Sorry, you need to enable JavaScript to visit this website.

ആളില്ലെങ്കില്‍ ഇരിട്ടിയ്ക്ക് ബസ് പോകണ്ട,  തലശ്ശേരിയില്‍ യാത്ര അവസാനിപ്പിക്കൂ-മന്ത്രി 

തിരുവനന്തപുരം-കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാനുള്ള നീക്കവുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഏതെങ്കിലും റൂട്ടില്‍ ആവശ്യത്തിന് യാത്രക്കാരിലെങ്കില്‍ അടുത്ത ദിവസം അതേ സ്ഥലത്തേക്ക് ബസ് പോകേണ്ട കാര്യമില്ലെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. ഇതിന് മന്ത്രി ഉദാഹരണവും നല്‍കി. കോട്ടയം ജില്ലയില്‍ നിന്ന് തലശേരി, ഇരിട്ടി വഴി ചന്ദക്കാംപാറയിലേക്ക് പോകുന്ന ബസില്‍ തലശേരി കഴിഞ്ഞ് ആളില്ലെങ്കില്‍ തുടര്‍ന്ന് യാത്ര പോകേണ്ടതില്ല. ഇരിട്ടയില്‍ ഒരാള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തുവെന്ന ന്യായം പറയേണ്ടതില്ല. അതിന് മുമ്പ് മന്ത്രി പറഞ്ഞത് കെ.എസ്.ആര്‍.ടി.സി ബസ് ഓടുന്ന കിളിക്കൊല്ലൂര്‍ എന്ന സ്ഥലം എവിടെയെന്ന് അറിയാന്‍ തനിക്ക് ഗൂഗിള്‍ തെരയേണ്ടി വന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. താരതമ്യേന ബസ് റൂട്ട് കുറവുള്ള മലബാര്‍ മേഖലയിലെ ബസ് സര്‍വീസുകളെയാണ് മന്ത്രി നോട്ടമിട്ടതെന്നത് വടക്കന്‍ ജില്ലകളിലെ കെ.എസ്.ആര്‍.ടി.സി യാത്രക്കാരില്‍ നീരസം സൃഷ്ടിച്ചിട്ടുണ്ട്. 
കെ എസ് ആര്‍ ടി സി വൈദ്യുത ബസുകള്‍ നഷ്ടത്തിലാണെന്നും പലപ്പോഴും കിട്ടുന്നത് തുച്ഛമായ ലാഭമാണെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു.  കെ എസ് ആര്‍ ടി സി യൂണിയനുകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിക്കവാറും വൈദ്യുതി ബസില്‍ ആളില്ല. പത്തുരൂപ നിരക്കിലാണ് ബസ് ഓടുന്നത്. നൂറുപേര്‍ക്ക് കയറാന്‍ ബസില്‍ സൗകര്യമില്ലെന്നും അങ്ങനെ നിരവധി പേര്‍ കയറിയാല്‍ തന്നെ പത്തുരൂപ വച്ച് എത്ര കിട്ടാനാണെന്നും അദ്ദേഹം ചോദിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നഷ്ടത്തില്‍ ഓടുന്ന മുഴുവന്‍ റൂട്ടുകളും റീഷെഡ്യൂള്‍ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വൈദ്യുതി ബസിന് ദീര്‍ഘദൂര സര്‍വീസ് ഇല്ല. ഈ ബസിന് ഒരു കോടി രൂപയ്ക്ക് അടുത്താണ് വില. ആ പണത്തിന് നാല് ഡീസല്‍ ബസുകള്‍ വാങ്ങാമെന്നും ഗണേഷ് ചൂണ്ടിക്കാട്ടി. വൈദ്യുതി ബസ് എല്ലാവരുടെയും വയറ്റത്താണ് അടിച്ചത്. ഓട്ടോറിക്ഷക്കാരുടെയും വയറ്റത്ത് അടിച്ചു. ഇനി വൈദ്യുതി ബസുകള്‍ വാങ്ങുന്നതിനോട് യോജിപ്പില്ല. അതിനോട് സഹകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇതുകൂടാതെ കെ എസ് ആര്‍ ടി സിയില്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ശമ്പളം ഒന്നിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തെന്നും പുതിയ ബസുകള്‍ സ്വിഫ്റ്റിനു കീഴില്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വേര്‍ ഈസ് മൈ കെ.എസ്.ആര്‍.ടി.സി ആപ്പ് നടപ്പാക്കാന്‍ പദ്ധതിയുണ്ടെന്നും മൂന്ന് മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
 

Latest News