കണ്ണൂർ - വൃക്കരോഗത്തെത്തുടർന്ന് ചികിത്സക്കായി നാട്ടിലെത്തിയ റിയാദിലെ പ്രവാസി സാമൂഹിക പ്രവർത്തക നിര്യാതയായി. കണ്ണൂർ പെരളശ്ശേരി സ്വദേശിനിയും, റിയാദിൽ ജോലി ചെയ്യുന്ന ചൊവ്വ സ്വദേശി രതീഷ് ബാബുവിന്റെ ഭാര്യയുമായ മിനിമോളാണ് (46) മരിച്ചത്. മംഗലാപുരം കെ.എം.സിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
രോഗബാധിതയായി ഒരു മാസം മുമ്പാണ് റിയാദിൽനിന്ന് നാട്ടിൽ എത്തിയത്. ആദ്യം കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തെ കെ.എം.സി കസ്തൂർബാ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
20 വർഷത്തിലേറെയായി റിയാദിലുണ്ടായിരുന്ന മിനിമോൾ അൽഹുദ ഇൻറർനാഷനൽ സ്‌കൂളിൽ ടീച്ചിങ് അസിസ്റ്ററ്റൻറായി ജോലി ചെയ്തിരുന്നു. റിയാദിൽ ടയോട്ട ലക്‌സസ് കമ്പനിയിൽ ജീവനക്കാരനാണ് ഭർത്താവ് രതീഷ് ബാബു. ശ്രീഹരി (റിയാദ്), ശ്രീപ്രിയ (കണ്ണൂർ) എന്നിവർ മക്കളാണ്.