ജിദ്ദ - നൂതനമായ തൊഴില്‍ ശൈലികള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫ്‌ളെക്‌സിബിള്‍ തൊഴില്‍ നിയമത്തില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യാപക ഭേദഗതികള്‍ വരുത്തി. പ്രതിമാസം 95 മണിക്കൂറിലേറെ സമയം ജോലി ചെയ്യാന്‍ ജീവനക്കാര്‍ക്ക് അനുമതി നല്‍കിയതും നിതാഖാത്തില്‍ വെയ്‌റ്റേജ് വര്‍ധിപ്പിച്ചതുമാണ് ഭേദഗതികളില്‍ ഏറ്റവും പ്രധാനം.
ഫ്‌ളെക്‌സിബിള്‍ തൊഴില്‍ ശൈലിയില്‍ ജോലി ചെയ്യുന്ന സ്വദേശികളെ സൗദിവല്‍ക്കരണ പദ്ധതിയായ നിതാഖാത്തില്‍ പൂര്‍ണ സൗദി ജീവനക്കാരന്‍ എന്നോണം ഇനി മുതല്‍ പരിഗണിക്കും. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത ഒരു തൊഴിലാളിയോ ഒരുകൂട്ടം തൊഴിലാളിയോ മാസത്തില്‍ 160 മണിക്കൂര്‍ ഫ്‌ളെക്‌സിബിള്‍ രീതിയില്‍ ജോലി പൂര്‍ത്തിയാക്കുമ്പോഴാണ് ഒരു പൂര്‍ണ സൗദി ജീവനക്കാരനെ പോലെ ഒരു പൂര്‍ണ പോയിന്റ് നിതാഖാത്തില്‍ കണക്കാക്കുക.
ഫ്‌ളെക്‌സിബിള്‍ തൊഴില്‍ രീതിയില്‍ ജോലി ചെയ്യുന്നവര്‍ മാസത്തില്‍ 95 മണിക്കൂറില്‍ കൂടുതല്‍ ചെയ്യുന്ന ജോലി ഓവര്‍ടൈം ആയാണ് കണക്കാക്കുക. ഓവര്‍ടൈം ജോലിക്ക് തൊഴില്‍ കരാറില്‍ നിശ്ചയിച്ച അടിസ്ഥാന വേതനത്തിന് തുല്യമായ വേതനം നല്‍കാന്‍ തൊഴിലുടമക്കും തൊഴിലാളിക്കും പരസ്പര ധാരണയിലെത്താവുന്നതാണ്. ഫ്‌ളെക്‌സിബിള്‍ തൊഴില്‍ രീതിയില്‍ തൊഴില്‍ ചെയ്യുന്ന ജീവനക്കാര്‍ക്ക് ജോലിക്ക് ആവശ്യപ്പെടുമ്പോള്‍ ഏതു സമയവും ജോലി സ്വീകരിക്കാനും നിരാകരിക്കാനും അവകാശമുണ്ട്. ഇങ്ങിനെ ജോലി നിരാകരിക്കുന്നതിന് അവര്‍ക്കെതിരെ നടപടികളൊന്നും സ്വീകരിക്കില്ല. ഫ്‌ളെക്‌സിബിള്‍ തൊഴില്‍ കരാര്‍ തത്തുല്യ കാലത്തേക്കോ ഇരു വിഭാഗവും പരസ്പര ധാരണയിലെത്തുന്നതു പ്രകാരം ഒരു വര്‍ഷത്തില്‍ കവിയാത്ത കാലത്തേക്കോ ദീര്‍ഘിപ്പിക്കാവുന്നതാണ്.
ഫ്‌ളെക്‌സിബിള്‍ തൊഴില്‍ കരാര്‍ രേഖാമൂലം എഴുതിത്തയ്യാറാക്കല്‍ നിര്‍ബന്ധമാണ്. കരാര്‍ കാലയളവും തൊഴില്‍ സമയവും പ്രത്യേകം നിര്‍ണയിക്കണം. തൊഴിലാളി ദിവസേന ജോലി നിര്‍വഹിക്കുകയാണെങ്കിലും ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം ജോലി നിര്‍വഹിക്കുകയാണെങ്കിലും സ്ഥാപനത്തിന്റെ പതിവ് പ്രവൃത്തി സമയത്തിന്റെ പകുതിയില്‍ കുറവായിരിക്കണം ഫ്‌ളെക്‌സിബിള്‍ തൊഴില്‍ സമയം എന്ന് വ്യവസ്ഥയുണ്ട്.
നിയമാനുസൃത കാരണമില്ലാതെ ഏതെങ്കിലും കക്ഷികള്‍ കരാര്‍ ഇടക്കുവെച്ച് റദ്ദാക്കുന്ന പക്ഷം കരാറിലെ ശേഷിക്കുന്ന കാലത്തെ വേതനം ആവശ്യപ്പെടാന്‍ രണ്ടാമത്തെ കക്ഷിക്ക് അവകാശമുണ്ട്. അവധികള്‍, പ്രതിവാര വിശ്രമം, ഔദ്യോഗിക അവധികള്‍, ഓവര്‍ടൈം എന്നിവയുമായി ബന്ധപ്പെട്ട് തൊഴില്‍ നിയമ വകുപ്പുകള്‍ ഫ്‌ളെക്‌സിബിള്‍ ജീവനക്കാര്‍ക്കും ബാധകമാണ്.
സ്വദേശികളുമായി മാത്രമേ ഫ്‌ളെക്‌സിബിള്‍ തൊഴില്‍ കരാറുകള്‍ ഒപ്പുവെക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതിയുള്ളൂ. വാര്‍ഷിക അവധി, രോഗാവധി എന്നിവ അടക്കം വേതനത്തോടെയുള്ള അവധികളില്‍ ഫ്‌ളെക്‌സിബിള്‍ തൊഴില്‍ ശൈലിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴിലുടമകള്‍ വേതനം നല്‍കല്‍ നിര്‍ബന്ധമല്ല. ഇത്തരക്കാര്‍ക്ക് സര്‍വീസ് ആനുകൂല്യവും നല്‍കേണ്ടതില്ല. ഫ്‌ളെക്‌സിബിള്‍ രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രൊബേഷന്‍ കാലവും ബാധകമല്ല. ഫ്‌ളെക്‌സിബിള്‍ രീതിയില്‍ ജോലി ചെയ്യുന്ന സൗദികള്‍ക്കും ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് പെന്‍ഷന്‍, തൊഴില്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ ലഭിക്കും.
സൗദിയിലെ ഭൂരിഭാഗം സി.ഇ.ഒമാരും വലിയ ആശങ്കയിലാണ്; സര്‍വേ ഫലം
കുവൈത്തിൽ കാണാതായ മലയാളി യുവാവ് മരിച്ച നിലയിൽ
ഇറാന് തിരിച്ചടി നല്‍കി പാകിസ്ഥാന്‍, ഭീകര കേന്ദ്രങ്ങളിലേക്ക് മിസൈല്‍
ആഡംബര ഹോട്ടലില്‍ 15 ദിവസം താമസം; പണം നല്‍കാതെ മുങ്ങാന്‍ ശ്രമിച്ച യുവതി പിടിയില്‍