കണ്ണൂർ - കണ്ണൂരിലെ തോന്ന്യാസ കല്യാണങ്ങൾക്ക് തടയിടാൻ മഹല്ല് കമ്മിറ്റികളും മതപുരോഹിതരും നടപടി തുടങ്ങി. മഹല്ലുകളിൽ വ്യാപക ബോധവത്ക്കരണം നടത്തുന്നതിന് പുറമെ, വിവാഹ പാർട്ടികളിൽ നിന്ന് ഉടമ്പടി പത്രം വാങ്ങാനും തീരുമാനമായി. കണ്ണൂർ വാരത്ത് വിവാഹ ഘോഷയാത്ര പോലീസ് കേസിലേക്കും തുടർ നടപടികളിലേക്കും നീങ്ങുകയും, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തതോടെയാണ് നീക്കം.
അമ്പതു രൂപയുടെ മുദ്രപത്രത്തിലാണ് പ്രതിജ്ഞ പത്രം തയ്യാറാക്കുന്നത്. ഇതിൽ വരനും വധുവും രക്ഷിതാക്കളുമടക്കം ഒപ്പുവെക്കണം. മേൽ പറഞ്ഞ വിവാഹത്തിൽ യാതൊരു വിധ അനിസ്‌ലാമിക പ്രവൃത്തികളും, അയൽവാസികൾക്കോ, പരിസരവാസികൾക്കോ, പൊതു ജനങ്ങൾക്കോ, പ്രത്യക്ഷമായോ, പരോക്ഷമായോ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ആഭാസ ആർഭാടങ്ങൾ, ഘോഷയാത്രകൾ, ഹോളി കളർ പ്രയോഗങ്ങൾ, കരി മരുന്നു പ്രയോഗങ്ങൾ, ബാൻഡ്, പഞ്ച വാദ്യ സംഘങ്ങൾ, നൃത്തം, എന്നിവ ഇല്ലെന്നു ഞങ്ങൾ ഉറപ്പു നൽകുന്നു. അതെ പോലെ വരനെയോ, വധുവിനെയോ, ആനയിച്ചു കൊണ്ടു പോകുന്ന വേളയിൽ ആന, ഒട്ടകം, കുതിര, എന്നിവ പോലുള്ള മൃഗങ്ങൾ ഉപയോഗിക്കില്ലെന്നു ഉറപ്പു നൽകുന്നു. വരനെ ആനയിച്ചു പോകുന്ന സമയം റോഡ് തടസ്സമോ, വാഹനഗതാഗത തടസ്സമോ, സൃഷ്ടിക്കുന്ന യാതൊരു വിധ നടപടിയും ഉണ്ടാവില്ലെന്നു ഉറപ്പ് നൽകുന്നു. മേൽ പറഞ്ഞ ഉറപ്പു ഇരു പാർട്ടികളും അക്ഷരംപ്രതി പാലിക്കേണ്ടതാണ്. ഇരു പാർട്ടികളും ഈ പ്രതിജ്ഞഞ കരാർ ലംഘിക്കുന്ന പക്ഷം മഹല്ല് പ്രസിഡൻ്റ് / സെക്രട്ടറി, എന്നിവരോ, ഖത്തീബോ, ഉത്തരവാദികളായിരിക്കില്ല. നിയമനടപടികൾ ഇവർ സ്വയം നേരിടേണ്ടതാണ്. നിക്കാഹു നടന്നാലും, ഇത്തരം പ്രതിജ്ഞ / കരാർ ലംഘനം നടത്തിയ വർക്കു മഹല്ല് കമ്മിറ്റി ഒരു കാരണവശാലും വിവാഹസർട്ടിഫിക്കറ്റ് (നിക്കാഹു സർട്ടിഫിക്കറ്റ്) നൽകുന്നതല്ലെന്ന അറിയിപ്പിനോട് ഞങ്ങൾ പൂർണ്ണമായും, യോജിക്കുന്നു. സമ്മതിക്കുന്നു. എന്നാണ് പ്രതിജ്ഞാ പത്രത്തിൽ പറയുന്നത്.
ഏതാനും വർഷങ്ങൾക്ക് മുമ്പ് മഹല്ല് കമ്മിറ്റികളും സാമൂഹ്യ പ്രവർത്തകരും ഉൾപ്പെടെ ഇടപെട്ട് അവസാനിപ്പിച്ച ഇത്തരം നടപടികൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.
ഫോട്ടോ - വിവാഹ പ്രതിജ്ഞാപത്ര മാതൃക.