Sorry, you need to enable JavaScript to visit this website.

എം.ടിയുടെ വിവാദ പ്രസംഗം: ആഭ്യന്തര  വകുപ്പ് രഹസ്യാന്വേഷണം നടത്തി

കോഴിക്കോട്- കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ (കെഎല്‍എഫ്) മുഖ്യാതിഥിയായി പങ്കെടുത്ത എം.ടി.വാസുദേവന്‍ നായരുടെ വിവാദ പ്രസംഗത്തിനു പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടോ എന്ന് ആഭ്യന്തര വകുപ്പ് രഹസ്യാന്വേഷണം നടത്തി. പ്രസംഗത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായാണു സൂചന.
എംടിയുടെ പ്രസംഗം കഴിഞ്ഞയുടനെതന്നെ സംഭവം വിവാദമാകുമെന്നു സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രസംഗം മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സ്പെഷല്‍ ബ്രാഞ്ചിന് ആഭ്യന്തര വകുപ്പിലെ ഉന്നതന്‍ നിര്‍ദേശം നല്‍കിയത്.
ബാഹ്യ ഇടപെടല്‍ ഇല്ലെന്നും, മാത്രമല്ല പഴയ ലേഖനം എംടി ആവര്‍ത്തിക്കുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ട് ചെയ്ത രഹസ്യാന്വേഷണ സംഘം അതു സാധൂകരിക്കാന്‍ ലേഖനം പ്രസിദ്ധീകരിച്ച പഴയ പുസ്തകവും സംഘടിപ്പിച്ചു. റിപ്പോര്‍ട്ട് എഡിജിപി തലത്തില്‍ പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. ജനുവരി 11ന് ലിറ്റററി ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നേതൃപൂജയെയും അധികാരത്തിലെ വഴിതെറ്റലിനെയും കുറിച്ച് എംടി പ്രസംഗിച്ചത്.
എഴുതിത്തയാറാക്കിയ പ്രസംഗം സര്‍ക്കാരിനെതിരായി സംഘാടകരില്‍ ആരെങ്കിലും തയാറാക്കിയതാണോ എന്നുകൂടി ചില കേന്ദ്രങ്ങളില്‍ നിന്നു സംശയം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു അന്വേഷണം.

ഈ വാർത്ത കൂടി വായിക്കാം

സൗദിയിലെ ഭൂരിഭാഗം സി.ഇ.ഒമാരും വലിയ ആശങ്കയിലാണ്; സര്‍വേ ഫലം

Latest News