ജിദ്ദ- ജിദ്ദയിലെ സൗദി വനിത ഇതേവരെ യു.എ.ഇയിൽ പോയിട്ടില്ല. എന്നാൽ ദുബായി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ജൗഹർ അൽ അമൂദിയെ കോടീശ്വരിയാക്കിയിരിക്കുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ വിജയായിരിക്കുകയാണ് ജവഹർ അൽ അമൂദി. പത്തു ലക്ഷം ഡോളറാണ് സമ്മാനത്തുക. ജിദ്ദ ആസ്ഥാനമായുള്ള അഭിഭാഷകയാണ് അൽ അമൂദി.
'എന്റെ വിജയം ദൈവത്തിൽ നിന്നുള്ള അനുഗ്രഹമാണെന്ന് ഞാൻ വിശ്വസിക്കുന്നു, ഭാഗ്യമല്ല. ഇതിനായി ഞാൻ എത്രമാത്രം പ്രാർത്ഥിച്ചുവെന്ന് ദൈവത്തിന് മാത്രമേ അറിയൂവെന്ന് ജൗഹർ പറഞ്ഞു.
ജൗഹർ ഒരിക്കലും യു.എ.ഇ സന്ദർശിച്ചിട്ടില്ലെങ്കിലും ഇനിയൊരിക്കൽ യു.എ.ഇ സന്ദർശിക്കുമെന്നും മുപ്പതുകാരി പറഞ്ഞു.
ഒരു വർഷത്തോളമായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനുകളിൽ ജൗഹർ അൽ അമൂദി പങ്കെടുക്കാറുണ്ട്. 2023 ഡിസംബർ 20-ന്, ദുബായ് ഡ്യൂട്ടി ഫ്രീ 40-ാം വാർഷിക വേളയിലാണ് മില്ലേനിയം മില്യണയർ സീരീസിന് ഓൺലൈനിൽ ടിക്കറ്റ് വാങ്ങിയത്. ഇന്നാണ്(ജനുവരി 17 ബുധൻ) നറുക്കെടുപ്പിന്റെ ഫലം വന്നത്. ജൗഹറിന്റെ ഏറെ നാളത്തെ സ്വപ്നങ്ങളിലൊന്നായിരുന്നു കുടുംബത്തിന് ഒരു വീട് വാങ്ങി അവരുടെ ജീവിതത്തിൽ സന്തോഷം പകരുക എന്നത്. മില്യൺ ഡോളർ സമ്മാനം നേടിയതിലൂടെ തന്റെ സ്വപ്‌നം പൂവണിയുമെന്നും ജൗഹർ പറഞ്ഞു.