശ രാജ്യങ്ങള്‍ വാഗ്ാദനം ചെയ്യുന്ന സഹായങ്ങള്‍ സ്വീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചു. സഹായം നിഷേധിക്കുന്നത് ജീവിക്കാനുള്ള അവകാശ ലംഘനമാണെന്നും ദുരന്തങ്ങളുണ്ടാകുമ്പോള്‍ വിദേശ സഹായം സ്വീകരിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
യുഎഇയില്‍ നിന്നുള്ള 700 കോടിയുടെ ധനസഹായത്തെ ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നതിനിടെയാണ് ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വിദേശത്തു നിന്ന് സഹായം സ്വീകരിക്കാമെന്ന് ദുരന്തനിവാരണ ചട്ടങ്ങളില്‍ പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങള്‍ ഔദ്യോഗികമായി ഒരു നിശ്ചിത തുക സഹായമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടില്ലെന്നും എന്നാല്‍ എങ്ങനെ സഹായിക്കണമെന്നതു സംബന്ധിച്ച് അവലോകനം നടത്തി വരികയാണെന്നും കേരളത്തിനു സഹായങ്ങള്‍ നല്‍കുമെന്നും കഴിഞ്ഞ ദിവസം യുഎഇ അംബാസഡര്‍ വ്യക്തമാക്കിയിരുന്നു.
യുഎഇയില്‍ നിന്നുള്ള സഹായത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഇപ്പോഴും ശുഭാപ്തി വിശ്വാസമുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും വ്യക്തമാക്കിയിരുന്നു. യുഎഇയുടെ സഹായം ലഭിക്കുമെന്ന് ആ രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയാണ് അറിയിച്ചതെന്നും അതു ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്.