റിയാദ്- സൗദി അറേബ്യയിലെ വിവിധ കമ്പനികളുടെ സി.ഇ.ഒമാരില്‍ ഭൂരിഭാഗവും നിര്‍മിത ബുദ്ധിയും ഓട്ടോമേഷനും തങ്ങളുടെ വ്യാപരത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ ആശങ്കയിലാണെന്ന് സര്‍വേ. ആഗോള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ അലിക്‌സ് പാര്‍ട്‌നേഴ്‌സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം.സൗദി അറേബ്യക്കു പുറമെ, യു.എ.ഇയിലു ഭൂരിഭാഗം സിഇഒമാരും ഇതേ ആശങ്ക പങ്കുവെക്കുന്നു.
യുഎഇ,സൗദി ബിസിനസ് മേധാവികളില്‍ 80 ശതമാനവും തങ്ങളുടെ കമ്പനികളുടെ സാധ്യതകളെക്കുറിച്ച് ശുഭാപ്തി വിശ്വാസികള്‍ തന്നെയാണ്. 85 ശതമാനം മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും പോസിറ്റീവാണ്. അതേസമയം, അവരുടെ കമ്പനികള്‍ക്കു മുന്നില്‍ വില്ലന്‍ നിര്‍മിത ബുദ്ധിയാണ്.
ബിസിനസ് മേധാവികളുടെ ഏറ്റവും പുതിയ ആശങ്കകള്‍ കണ്ടെത്തുന്നതിനായുള്ള അലിക്‌സ് പാര്‍ട്‌ണേഴ്‌സിന്റെ ഡിസ്പ്രഷന്‍ ഇന്‍ഡക്‌സില്‍ ലോകമെമ്പാടുമുള്ള 3,000 സിഇഒമാരും എക്‌സിക്യൂട്ടീവുകളുമാണ് പ്രതികരിച്ചത്.
കഴിഞ്ഞ വര്‍ഷം തങ്ങള്‍ക്ക് ഏറെ തടസ്സങ്ങളുണ്ടായെന്നാണ് യു.എ.ഇ, സൗദി മേഖലയിലെ എക്‌സിക്യൂട്ടീവുകളില്‍ പത്തില്‍ ഏഴു പേരും പ്രതികരിച്ചത്. അതായത് 68 ശതമാനം. തടസ്സങ്ങള്‍ നേരിടുന്നതായി ചൈനക്ക് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ വ്യക്തമാക്കിയത് ഈ മേഖലയിലാണ്.
എ.ഐയും ഓട്ടോമേഷനുമാണ് തങ്ങളുടെ ബിസിനസിനെ ബാധിക്കുന്ന ഏറ്റവും വിനാശകരമായ കാര്യങ്ങളെന്നാണ് ഭൂരിഭാഗം പേരും (87 ശതമാനും) വിശ്വസിക്കുന്നത്. എന്നാല്‍ ആഗോളതലത്തില്‍ ഈ ആശങ്ക പറയുന്നവര്‍ 46 ശതമാനമാണ്.
സാങ്കേതിക മാറ്റങ്ങള്‍ തങ്ങളുടെ തൊഴിലാളികളുടെ കഴിവുകളെ കാലഹരണപ്പെട്ടതാക്കുമെന്ന് വലിയ വിഭാഗം സിഇഒമാര്‍ കരുതുന്നു. ഒട്ടുമിക്ക സ്റ്റാഫുകളുടേയും പരിവര്‍ത്തനം ഊഷ്മളമല്ല.
കമ്പനികള്‍ വേഗത്തിലുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ആശങ്കപ്പെടുന്നവരാണ് 67 ശതമാനം സി.ഇ.ഒമാര്‍. അതേസമയം 60 ശതമാനം തങ്ങളുടെ ബിസിനസ് സജീവമാക്കി മാറ്റുകയോ അടുത്ത വര്‍ഷത്തിനുള്ളില്‍ മാറ്റത്തിന് തയാറെടുക്കുകയോ ചെയ്യുന്നു.
പ്രധാനമായും ജീവനക്കാരുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ തുടരുന്നു. ആഗോള ശരാശരിയായ 58 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാറ്റത്തിന്റെ വേഗത തൊഴിലാളികളുടെ കഴിവുകളെ കാലഹരണപ്പെടുത്തുന്നുവെന്ന് 85 ശതമാനം സിഇഒമാരും പറയുന്നു. മേഖലയില്‍ പത്തില്‍ എട്ടു പേരും (80 ശതമാനം)ജീവനക്കാര്‍ മാറ്റത്തിന് തയ്യാറല്ലെന്ന് സമ്മതിക്കുന്നു. ആഗോളതലത്തില്‍ ഇത് 55 ശതമാനമാണ്. പുതിയ വെല്ലുവിളികള്‍ നേരിടുന്നതിന് യുഎഇയിലെയും സൗദി അറേബ്യയിലെയും കമ്പനി മേധാവികള്‍ മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ സാങ്കേതികവിദ്യയില്‍ നിക്ഷേപം നടത്തുന്നു. അടുത്ത മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ബിസിനസ് വളര്‍ച്ച ഉറപ്പാക്കാന്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്താന്‍ ഏകദേശം 64 ശതമാനം മേധാവികളും പദ്ധതിയിടുന്നു.
സിഇഒമാരില്‍ പകുതിയും പ്രോസസ് ഓട്ടോമേഷനാണ് മുന്‍ഗണന നല്‍കുന്നത്. നടപ്പുവര്‍ഷം അവര്‍ അഭിമുഖീകരിക്കേണ്ട പധാന സാങ്കേതികതയാണിത്.
ജനറേറ്റീവ് എ.ഐയുടെ വളര്‍ച്ച ലോകത്തിലെ പല ബിസിനസ് നേതാക്കള്‍ക്കും ആവേശകരമാകുന്നതോടൊപ്പം ഭയപ്പെടുത്തുന്നതുമാണ്. എന്നാല്‍ ഈ മേഖലയില്‍ കമ്പനികള്‍ ഈ വെല്ലുവിളിയെ മുന്‍ഗണനയായി സ്വീകരിക്കുകയാണെന്ന് അലിക്‌സ് പാര്‍ട്‌ണേഴ്‌സിലെ മിഡില്‍ ഈസ്റ്റ് ലീഡര്‍ ഗബ്രിയേല്‍ ചാഹിന്‍ പറഞ്ഞു.