കോഴിക്കോട് - ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുകമെന്നും നരേന്ദ്ര മോഡി തന്നെ വീണ്ടും ഭപ്രധാനമന്ത്രിയാകുമെന്നും മുൻ കേന്ദ്രമന്ത്രിയും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവ്‌ദേക്കർ എം.പി പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ പാർട്ടിക്ക് എം.എൽ.എമാർ ഇല്ലെങ്കിലും മലയാളികൾക്ക് മോഡി വലിയ പരിഗണനയാണ് നൽകുന്നത്. അടുത്ത 100 ദിവസത്തിനകം ബി.ജെ.പി നേതാക്കൾ കേരളത്തിലെ എല്ലാ വോട്ടർമാരേയും നേരിട്ട് കാണുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ബി.ജെ.പി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. മോഡിയുടെ ഗ്യാരണ്ടി കേരളത്തിൽ നടപ്പായി. കർഷകർക്കും സാധാരണക്കാർക്കും മോഡി സഹായം നൽകിയിട്ടുണ്ട്. മോഡി തിരുവനന്തപുരത്ത് മത്സരിക്കുമെന്നത് ഊഹാപോഹം മാത്രമാണ്. അത്തരമൊരു തീരുമാനവും ചർച്ചയും നടന്നിട്ടില്ല.
എക്‌സാലോജിക്കിൽ സുതാര്യമായ അന്വേഷണമാണ് നടക്കുന്നത്. രാഷ്ട്രീയ പ്രേരിതമല്ല. കുറ്റക്കാർ ആരായലും ശിക്ഷിക്കപ്പെടും. വീണ ചെയ്തത് എന്തെന്ന് എല്ലാവർക്കും അറിയാം. അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന സി.പി.എം ആരോപണം അന്വേഷണം പൂർത്തിയാവുമ്പോൾ അവർക്ക് മനസിലാവും. സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന യു.ഡി.എഫ് ആരോപണം ഈ വർഷത്തെ ഏറ്റവും വലിയ തമാശയാണ്. മോഡിയുടെ ഗ്യാരണ്ടി തെറ്റെന്ന് പറയാൻ വി.ഡി സതീശൻ ദൈവമല്ലെന്നും പ്രകാശ് ജാവ്‌ദേക്കർ ചൂണ്ടിക്കാട്ടി.