Sorry, you need to enable JavaScript to visit this website.

തെറ്റായ വിവരങ്ങള്‍ നല്‍കി; വീണ വിജയനെതിരെ കടുത്ത നടപടിക്ക് ആര്‍ഒസി

തിരുവനന്തപുരം-മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ രേഖകളില്‍ കൃത്രിമം കാണിച്ചതായി രജിസ്റ്റാര്‍ ഓഫ് കമ്പനീസിന്റെ നിര്‍ണ്ണായക കണ്ടെത്തല്‍. എക്സാലോജിക് കമ്പനി മരവിപ്പിക്കാനായി നല്‍കിയ അപേക്ഷയിലും സത്യവാങ്മൂലത്തിലും തെറ്റായ വിവരങ്ങളുള്ളതെന്നാണ് കണ്ടെത്തല്‍. വീണയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ബെംഗളൂരു ആര്‍ഒസിയുടെ റിപ്പോര്‍ട്ടിലുള്ളത്.
എക്സാലോജിക് കമ്പനി മരവിപ്പിച്ചത് പലതും മറച്ചുവയ്ക്കാനെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. എക്സാലോജിക്കിനും വീണക്കും കുരുക്കായ ആര്‍ഒസി ബംഗ്ളൂരുവിന്റെ റിപ്പോര്‍ട്ടില്‍ മരവിപ്പിക്കലിലെ ക്രമക്കേടും രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പനി മരവിപ്പിക്കല്‍ നടപടിക്കായി ആര്‍ഒസിക്ക് സമര്‍പ്പിച്ച രേഖകളില്‍ വീണ വിജയന്‍ അടിമുടി കൃത്രിമം കാണിച്ചെന്നാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്.
മരവിപ്പിക്കലിന് അപക്ഷിക്കാനുള്ള യോഗ്യത എക്സാലോജിക്കിന് ഉണ്ടായിരുന്നില്ല. രണ്ട് വര്‍ഷത്തിനിടയില്‍ ഒരു ഇടപാടും നടത്തിയിട്ടില്ലാത്ത കമ്പനികള്‍ക്ക് മാത്രമാണ് മരവിപ്പിക്കല്‍ അപേക്ഷ നല്‍കാന്‍ സാധിക്കുക. ഇത് മറച്ചുവെച്ചാണ് 2022 ല്‍ കമ്പനി അപേക്ഷ നല്‍കിയത്. 2021ല്‍ മെയ് മാസത്തില്‍ എക്സാലോജിക്ക് ഇടപാട് നടത്തിയതിന് രേഖയുണ്ടെന്ന് ആര്‍ഒസി പരിശോധനയില്‍ കണ്ടെത്തി. തീര്‍പ്പു കല്‍പ്പിക്കാത്ത നിയമ നടപടികളോ നികുതി അടക്കാന്‍ ഉണ്ടെങ്കിലോ മരവിപ്പിക്കലിന് അപേക്ഷിക്കാനാവില്ല. നിയമ നടപടികളില്ലെന്നും, നികുതി ബാക്കിയില്ലെന്നുമാണ് എക്സാലോജിക്ക് നല്‍കിയ രേഖ. എന്നാല്‍ 2021ല്‍ കമ്പനീസ് ആക്ട് പ്രകാരം കമ്പനി ഡയറക്ടര്‍ക്ക് അടക്കം നോട്ടീസ് കിട്ടിയത് എക്സാലോജിക്ക് മറച്ചുവച്ചു.
ആദായ നികുതിയായി 42,38,038 രൂപയും അതിന്റെ പലിശയും എക്സാലോജിക്ക് അടക്കാന്‍ ബാക്കിയുണ്ടായിരുന്നു. ഇതെല്ലാം മറച്ച് വച്ച്, എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്നുളള തെറ്റായ സാക്ഷ്യപത്രങ്ങളാണ് വീണയും എക്സാലോജിക്കും ഹാജരാക്കിയത്. 2022 നവംബറില്‍ കമ്പനി മരവിപ്പിച്ചതിന് ശേഷം സമര്‍പ്പിക്കേണ്ട ങടഇ3 രേഖ ഹാജരാക്കിയതുമില്ല. രേഖകള്‍ കെട്ടിച്ചമതിനും വിവരങ്ങള്‍ തെറ്റിദ്ധരിപ്പിച്ചതിനും, എ്സാലോജിക്കിനും വീണയ്ക്കുമെതിരെ തടവ് ശിക്ഷയും പിഴയും കിട്ടാവുന്ന 447, 448, 449 വകുപ്പുകള്‍ ചുമത്തണമെന്നാണ് റിപ്പോര്‍ട്ട്.
വീണ വിജയന്റെയും കമ്പനിയുടെയും രേഖകള്‍ സാക്ഷ്യപ്പെടുത്തിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കന്തസ്വാമി ത്യാഗഗാജു ഇളയരാജയെയും പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. വീണ നടത്തിയ ക്രമക്കേടുകള്‍ പിഴശിക്ഷയില്‍ ഒതുക്കാവുന്നതല്ലെന്നും പോസിക്യൂട്ട് നപടികള്‍ വേണമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. രേഖകളില്‍ കൃത്രിമം കണ്ടെത്തിയ സാഹചര്യത്തില്‍ കമ്പനി മരവിപ്പിച്ച നടപടി പിന്‍വലിക്കാമെന്നും നിര്‍ദ്ദേശമുണ്ട്.

Latest News