തിരുവനന്തപുരം - സി.എം.ആര്‍.എല്‍, എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജിസ്റ്റാര്‍ ഓഫ് കമ്പനീസ് (ആര്‍.ഒ.സി) റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശം. സി.എം.ആര്‍.എല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സി.എം.ആര്‍.എല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്ന മുഖ്യമന്ത്രിക്ക് സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയില്‍ നേരിട്ടുള്ള നിയന്ത്രണമുണ്ട്. എക്‌സാലോജിക്കുമായി സി.എം.ആര്‍.എല്ലിനുണ്ടായിരുന്നത് തല്‍പ്പരകക്ഷി ഇടപാടാണ്. ഇടപാടിനെ കുറിച്ച് വെളിപ്പെടുത്താത്തത് നിയമലംഘനമാണെന്നും ആര്‍.ഒ.സി. റിപ്പോര്‍ട്ടില്‍ പറയുന്നു.
എക്‌സാലോജിക് സി.എം.ആര്‍.എല്‍. ഇടപാടില്‍ അടിമുടി ദുരൂഹതയെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപാട് വിവരം സി.എം.ആര്‍.എല്‍. മറച്ചുവെച്ചുവെന്നും വിശദമായ അന്വേഷണം വേണമെന്നും ആര്‍.ഒ.സിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. ആര്‍.ഒ.സി. ചില വിവരങ്ങളും വിശദാംശങ്ങളും എക്‌സാലോജിക്കിനോടും സി.എം.ആര്‍.എല്ലിനോടും തേടിയിരുന്നു. എന്നാല്‍ അന്ന് വിശദാംശങ്ങളൊന്നും നല്‍കാന്‍ എക്‌സാലോജിക്കിനും വീണാ വിജയനും സാധിച്ചിരുന്നില്ല. ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കിയില്ലെന്നും ഒളിച്ചുകളിച്ചെന്നും ആര്‍.ഒ.സി. റിപ്പോര്‍ട്ടില്‍ പറയുന്നു.