റിയാദ്- സൗദി റിസർച്ച് ആന്റ് മീഡിയ ഗ്രൂപ്പിന്റെ കീഴിയുള്ള പ്രസിദ്ധീകരണങ്ങളിൽ എഡിറ്റർ-ഇൻ-ചീഫ് തലത്തിൽ നിരവധി പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചു.
അറബ് ലോകത്തെ പ്രമുഖ കറന്റ് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്‌സ് മാസികയായ അൽ മജല്ലയുടെ ചീഫ് എഡിറ്ററായി ഇബ്രാഹിം ഹമീദിയെ നിയമിച്ചു. 22 വർഷത്തിലേറെ അനുഭവസമ്പത്തുള്ള അദ്ദേഹം അൽഹയാത്ത് ന്യൂസ്‌പേപ്പറിൽ വിവിധ എഡിറ്റോറിയൽ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2017 മുതൽ, സീനിയർ ഡിപ്ലോമാറ്റിക് എഡിറ്ററായും എഴുത്തുകാരനായും സേവനമനുഷ്ഠിക്കുന്നു.
മലയാളം ന്യൂസ്, ഉർദു ന്യൂസ്, ഇൻഡിപെൻഡന്റ് ഉർദു എന്നിവയുടെ എഡിറ്റോറിയൽ കാര്യങ്ങളുടെ ജനറൽ സൂപ്പർവൈസറായി ഫാഹിം അൽ ഹമീദിനെ നിയമിച്ചു. രാഷ്ട്രീയ പത്രപ്രവർത്തനത്തിൽ മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള അൽഹമീദ് മിഡിൽ ഈസ്റ്റിലെയും ദക്ഷിണേഷ്യയിലെയും കാര്യങ്ങളിൽ വിദഗ്ധനാണ്. നിരവധി രാഷ്ട്രീയ നേതാക്കളുമായും മറ്റ് പ്രമുഖ അന്താരാഷ്ട്ര വ്യക്തികളുമായും ബന്ധമുള്ള മാധ്യമ പ്രവർത്തകനാണ് അദ്ദേഹം.
അൽഇഖ്തിസാദിയയുടെ ആക്ടിംഗ് എഡിറ്റർ ഇൻ ചീഫായി മുഹമ്മദ് അൽബിഷിയെ നിയമിച്ചു. സൗദി അറേബ്യയിലെ ബ്ലൂംബെർഗിനൊപ്പം അശ്ശർഖ് ബിസിനസ്സിന്റെ മാനേജിംഗ് എഡിറ്റർ എന്ന നിലയിലും അദ്ദേഹം തുടരും. ഡിജിറ്റൽ സാമ്പത്തിക വാർത്തകളിൽ ഒന്നാം സ്ഥാനത്തുള്ള ബ്ലൂംബെർഗിനൊപ്പം അശ്ശർഖുൽ ഔസത്ത്, അൽ ഇഖ്തിസാദിയ, അശ്ശർഖ് ബിസിനസ് എന്നിവയിൽ അൽബിഷി വിവിധ എഡിറ്റോറിയൽ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
പ്രമുഖ അന്താരാഷ്ട്ര പാൻഅറബ് പത്രമായ ശർഖുൽഔസത്തിന്റെ ഡെപ്യൂട്ടി എഡിറ്റർ ഇൻ ചീഫായി മുഹമ്മദ് ഹാനിയെ നിയമിച്ചു. അൽഹയാത്തിലും ശർഖുൽഔസത്തിലും വിവിധ എഡിറ്റോറിയൽ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ച ഹാനി അനുഭവ സമ്പത്തുള്ള മാധ്യമ പ്രവർത്തകനാണ്.
സായിദ് ബിൻ കാമിയെ ശർഖുൽഔസത്തിന്റെ ഡെപ്യൂട്ടി എഡിറ്റർ ഇൻ ചീഫായി നിയമിച്ചു. മുമ്പ് അൽ ഇഖ്തിസാദിയയുടെ അസിസ്റ്റന്റ് എഡിറ്റർ ഇൻ ചീഫ് ആയും ശർഖിൽ ഔസത്തിൽ സാമ്പത്തിക വാർത്താ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, 2009-2014 കാലത്ത് ശർഖുൽ ഔസത്തിന്റെ മാനേജിംഗ് എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചു.
നൂർ നുക്‌ലിയെ അറബ് ന്യൂസിന്റെ ഡെപ്യൂട്ടി എഡിറ്റർ ഇൻ ചീഫായി നിയമിച്ചു. 2020ൽ ഫ്രഞ്ച് ഭാഷയിൽ അറബ് ന്യൂസിന്റെ ഡിജിറ്റൽ പതിപ്പ് പുറത്തിറക്കുന്നതിൽ നുക്‌ലി പ്രധാന പങ്ക് വഹിച്ചിരുന്നു. ജോൺ കെറി, ഉക്രേനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ എന്നിവരുൾപ്പെടെ പ്രമുഖ രാഷ്ട്രീയ വ്യക്തികളുമായി അഭിമുഖങ്ങൾ നടത്തിയിട്ടുണ്ട്. നിരവധി ഉന്നതതല ഉച്ചകോടികൾ കവർ ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള നുക്‌ലി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അന്താരാഷ്ട്ര പര്യടനങ്ങളിലെ മാധ്യമ പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു.
ഇൻഡിപെൻഡന്റ് അറേബ്യയുടെ അസിസ്റ്റന്റ് എഡിറ്റർ ഇൻ ചീഫ് ആയി മെയ് അൽഷരീഫ് നിയമിതയായി. റിയാദ് ഓഫീസിലെ സൂപ്പർവൈസിംഗ് മാനേജരായിരുന്നു. എസ്.ആർ.എം.ജി കണ്ടന്റ് ക്രിയേഷൻ ഡിപ്പാർട്ട്‌മെന്റിൽ വിവിധ പ്രോജക്ടുകളും ഡോക്യുമെന്ററികളും തയാറാക്കിയ അൽ ഷരീഫ് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ മേൽനോട്ടവും വഹിച്ചു.
വളർച്ചക്കും പരിവർത്തന തന്ത്രത്തിനും തുടക്കമിട്ട ശേഷം കഴിഞ്ഞ മൂന്ന് വർഷമായി എസ്.ആർ.എം.ജിയുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്നതായി സി.ഇ.ഒ ജുമാന ആർ. അൽറാഷിദ് പറഞ്ഞു. കൃത്യവും ആഴത്തിലുള്ളതും വിശ്വസനീയവും ഉയർന്ന നിലവാരമുള്ളതുമായ ഉള്ളടക്കത്തിനായുള്ള വർധിച്ചുവരുന്ന പ്രേക്ഷകരുടെ ആവശ്യം പരിഹരിക്കുന്നതിനാണ് പുതിയ മാറ്റങ്ങൾ. ആധുനികവും നൂതനവുമായ ഉൽപ്പന്നങ്ങളിലൂടെയും സേവനങ്ങളിലൂടെയും ഗ്രൂപ്പിന്റെ സമ്പന്നമായ പത്രപ്രവർത്തന ചരിത്രത്തെ കൂടുതൽ ഉറപ്പിക്കുക എന്നതാണ് മാറ്റങ്ങളുടെ ലക്ഷ്യമെന്ന് അവർ വ്യക്തമാക്കി.