Sorry, you need to enable JavaScript to visit this website.

മോഡിക്കു മുന്നില്‍ മമ്മൂട്ടി കൈകെട്ടി നിൽക്കുന്ന ചിത്രം പങ്കുവെച്ച് അനാവശ്യ വിവാദം

കൊച്ചി-പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു മുന്നില്‍ മോഹന്‍ലാല്‍ വണങ്ങിയപ്പോള്‍ മമ്മൂട്ടി കൈകെട്ടിനിന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. വേറെ ആളെ നോക്ക് എന്ന കുറിപ്പോടെ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാം ഫേസ് ബുക്കില്‍ ചിത്രം പങ്കുവെച്ചതോടെയാണ് വിവാദത്തിനു തുടക്കമിട്ടത്. ഇതിനു പിന്നാലെ നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് അനാവശ്യ വിവാദം കൊഴുപ്പിച്ചു.
നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുരുവായൂരില്‍ എത്തിയപ്പോഴാണ് ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ അദ്ദേഹത്തെ കണ്ടത്.
മോഡി ക്ഷേത്രത്തില്‍ വെച്ച് വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതും വധൂവരന്‍മാരെ അനുഗ്രഹിക്കുന്നതുമായ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഇതോടൊപ്പമാണ് ചടങ്ങിനെത്തിയ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അതിഥികളെ പ്രധാനമന്ത്രി കാണുന്നതും അവര്‍ക്ക് അക്ഷതം സമര്‍പ്പിക്കുന്നതുമായ ചിത്രങ്ങളും പുറത്തുവന്നത്.
പ്രധാനമന്ത്രിയെ കാണുമ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയും വണങ്ങിയാണ് സംസാരിച്ചത്. എന്നാല്‍ മോഹന്‍ലാല്‍ മാത്രം വണങ്ങുന്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച് സൈബര്‍ ലോകത്ത് തെറ്റായ വ്യാഖ്യാനവും ചര്‍ച്ചയും കൊഴുപ്പിക്കുന്നത്.  മോഹന്‍ലാലുമായി പ്രധാനമന്ത്രി സംസാരിക്കുന്ന സമയത്ത് മമ്മൂട്ടി കൈകെട്ടി നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കിട്ടാണ് ചര്‍ച്ച.

പഴയ കാമുകന്റെ വാക്ക് വിശ്വസിച്ച് ഭര്‍ത്താവിനെ ഒഴിവാക്കി, യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിന് കേസ്

വിമാനത്തിൽ ടോയ്‌ലെറ്റില്‍ കുടുങ്ങി യാത്രക്കാരൻ; ഭയപ്പെടരുതെന്ന് കുറിപ്പ് നൽകി ജോലിക്കാർ

ഈ ചിത്രം പങ്കിട്ട് മമ്മൂട്ടിക്ക് ചിലര്‍ കൈയ്യടിക്കുന്നു. മോഹന്‍ലാല്‍ വണങ്ങും, മമ്മൂട്ടി മോഡിക്ക് മുന്‍പില്‍ വണങ്ങില്ല എന്ന തരത്തിലാണ് വ്യാഖ്യാനം.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിനോടു അനുബന്ധിച്ച് അയോധ്യയില്‍ പൂജിച്ച അക്ഷതമാണ് മോഡി സിനിമാ താരങ്ങള്‍ക്ക് സമ്മാനിച്ചത്.  വര്‍ണക്കടലാസുകൊണ്ടുള്ള പൊതിയും മധുരവുമാണ് മോഡിയുടെ അംഗരക്ഷകരുടെ കൈയില്‍ ഉണ്ടായിരുന്നത്. മോഡി ഓരോരുത്തരെയായി പരിചയപ്പെടുന്ന സമയത്ത് ഈ പൊതിയും മധുരവും നല്‍കി.
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, ഖുശ്ബു എന്നീ താരങ്ങള്‍ക്കും മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത്, മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര എന്നിവര്‍ക്കും മോഡി ഈ പൊതികളും മധുരവും നല്‍കിയിരുന്നു.
മമ്മൂട്ടി മോഡിയെ വണങ്ങുകയും അക്ഷതം സ്വീകരിക്കുകയും ചെയ്തിരുന്നു. അതിന് മുമ്പെടുത്ത ചിത്രത്തിലാണ് മമ്മൂട്ടി കൈകെട്ടി നില്‍ക്കുന്നത്. ഈ ചിത്രമാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്.
മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ചിത്രങ്ങള്‍ പങ്കുവെച്ച് ''വേറെ ആളെ നോക്ക്'' എന്ന ശീതളിന്റെ കുറിപ്പിനു താഴെ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ പ്രതികരിച്ചു. ചില ആളുകള്‍ ഇങ്ങനെയാണ്, പകുതി വിവരങ്ങള്‍ മാത്രം വിഴുങ്ങുകയും നെഗറ്റീവ് മാത്രം ഛര്‍ദിക്കുകയും ചെയ്യുകയാണ് അവരുടെ ജോലി',എന്നായിരുന്നു ഗോകുലിന്റെ കുറിപ്പ്. ഇതിന് താഴെയായി സഹോദരിയുടെ വിവാഹമല്ലേ ഗോകുല്‍ ആഘോഷിക്കൂവെന്ന് ശീതള്‍ മറുപടി നല്‍കി.
ചിലര്‍ തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ചിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നാണ് പലരും ചൂണ്ടിക്കാട്ടി. മമ്മൂട്ടിയും അതേ വേദിയില്‍ മോഡിയെ വണങ്ങുകയും അക്ഷതം സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് കാണിക്കുന്ന ചിത്രങ്ങളും പലരും പങ്കുവെച്ചിട്ടുണ്ട്.

 

Latest News