മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അധികാര കേന്ദ്രങ്ങൾക്കെതിരെ എം.ടി. വാസുദേവൻ നായർ നടത്തിയ രൂക്ഷമായ വിമർശനം സൃഷ്ടിച്ച അലയൊലികൾ അവസാനിച്ചിട്ടില്ല. സാറാ ജോസഫ്, സക്കറിയ, എൻ.എസ്. മാധവൻ, സാനുമാഷ്, ലീലാവതി ടീച്ചർ തുടങ്ങി എം. മുകുന്ദൻ വരെ നിരവധി എഴുത്തുകാർ തങ്ങളുടേതായ രീതിയിൽ എം.ടിക്കു പിന്തുണയുമായി രംഗത്തു വന്നു. സച്ചിദാനന്ദനെ പോലുള്ള പലരും എം.ടി പറഞ്ഞത് പൊതുവായ വിഷയമാണെന്നു പറഞ്ഞപ്പോൾ അശോകൻ ചരുവിലിനെ പോലുള്ളവർ പതിവുപോലെ പിണറായി പാവമാണ്, എം.ടി ഉദ്ദേശിച്ചത് മോഡിയേയും കേന്ദ്ര ഭരണത്തേയുമാണ് എന്നായിരുന്നു കണ്ടെത്തിയത്.
ആരെങ്കിലും പൊതുവിൽ എഴുത്തുകാരെയാണോ രാഷ്ട്രീയക്കാരെയാണോ കൂടുതൽ ബഹുമാനിക്കുന്നത് എന്നു ചോദിച്ചാൽ രാഷ്ട്രീയക്കാരെ എന്നുത്തരം പറയുന്ന ഒരാളാണ് ഇതെഴുതുന്നത്. അതിനുള്ള പ്രധാനകാരണം മറ്റൊന്നുമല്ല. ഏതു സമയത്തും പബ്ലിക്കിന്റേയും മീഡിയയുടേയും ഓഡിറ്റിംഗിന് വിധേയരാണ് അവർ. മാത്രമല്ല രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ഏതെങ്കിലും തെരഞ്ഞെടുപ്പിന്റെ പേരിൽ ജനങ്ങളെ നേരിട്ട് സമീപിക്കാനും അവർ ബാധ്യസ്ഥരാണ്. തീർച്ചയായും രാഷ്ട്രീയ രംഗം ഇന്ന് ഏറെ ജീർണിച്ചിട്ടുണ്ട്. എന്നാൽ ഏതു രംഗമാണ് അതു പോലെയല്ലാത്തത്? മിക്ക മേഖലകളിലും പൊതുജനത്തിനു ഒരു നിയന്ത്രണവുമില്ല എന്നതുകൂടി പ്രധാനമാണ്. സർക്കാർ ജീവനക്കാാരായാലും അധ്യാപകരായാലും ഡോക്ടർമാരായാലും നീതിന്യായ വ്യവസ്ഥയുടെ ഭാഗമായവരായാലും പോലീസായാലും മീഡിയയായാലും ജീർണതയുടെ പാതകയിൽ തന്നെയാണല്ലോ. എഴുത്തുകാരുടെ അവസ്ഥയും വ്യത്യസ്തമല്ല.
അപ്പോഴും എം.ടി തുടക്കമിട്ട്, പിന്നാലെ മറ്റുള്ളവർ ഏറ്റെടുത്ത വിമർശനങ്ങൾ പ്രസക്തമല്ലാതാകുന്നില്ല. ഇവരെല്ലാം മിക്കവാറും ഇടതുപക്ഷത്തോടൊപ്പം നിന്നവർ തന്നെയാണ്. അതിന്റെ ഗുണഫലങ്ങൾ അനുഭവിച്ചവരുമാണ്. ഉദാഹരണം എം. മുകുന്ദൻ തന്നെ. പിണറായി വിജയനിലാണ് ഇനി കേരളത്തിന്റെ പ്രതീക്ഷ എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ പ്രസ്താവന മറക്കാറായിട്ടില്ലല്ലോ. തുടർന്ന് അദ്ദേഹം സാഹിത്യ അക്കാദമി പ്രസിഡന്റാകുകയും ചെയ്തു. ഇപ്പോഴും മുകുന്ദൻ പറയുന്നത് സംസ്ഥാന സർക്കാർ നല്ല കാര്യങ്ങളും ചെയ്യുന്നുണ്ടെങ്കിലും ചില ഇടർച്ചകൾ ഉണ്ടാകുന്നുണ്ട്, അതിനെ എഴുത്തുകാർ വിമർശിക്കും, വിമർശനത്തോട് സഹിഷ്ണുത കാട്ടണം, എല്ലാ അധികാരികൾക്കും ഇത് ബാധകമാണ്, കിരീടത്തേക്കാൾ ചോരയ്ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പിനെ ഉപയോഗിക്കുക, അധികാരത്തിൽ ഇരിക്കുന്നവർ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണ്, അവർ അവിടെനിന്ന് എഴുന്നേൽക്കില്ല. സിംഹാസനത്തിൽ ഇരിക്കുന്നവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂവെന്നാണ്. ജനങ്ങൾ വരുന്നുണ്ട് മുന്നറിയിപ്പുപോലെ, വ്യക്തിപൂജ പാടില്ലെന്നും ഇ.എം.എസ് നേതൃപൂജകളിൽ ഒന്നും ഉണ്ടായിരുന്നില്ല എന്നിങ്ങനെയാണ്. ഒപ്പം മറ്റൊന്നു കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്യൂണിസം ആകാശത്തിലെ ഒരു അമ്പിളി മാമനെ പോലെ നിൽക്കട്ടെ. ഇടയ്‌ക്കെങ്കിലും അതിനെ നോക്കി ആശ്വസിക്കാമല്ലോ എന്ന്. ഈ തരത്തിലുള്ള മൃദുവായ വിമർശനം പോലും സഹിക്കാനാവാത്തവരാണ് സി.പി.എം നേതാക്കളും അണികളും അവരോടൊട്ടി നിൽക്കുന്ന എഴുത്തുകാരും എന്നതാണ് തമാശ.
വാസ്തവത്തിൽ ഇവരെ പോലെ മൃദുവായല്ലാതെ, രൂക്ഷമായി കമ്യൂണിസ്റ്റ് ആശയങ്ങളേയും പ്രത്യയശാസ്ത്രത്തേയും അതുമായി ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളേയും രൂക്ഷമായി വിമർശിച്ച എത്രയോ പേർ ആഗോളതലം മുതൽ കേരളം വരെ ഉണ്ടായിട്ടുണ്ട്. എങ്ങനെയാണ് കമ്യൂണിസ്റ്റ് പാർട്ടിയും നേതാക്കളും പുത്തൻ വർഗമായി മാറുന്നതെന്ന് എത്രയോ മുമ്പ് മിലോവൻ ജിലാസിനെ പോലുള്ളവർ എഴുതിയിട്ടുണ്ട്. സ്റ്റാലിനിസ്റ്റ് കാലഘട്ടത്തോടെ ലോകമെമ്പാടുമുള്ള വലിയൊരു വിഭാഗം എഴുത്തുകാരും കലാകാരന്മാരും കമ്യൂണിസ്റ്റ് ഫാസിസത്തിനെതിരെ രംഗത്തു വന്നു. അവരിൽ എത്രയോ പേർ കൊല്ലപ്പെട്ടു. എത്രയോ പേർ പലായനം ചെയ്തു. എന്തിനേറെ, കേരളത്തിൽ തന്നെ എം. ഗോവിന്ദൻ, കമ്യൂണിസ്റ്റായി തന്നെ ജീവിച്ച കെ. ദാമോദരൻ, കമ്യൂണിസറ്റ് പാർട്ടികൾക്ക് തീവ്രത പോരാ എന്നു കണ്ടെത്തി നക്‌സലിസത്തിലേക്കു പോകുകയും പിന്നീട് ഒരിക്കലും ജനാധിപത്യത്തെ അംഗീകരിക്കുന്ന ഒന്നായി കമ്യൂണിസ്റ്റ് പാർട്ടികൾക്ക് കഴിയില്ലെന്നു കണ്ടെത്തി പുറത്തു വരികയും ചെയ്ത കെ. വേണു തുടങ്ങി പലരും. കൽപറ്റ നാരായണൻ, സി.ആർ. പരമേശ്വരൻ തുടങ്ങിയ എഴുത്തുകാർ വേറെ. ഇവരാരും ഉന്നയിക്കുന്ന പോലെ ആഴത്തിലുളള വിമർശനമൊന്നുമല്ല, ഒരുപാടുകാലം പാർട്ടിയുടേയും അധികാര കേന്ദ്രങ്ങളുടേയും ലാളനകളെല്ലാം അനുഭവിച്ച എം.ടിയും കൂട്ടരും നടത്തുന്നത്.
വ്യത്യസ്ത അഭിപ്രായങ്ങൾ ഉന്നയിക്കുന്നവരോടും ദളിത് - ഫെമിനിസ്റ്റ് - പരിസ്ഥിതി - ആദിവാസി പ്രസ്ഥാനങ്ങളോടും ജനകീയ പോരാട്ടങ്ങളോടുമെല്ലാം എന്നും പാർട്ടിയും പാർട്ടി നേതൃത്വത്തിലുള്ള സർക്കാരുകളും സ്വീകരിച്ചത് വ്യത്യസ്തമായ നയമായിരുന്നില്ല. ആത്യന്തികമായി ജനാധിപത്യത്തിൽ കമ്യൂണിസ്റ്റ്ുകാർ വിശ്വസിക്കുന്നുമില്ല. പകരം ലക്ഷ്യം ഏകപാർട്ടി ഭരണം തന്നെ. അത്തരമൊരാശയവുമായി എങ്ങനെയാണ് എഴുത്തുകാർക്ക് സഹകരിക്കാനാവുക എന്നത് അത്ഭുതകരമാണ്. എന്നാലതു നടക്കുന്ന പ്രദേശമാണ് കേരളം. ബുദ്ധിജീവികൾ 90 ശതമാനവും തങ്ങൾക്കൊപ്പമാണെന്ന് പി. രാജീവിനു പറയാനാകുന്നത് അതിനാലാണല്ലോ. വരാൻ പോകുന്ന സാഹിത്യ അക്കാദമിയുടെ ആഗോള സാഹിത്യോത്സവത്തിൽ കമ്യൂണിസത്തെയോ പാർട്ടിയെയോ വിമർശിക്കുന്ന ആരേയും പങ്കെടുപ്പിക്കാതിരിക്കാൻ ഭാരവാഹികൾ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് എന്നതും കൂട്ടിവായിക്കാവുന്നതാണ്. അത്തരമൊരവസ്ഥ മാറാൻ എം.ടിയടക്കമുള്ളവരുടെ ഇപ്പോഴത്തെ വാക്കുകൾ സഹായകമാകുമെങ്കിൽ അത്രയും നന്ന്.
വാൽക്കഷ്ണം
സാഹിത്യ അക്കാദമി പ്രസിഡന്റിന്റെ കാലാവധി കഴിഞ്ഞ് പുത്തിറങ്ങുമ്പോൾ എം. മുകുന്ദൻ എഴുതിയ ഒരു കാര്യം ഓർമ വരുന്നു. 'ഞാൻ ലോകത്തെമ്പാടും നിരവധി സാംസ്‌കാരിക സ്ഥാപനങ്ങളിൽ പോയിട്ടുണ്ട്. അവിടങ്ങളിലെ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഏറ്റവും ഉയർന്ന നിലപാടുകളും ചർച്ചകളും കേട്ടത് കേരള സാഹിത്യ അക്കാദമിയുടെ മുറ്റത്തു വന്നിരിക്കുന്നവരിൽ നിന്നാണ്. അകത്തുള്ളവരിൽ നിന്നല്ല എന്നായിരുന്നു അത്. ഒരു പണിയുമില്ലാത്തവർ എന്നാരോപിച്ച് മുറ്റത്തു വന്നിരിക്കുന്നവരെ അതിനനുവദിക്കാതിരിക്കാൻ അക്കാദമി ഉദ്യോഗസ്ഥരും ഭാരവാഹികളും ശ്രമിക്കുമ്പോഴായിരുന്നു അഞ്ചു വർഷത്തെ അനുഭവത്തിനു ശേഷം മുകുന്ദൻ ഇത്തരത്തിൽ എഴുതിയത്. അല്ലെങ്കിലും നിലപാടുകളുള്ളവർ എന്നും അക്കാദമികൾക്കും അധികാര കേന്ദ്രങ്ങൾക്കും പുറത്തായിരിക്കുമല്ലോ.