Sorry, you need to enable JavaScript to visit this website.

മാലദ്വീപ്: വിനോദസഞ്ചാരം പ്രതിസന്ധിയിൽ

ദക്ഷിണേഷ്യയിൽ ടൂറിസം വ്യവസായത്തിലൂടെ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന രാജ്യമാണ് മാലദ്വീപ്. കോവിഡ് മഹാമാരിക്ക് ശേഷം ഇത് കുത്തനെ ഉയർന്നു വരികയായിരുന്നു. 3.42 ബില്യൺ യു.എസ് ഡോളറാണ് 2021വൽ വിനോദ സഞ്ചാര വ്യവസായം നേടിത്തന്നത്. രാജ്യത്തിന്റെ ജിഡിപിയുടെ 56.56 ശതമാനം. തെക്കൻ ഏഷ്യൻ രാജ്യങ്ങളുടെ ആകെ ടൂറിസം വരുമാനത്തിന്റെ 24 ശതമാനം വരുമിത്. 2024 ൽ ഇരുപത് ലക്ഷം ടൂറിസ്റ്റുകളെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ടൂറിസം കഴിഞ്ഞാൽ സമുദ്രോൽപന്ന കയറ്റുമതിയിലൂടെയാണ് വരുമാനമുണ്ടാക്കുന്നത്. 2023 ന്റെ ആദ്യ പാദത്തിൽ  883 മില്യൺ ഡോളറാണ് ടൂറിസം വഴി നേടിയത്. ഇന്ത്യയിൽ നിന്നാണ് ഏറ്റവുമധികം സഞ്ചാരികളെത്തുന്നത്. കഴിഞ്ഞ വർഷം മൂന്ന് ലക്ഷം പേരാണ് ഇന്ത്യയിൽ നിന്നെത്തിയത്. പ്രതിവർഷം രണ്ടു ലക്ഷത്തിനും മൂന്ന് ലക്ഷത്തിനുമിടയിലാണ് ഇന്ത്യയിൽ നിന്നുള്ള വരവ്.  48 വിമാന സർവീസുകൾ ഇന്ത്യയിൽ നിന്ന് ഇവിടേക്ക് സർവീസ് നടത്തുന്നു. ഇൻഡിഗോ-28, വിസ്താരയും സ്‌പൈസ് ജെറ്റും ഏഴ് വീതം, എയർ ഇന്ത്യ ആറ് എന്നിങ്ങനെയാണ് കണക്ക്. മാറിയ സാഹചര്യത്തിൽ വിമാന സർവീസുകൾ തുടരുന്നുണ്ടെങ്കിലും ബുക്കിംഗ് ഗണ്യമായി കുറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കാം

സൗദിയിലെ ഭൂരിഭാഗം സി.ഇ.ഒമാരും വലിയ ആശങ്കയിലാണ്; സര്‍വേ ഫലം


മാലി മന്ത്രിമാർ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അധിക്ഷേപം നടത്തിയതിന് പിന്നാലെയാണ് മാലദ്വീപ് ടൂറിസം പ്രതിസന്ധി നേരിടാൻ തുടങ്ങിയത്. മോഡിക്കെതിരെ മാലദ്വീപ് വനിതാ മന്ത്രി മറിയം ഷിയുന സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസമാണ് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്.  ഒപ്പം സഹമന്ത്രിമാരായ മാൽഷ, ഹസൻ സിഹാൻ എന്നിവരും ഇതേറ്റുപിടിച്ച് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പ്രചരിപ്പിച്ചു.  ഇതിന് പിന്നാലെയാണ് പ്രശ്‌നങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഇക്കാര്യം മാലദ്വീപിലെ മുഹമ്മദ് മുയിസു സർക്കാരിനോട് ഇന്ത്യ ഉന്നയിക്കുകയം ചെയ്തിരുന്നു.  ഉത്തരവാദപ്പെട്ട മന്ത്രിമാർ തന്നെ ഇന്ത്യയെ പ്രകോപിപ്പിച്ചത് മാലദ്വീപ് ടൂറിസത്തിന് ഉണ്ടാക്കുന്ന തിരിച്ചടി ചെറുതാവില്ലെന്നാണ് വിലയിരുത്തൽ.  ഇന്ത്യൻ പ്രധാനമന്ത്രിയെ അപഹസിക്കുന്ന ഭാഷ ഉപയോഗിച്ച മാലദ്വീപ് മന്ത്രിമാരുടെ കസേര പെട്ടെന്ന് തെറിച്ചത് വിഷയത്തെ അവിടത്തെ സർക്കാർ ഗൗരവമായി കണ്ടുവെന്നതിന് തെളിവാണ്.   
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ചൈനയോട് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് മാലദ്വീപ്. ദ്വീപ് രാഷ്ട്രത്തിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ അയക്കാനുള്ള ശ്രമങ്ങൾ തീവ്രമാക്കണമെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയോട് അഭ്യർത്ഥിച്ചു.  ചൈനയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ അദ്ദേഹം ഫുജിയാൻ പ്രവിശ്യയിൽ മാലദ്വീപ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ചൈനയെ മാിദ്വീപിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയെന്ന് വിശേഷിപ്പിച്ചതും ശ്രദ്ധേയമായി. ചൈന തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയും വികസന പങ്കാളികളിൽ ഒന്നാണെന്ന്  അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മഹാസമുദ്ര ദ്വീപിൽ സംയോജിത ടൂറിസം മേഖല വികസിപ്പിക്കുന്നതിനുള്ള 50 മില്യൺ യു എസ് ഡോളറിന്റെ പദ്ധതിയിൽ ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. 
2023-ൽ മാലദ്വീപിലേക്ക് ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയത് ഇന്ത്യയിൽ നിന്നാണ്- 2,09,198 പേർ.  09,146 പേർ എത്തിയ റഷ്യ രണ്ടാം സ്ഥാനത്തും 1,87,118 പേർ എത്തിയ ചൈന മൂന്നാം സ്ഥാനത്തുമാണ്.  
വിവാദം ചൂടുപിടിച്ചതോടെ ഇന്ത്യയിലെ ചലച്ചിത്ര, ക്രിക്കറ്റ് താരങ്ങളടക്കമുള്ളവർ മാലദ്വീപിനെതിരെ രംഗത്തെത്തി. അക്ഷയ് കുമാർ, ജോൺ എബ്രഹാം, ശ്രദ്ധ കപൂർ, സൽമാൻ ഖാൻ, സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ളവർ മാലദ്വീപ് മന്ത്രിയുടെ പരാമർശത്തെ വിമർശിച്ചു. മാലദ്വീപിനേക്കാൾ മനോഹര ഇടമായി ലക്ഷദ്വീപിനെ ഇവരെല്ലാം എടുത്തുകാട്ടി. താരങ്ങളടക്കം ബോയ്‌കോട്ട് മാലദ്വീപ് കാമ്പയിന് പിന്തുണ നൽകിയതോടെ ശരിക്കും വെട്ടിലായിരിക്കുകയാണ് മാലദ്വീപ്.  പല പ്രമുഖരും മാലദ്വീപിൽ തങ്ങൾ അവധി ആഘോഷിക്കാൻ പോകില്ലെന്നും  വ്യക്തമാക്കി. പകരം ലക്ഷദ്വീപ് പോലെ ഇന്ത്യയിൽ തന്നെയുള്ള ടൂറിസം കേന്ദ്രങ്ങളിൽ തങ്ങൾ അവധി ആഘോഷിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ പ്രമുഖ യാത്രാ ബുക്കിംഗ് കമ്പനിയായ ഈസ് മൈ ട്രിപ് മാലദ്വീപിലേക്കുള്ള എല്ലാ വിമാന ബുക്കിംഗുകളും റദ്ദാക്കിയതായി അറിയിച്ചു. കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ നിശാന്ത് പിട്ടിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. രാജ്യത്തിന്റെ ഐക്യദാർഢ്യത്തിനൊപ്പം ചേരുന്നതിന്റെ ഭാഗമായി മാലദ്വീപിലേക്കുള്ള എല്ലാ വിമാന ബുക്കിംഗുകളും താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് നിശാന്ത് പിട്ടി വ്യക്തമാക്കി.
ഇതോടെ ലക്ഷദ്വീപിന്റെ ടൂറിസം സാധ്യത മറ്റൊരു തലത്തിലേക്കാണ് ഉയരുന്നത്. നിരവധി പേർ ലക്ഷദ്വീപിലേക്ക് തിരിക്കാൻ ഒരുങ്ങുകയാണ്. ലക്ഷദ്വീപിലേക്ക് എത്തിച്ചേരാൻ ഒരുപാട് കടമ്പകളും യാത്രദൈർഘ്യവുമുള്ളതിനാൽ അതിന് വേണ്ടിയുള്ള പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണ് ഇന്ത്യ. ഇതിനായി ദ്വീപിൽ പുതിയ വിമാനത്താവളം നിർമിക്കാൻ ഒരുങ്ങുകയാണ്. മിനിക്കോയി ദ്വീപിൽ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ സൈനിക  വിമാനത്താവളം സജ്ജമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രം. ഇവിടെ യാത്ര-ചരക്ക് വിമാന സർവീസിനുള്ള സൗകര്യം കേന്ദ്രം ഉറപ്പ് വരുത്തും. മിലിട്ടറിയുടെ  ഫൈറ്റർ ജെറ്റകുകൾ കൈകാര്യം ചെയ്യുന്നതിനൊപ്പം  കൊമേഴ്‌സ്യൽ വിമാന സർവീസിനുമായി ഒരു സംയുക്ത വിമാനത്താവളം പണി കഴിപ്പിക്കാനാണ് കേന്ദ്രത്തിന്റെ  പദ്ധതി.  
മിനിക്കോയി ദ്വീപിൽ വിമാനത്താവളം അല്ലെങ്കിൽ എയർബേസ് നിർമിക്കാനുള്ള പദ്ധതി കുറച്ചു കാലമായി കേന്ദ്രത്തിന് മുന്നിലുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ പദ്ധതി വേഗം പൂർത്തീകരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. മിനിക്കോയിൽ വിമാനത്താവളം വന്നാൽ ലക്ഷദ്വീപിന്റെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവാണ് ലഭിക്കുക. ലക്ഷദ്വീപിൽ ആകെയുള്ള വിമാനത്താവളം അഗത്തി ദ്വീപിലാണ്.  അവിടെ ചെറിയ വിമാനങ്ങൾക്ക് മാത്രമേ ഇറങ്ങാൻ സാധിക്കൂ. ലക്ഷദ്വീപിലേക്കുള്ള മിക്ക യാത്രികരും കൊച്ചിയിൽ എത്തി കപ്പൽ മാർഗം 14-18 മണിക്കൂർ യാത്ര ചെയ്താണ് ലക്ഷദ്വീപിലേക്ക് എത്തിച്ചേരുക.
ലോകമെമ്പാടുമുള്ള ആളുകൾക്ക് ഇഷ്ടപ്പെട്ട ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ലക്ഷദ്വീപ്. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമാണിത്. 36 മനോഹരമായ ദ്വീപുകളും ജലാശയങ്ങളും പച്ചപ്പും കൊണ്ട് സമ്പന്നമാണ്. ലക്ഷദ്വീപ് സന്ദർശിക്കുന്നതിന് പ്രത്യേക പെർമിറ്റ് ആവശ്യമാണ്. അവിടെ താമസമില്ലാത്ത ആളുകൾക്ക് ലക്ഷദ്വീപ് സന്ദർശിക്കാൻ യോഗ്യതയുള്ള അധികാരി നൽകുന്ന പെർമിറ്റ് നേടിയിരിക്കണം.
ബംഗളൂരു, ചെന്നൈ, കൊച്ചി എന്നിവയുൾപ്പെടെയുള്ള ചില ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ലക്ഷദ്വീപിലേക്ക് നേരിട്ട് വിമാന സർവീസ് ഉണ്ട്.  സർക്കാർ ബീച്ച് ഹട്ടുകൾ മുതൽ പരിസ്ഥിതി സൗഹൃദ കോട്ടേജുകൾ, ചില പ്രദേശങ്ങളിൽ സ്വകാര്യ റിസോർട്ടുകൾ ഉൾപ്പെടെ ലക്ഷദ്വീപിൽ താമസിക്കാൻ നിരവധി സ്ഥലങ്ങളുണ്ട്. ടാറ്റാ ഗ്രൂപ്പ് ലക്ഷദ്വീപിൽ പുതിയ ടൂറിസം പ്രോജക്റ്റുമായി രംഗത്തെത്തിയിട്ടുണ്ട്. 

Latest News