Sorry, you need to enable JavaScript to visit this website.

പുറത്താക്കിയ അനു റാണി ഏഷ്യാഡിന് ജക്കാര്‍ത്തയില്‍

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ അത്‌ലറ്റിക്‌സ് ടീമിലേക്ക് യോഗ്യത നേടാതിരുന്ന അനു റാണി ആരുമറിയാതെ ടീമില്‍ കയറിപ്പറ്റി. അനു റാണിയെയും മോണിക്ക ചൗധരിയെയും ടീമില്‍ നിന്ന ഒഴിവാക്കിയതായി കഴിഞ്ഞയാഴ്ച അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ തന്നെയാണ് അറിയിച്ചത്. ഇന്നലെ ജക്കാര്‍ത്തയില്‍ അനു എത്തിയ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് താരം പിന്‍വാതിലിലൂടെ ടീമിലെത്തിയ കാര്യം കായികപ്രേമികള്‍ അറിഞ്ഞത്. അനുവിനെ ടീമിലുള്‍പെടുത്തിയ കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ ജി.എസ് രന്ധാവ പറഞ്ഞു. 
തന്നെ ഒഴിവാക്കിയതിനെതിരെ കോടതിയെ സമീപിച്ച മോണിക്ക ചൗധരിയെയും ടീമിലുള്‍പെടുത്തിയിട്ടുണ്ട്. ഇരുവര്‍ക്കും വേണ്ടി രണ്ടാമതൊരു സെലക്ഷന്‍ ട്രയല്‍സ് നടത്തിയിരുന്നു. അതിലും ഇരുവരുടെയും പ്രകടനം തൃപ്തികരമായിരുന്നില്ലെന്നാണ് ഫെഡറേഷന്‍ തന്നെ പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നത്. അനുവിനെ ടീമിലുള്‍പെടുത്താന്‍ ഫെഡറേഷന്‍ തന്റെ അനുവാദം ചോദിച്ചിരുന്നുവെന്നും എന്നാല്‍ യോഗ്യതാ മാനദണ്ഡം പിന്നിട്ടിട്ടില്ലാത്തതിനാല്‍ വേണ്ടെന്നാണ് താന്‍ പറഞ്ഞതെന്നും രന്ധാവ വെളിപ്പെടുത്തി. കഴിഞ്ഞ ഏഷ്യാഡില്‍ ജാവലിന്‍ ത്രോയില്‍ വെങ്കലം കരസ്ഥമാക്കിയിരുന്നു അനു. 1500 മീറ്ററില്‍ മോണിക്ക യോഗ്യതാ മാര്‍ക്കിന് അടുത്തെങ്ങുമെത്തിയിരുന്നില്ലെന്നും രന്ധാവ വ്യക്തമാക്കി. 
 

Latest News