Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യ യുറേനിയം സമ്പുഷ്ടീകരിക്കും- അല്‍ജുബൈര്‍

ജിദ്ദ - സൗദി അറേബ്യ യുറേനിയം സമ്പുഷ്ടീകരിക്കുമെന്നും മറ്റു രാജ്യങ്ങള്‍ക്ക് ആണവോര്‍ജം വില്‍ക്കുമെന്നും വിദേശകാര്യ സഹമന്ത്രിയും കാലാവസ്ഥാ കാര്യങ്ങള്‍ക്കുള്ള പ്രത്യേക ദൂതനുമായ ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. 'മിഡില്‍ ഈസ്റ്റ്, ഉത്തരാഫ്രിക്ക മേഖലകളില്‍ സുസ്ഥിരതയിലേക്കുള്ള ധീരമായ ചുവടുവെപ്പുകള്‍' എന്ന ശീര്‍ഷകത്തില്‍ ദാവോസ് ലോക സാമ്പത്തിക ഫോറത്തില്‍ സംഘടിപ്പിച്ച സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആദില്‍ അല്‍ജുബൈര്‍. സൗദിയില്‍ വന്‍ യുറേനിയം ശേഖരമുണ്ട്. ഇത് പ്രയോജനപ്പെടുത്താന്‍ രാജ്യം ആഗ്രഹിക്കുന്നു. യുറേനിയം സമ്പുഷ്ടീകരണത്തിലൂടെ മറ്റു രാജ്യങ്ങളെ മലിനീകരിക്കാന്‍ സൗദി അറേബ്യ ആഗ്രഹിക്കുന്നില്ല.
സൗദിയില്‍ എമ്പാടും വിഭവങ്ങളുണ്ട്. ഇവ സൗദി വൈദഗ്ധ്യവും ശേഷികളും ഉപയോഗിച്ച് സൗദി അറേബ്യക്കകത്തു തന്നെ പ്രയോജനപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ മാനിക്കുന്നതില്‍ സൗദി അറേബ്യക്ക് ഒരു പ്രശ്‌നവുമില്ല. പുരോഗതിക്ക് സഹായിക്കുന്ന നിലക്ക് ശുദ്ധമായ ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ സൗദി അറേബ്യ പ്രവര്‍ത്തിക്കും. നിലവില്‍ ലോകത്ത് ഏറ്റവുമധികം എണ്ണ കയറ്റി അയക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഭാവിയില്‍ ശുദ്ധമായ ആണവോര്‍ജവും സൗദി അറേബ്യ വില്‍ക്കും. മറ്റു രാജ്യങ്ങള്‍ക്ക് എണ്ണയും ഗ്യാസും ശുദ്ധമായ ഊര്‍ജവും സൗദി അറേബ്യ നല്‍കുമെന്നും ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.
ഒരു ഘട്ടത്തില്‍ എണ്ണ തീര്‍ന്നുപോകും. ഇക്കാര്യം കണക്കിലെടുത്ത് ബദല്‍ ഊര്‍ജ സ്രോതസ്സുകള്‍ കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ടാണ് പുനരുപയോഗ ഊര്‍ജ മേഖലയില്‍ സൗദി അറേബ്യ വലിയ തോതില്‍ നിക്ഷേപങ്ങള്‍ നടത്തുന്നത്. ആഗോള താപനം ലഘൂകരിക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ തയാറാക്കാന്‍ സൗദി അറേബ്യ ആഗ്രഹിക്കുന്നു. ഇക്കാര്യത്തില്‍ രാജ്യം വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ആഗോള താപനം കുറക്കാനുള്ള ശ്രമങ്ങള്‍ രാജ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എണ്ണ കയറ്റുമതിക്കാരായി മാത്രം ഞങ്ങള്‍ സ്വയം കാണുന്നില്ല. പുനരുപയോഗ ഊര്‍ജം അടക്കം ഊര്‍ജ കയറ്റുമതിക്കാരായാണ് സൗദി അറേബ്യ സ്വയം കാണുന്നത്. കാലാവസ്ഥാ വ്യതിയാനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സൗദി അറേബ്യക്ക് വലിയ താല്‍പര്യമുണ്ട്. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹവുമായി സൗദി അറേബ്യക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. ഭാവിയില്‍ സൗദി അറേബ്യ മറ്റു രാജ്യങ്ങള്‍ക്ക് ആണവോര്‍ജം വില്‍ക്കുമെന്ന ആദില്‍ അല്‍ജുബൈറിന്റെ വെളിപ്പെടുത്തല്‍ വൈറലായി.
അതേസമയം, പ്രതിസന്ധികള്‍ക്കിടെ സ്വകാര്യ മേഖലകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ ലോക സാമ്പത്തിക ഫോറത്തില്‍ പറഞ്ഞു. ഗവണ്‍മെന്റുകളും കമ്പനികളും വ്യക്തികളും കൂടുതല്‍ വഴക്കം കാണിക്കണം. ഭാവിയിലെ ആഘാതങ്ങളെ നേരിടാന്‍ നമുക്ക് കഴിയണമെന്നും 'അനിശ്ചിതത്വത്തിന്റെ കാലത്ത് വളര്‍ച്ച് പുതിയ വഴികള്‍ കണ്ടെത്തല്‍' എന്ന ശീര്‍ഷകത്തില്‍ നടന്ന സെഷനില്‍ മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു.

 

Latest News